തിരുവനന്തപുരം: സ്ത്രീ, പുരുഷന്‍ എന്നതു പോലെ ട്രാന്‍സ്ജെന്‍ഡര്‍ എന്ന ഇംഗ്ലീഷ് പദത്തിനു തത്തുല്യമായ പദം മലയാളത്തിലില്ല. ഈ സാഹചര്യത്തില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്കു മാന്യമായ പദവി നല്‍കാനുതകുന്ന, അവരെ അഭിസംബോധന ചെയ്യാന്‍ പര്യാപ്തമായ പദം കണ്ടെത്താന്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ശ്രമമാരംഭിച്ചു.

പദനിര്‍ദേശത്തിനായി മത്സരം നടത്തുകയാണു ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്. ഇതുവഴി ലഭിക്കുന്ന പദങ്ങളില്‍നിന്ന് ഉചിതമായതു ഭാഷാവിദഗ്ധരുടെ സമിതി കണ്ടെത്തും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പദങ്ങള്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന് അയച്ചുനല്‍കണം. [email protected] എന്ന ഇ-മെയിലിലേക്കാണ് പദങ്ങള്‍ അയയ്‌ക്കേണ്ടത്. അയയ്ക്കുന്നവരുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്ബര്‍ വ്യക്തമാക്കണം. പദങ്ങള്‍ ജൂലൈ 14നകം അയയ്ക്കണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ട്രാന്‍സ്‌ജെന്‍ഡര്‍ എന്നതിനു പകരമായി ഭിന്നലിംഗം, ഭിന്നലിംഗത്വം എന്നൊക്കെ ചിലരെങ്കിലും ഉപയോഗിക്കാറുണ്ടെങ്കിലും ഇതിനു ഭാഷാ വിദഗ്ധര്‍ക്കിടയില്‍ സ്വീകരാര്യതയില്ല. അതുകൊണ്ടു തന്നെ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന പദമാണു പൊതുവെ ഉപയോഗിച്ചു വരുന്നത്. ഈ സാഹചര്യത്തിലാണു ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശ്രമം.

“ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന ഇംഗ്ലീഷ് പദത്തിനു മലയാള വാക്കില്ല. ആകെ നമുക്കുള്ളത് സംസ്‌കൃതത്തിലെ ‘ഭിന്നലിംഗത്വം’ എന്നതാണ്. ഭിന്നം എന്നതിന് ‘എതിര്‍’ എന്നും വ്യത്യസ്ഥം എന്നും അര്‍ത്ഥമുണ്ട്. മലയാളത്തില്‍ ഈ രണ്ടു രീതിയിലും ഈ വാക്ക് ഉപയോഗിച്ചിട്ടുണ്ട്. അതായത് എതിര്‍ലിംഗത്തോട് താല്‍പ്പര്യമുള്ളവര്‍ എന്ന അര്‍ത്ഥത്തിലും സാധാരണയില്‍ നിന്നും വ്യത്യസ്തമായ ലൈംഗികതാല്പര്യമുള്ളവര്‍ എന്ന അര്‍ത്ഥത്തിലും. അതിനാല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന പദം തന്നെ മലയാളത്തിലും ഉപയോഗിക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്,” എന്നാണ് സാമൂഹ്യനീതി വകുപ്പ് 2017ല്‍ പ്രസിദ്ധീകരിച്ച ‘ട്രാന്‍സ്‌ജെന്‍ഡര്‍ അവകാശങ്ങളും ക്ഷേമപരിപാടികളും’ എന്ന പുസ്തകത്തില്‍ പറയുന്നത്.

രാജ്യത്ത് ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ നയം രൂപീകരിച്ച സംസ്ഥാനമാണു കേരളം. സമത്വം, ആവിഷ്‌കാര സ്വാതന്ത്ര്യം, അന്തസോടെ ജീവിക്കല്‍, വികസനകാര്യങ്ങളില്‍ തുല്യ പങ്കാളിത്തം എന്നിവയ്ക്ക് ഈ വിഭാഗത്തിനുള്ള അവകാശം ലക്ഷ്യമിട്ടാണു ട്രാന്‍സ്‌ജെന്‍ഡര്‍ നയം സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക