കായംകുളം: ചേപ്പാട് ഗ്രാമപ്പഞ്ചായത്ത് 9–ാം വാർഡിലെ ചാമ്പക്കണ്ടത്തിൽ പട്ടികജാതി കോളനി നിവാസികളും പൊലീസുമായുണ്ടായ സംഘർഷത്തിൽ സ്ത്രീകളടക്കം 3 പേർക്കു പരുക്ക്. ശ്രീരാഗത്തിൽ രാഗിണി (55), മകൻ അനുരാജ് (25), ഭർതൃസഹോദര പുത്രി ശരത് ഭവനത്തിൽ ശ്രുതി ബാബു (24) എന്നിവർക്കാണു പരുക്കേറ്റത്.

ഇവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസിനെ ആക്രമിച്ചതായി ആരോപിച്ച് കോളനി നിവാസികളായ ശരത് ഭവനത്തിൽ അജിത് ബാബു (30), സഹോദരൻ ശരത് ബാബു (27), 10–ാം വാർഡിൽ ചേരിയിൽ പുത്തൻവീട്ടിൽ വിശ്വപ്രസാദ് (32) എന്നിവരെ കരീലക്കുളങ്ങര പൊലീസ് അറസ്റ്റു ചെയ്തു. പിന്നീട് ഇവരെ റിമാൻഡ് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജനങ്ങൾക്കെതിരെ പൊലീസ് ജാതീയ പരാമർശം നടത്തിയെന്ന ആരോപണത്തിൽ സംസ്ഥാന പട്ടികജാതി പട്ടികവർഗ കമ്മിഷൻ ചെയർമാൻ ബി.എസ്.മാവോജി പൊലീസിനോട് റിപ്പോർട്ട് തേടി. ശനിയാഴ്ച അർധരാത്രിയിലാണു സംഭവം. അനുരാജും ഒപ്പം ജോലി ചെയ്യുന്ന മോൻസിയും അനുരാജിന്റെ വീടിനു വെളിയിൽ നിന്നു സംസാരിക്കുമ്പോൾ പട്രോളിങ്ങിനെത്തിയ പൊലീസ് സംഘം ഇവരെ ചോദ്യം ചെയ്തു. തന്റെ വീടാണെന്നതിനു തെളിവ് ചോദിച്ച പൊലീസിനോട് രക്ഷിതാക്കൾ അകത്തുണ്ടെന്നു മറുപടി പറഞ്ഞ അനുരാജിന്റെ ബൈക്കിന്റെ താക്കോൽ പൊലീസ് ഊരി മാറ്റിയതോടെയാണ് സംഘർഷം തുടങ്ങിയതെന്നു നാട്ടുകാർ ആരോപിക്കുന്നു.

സംഘർഷം തടയാൻ ശ്രമിച്ച അനുരാജിന്റെ അമ്മ രാഗിണിയെ പൊലീസ് തള്ളിവീഴ്ത്തി. കായംകുളം ഡിവൈഎസ്പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘമെത്തി സ്ത്രീകളടക്കമുള്ളവരെ കയ്യേറ്റം ചെയ്തതായും പൊലീസുകാർ മദ്യപിച്ചിരുന്നതായും ഇവർ ആരോപിച്ചു. എന്നാൽ സംശയാസ്പദമായി നിൽക്കുന്ന കണ്ട് ചോദ്യം ചെയ്തപ്പോൾ പ്രതികൾ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. വീട് ചോദിച്ചപ്പോൾ മോശമായി പെരുമാറി. ജീപ്പിന്റെ താക്കോൽ ഊരാനും ശ്രമിച്ചു. ഡ്യൂട്ടി തടസ്സപ്പെടുത്തിയപ്പോഴാണ് കൂടുതൽ പൊലീസ് എത്തിയത്. മദ്യപിച്ച് ആക്രമിക്കാൻ ശ്രമിച്ചവരെ കസ്റ്റഡിയിലെടുക്കുന്നത് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ തടയാൻ ശ്രമിച്ചതായും പൊലീസ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക