അടിമാലി: ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സഹയാത്രികനെ യുവാവ് രാത്രിയില്‍ നടുറോഡില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. അപകടത്തില്‍ നട്ടെല്ലിന് പരിക്കേറ്റ യുവാവ് മരിച്ചു. പുത്തന്‍പുരയ്ക്കല്‍ ചന്ദ്രനാണു (45) ദാരുണമായി വഴിയില്‍ കിടന്നു മരിച്ചത്. സുഹൃത്തായ ചെങ്കുളം നാലാനിക്കല്‍ ജിമ്മി കുര്യാക്കോസിനെ (28) പോലീസ് അറസ്റ്റ് ചെയ്തു.

ബേക്കറി ജീവനക്കാരനായ ചന്ദ്രന്റെ മൃതദേഹം ബുധനാഴ്ച രാവിലെയാണു ചെങ്കുളത്തിനു സമീപം റോഡരികില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. അന്വേഷണത്തില്‍ ചൊവ്വാഴ്ച രാത്രി സംഭവ സ്ഥലത്ത് ജിമ്മിയുടെ ബൈക്ക് നിര്‍ത്തിയിരിക്കുന്നതു വഴിയാത്രക്കാര്‍ കണ്ടിരുന്നെന്ന് വ്യക്തമായി. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയില്‍ എടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണു പങ്ക് വ്യക്തമായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൊലീസ് പറയുന്നത് ഇങ്ങനെയാണ്. ചെങ്കുളത്തു വച്ചു ചൊവ്വാഴ്ച രാത്രി 9.30ന് ജിമ്മിയുടെ ബൈക്കിനു സുഹൃത്ത് ചന്ദ്രന്‍ കൈ കാണിച്ചു. ആനച്ചാലിലേക്കു പോകും വഴി ചെങ്കുളത്തിനടുത്തു വച്ചു ബൈക്ക് മറിഞ്ഞു. നൂലാമാലകളില്‍ നിന്നൊഴിവാകാന്‍ റോഡരികിലേക്കു ചന്ദ്രനെ മാറ്റി കിടത്തിയ ശേഷം ജിമ്മി സ്ഥലംവിട്ടു. പിറ്റേന്നാണു മരിച്ച വിവരം അറിഞ്ഞതെന്നു ജിമ്മിയുടെ മൊഴിയില്‍ പറയുന്നു.

വീഴ്ചയില്‍ ചന്ദ്രന്റെ നട്ടെല്ലിനു ക്ഷതമേറ്റതാണു മരണകാരണം. അപകടം നടന്ന സമയത്ത് ചന്ദ്രനെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കുറ്റകരമായ നരഹത്യയ്ക്കു കേസ് റജിസ്റ്റര്‍ ചെയ്തു ജിമ്മിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

അതുമൊരു ജീവന്‍; കയ്യൊഴിയരുത്

  • പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നവരെയും രക്ഷാപ്രവര്‍ത്തകരെയും അകാരണമായി ബുദ്ധിമുട്ടിക്കരുതെന്നാണു പൊലീസിനുള്ള നിര്‍ദേശം.
  • അപകടത്തില്‍പെടുന്നവരെ നിയമപ്രശ്നങ്ങള്‍ ഭയന്ന് കയ്യൊഴിയരുത്.
  • അപകടങ്ങളില്‍ പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നവര്‍ക്കു കാഷ് അവാര്‍ഡ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമുണ്ട്. ഇത് ഓരോരുത്തരുടെയും കടമയാണെന്നു മനസ്സിലാക്കുക.
  • പൊലീസ് സഹായത്തിന് 100, 112 നമ്ബറുകളില്‍ വിളിക്കാം.
  • ദേശീയപാതയില്‍ ഹൈവേ ഹെല്‍പ് ലൈന്‍ നമ്ബറായ 9846100100ല്‍ വിളിക്കാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക