ആലുവ: ബലം പ്രയോഗിച്ച്‌ രണ്ട് മക്കളെ പുഴയിലെറിഞ്ഞശേഷം പിതാവ് ആത്മഹത്യചെയ്ത സംഭവം നേരില്‍ കണ്ടതിന്റെ നടുക്കത്തിലാണ് തായിക്കാട്ടുകര സ്വദേശി ആകാശും അശോകപുരം സ്വദേശി ആന്റണിയും. രക്ഷാപ്രവര്‍ത്തനത്തിനായി അവിടെയുണ്ടായിരുന്നവരെ വിളിച്ചുകൂട്ടിയിട്ടും ആരെയും രക്ഷിക്കാന്‍ കഴിയാത്തതിന്റെ വിഷമത്തിലാണ് ഇരുവരും.

വൈകിട്ട് നാലോടെയാണ് ആകാശും ആന്റണിയും പാലസ് റോഡിലെ ഗോപൂസ് ടീ ഷോപ്പില്‍ ചായ കുടിക്കാനെത്തിയത്. ഇതിനിടയില്‍ ഇവിടെ രണ്ട് മക്കളുമായി പിതാവ് എത്തിയിരുന്നു. പിന്നീട് അവര്‍ കൊട്ടാരക്കടവിലേക്ക് പോകുന്നതും ശ്രദ്ധയില്‍പ്പെട്ടു. പത്ത് മിനിറ്റിന് ശേഷം ആകാശും ആന്റണിയും പാലത്തിന് സമീപമെത്തിയപ്പോഴും മൂവരും സംസാരിച്ച്‌ പാലത്തിലൂടെ നടക്കുന്നുണ്ടായിരുന്നു. പാലത്തിലൂടെ മണപ്പുറം ഭാഗംവരെ പോയി തിരിച്ചെത്തിയ അച്ഛനും മക്കളും പാലത്തിന്റെ മദ്ധ്യഭാഗത്ത് നിന്നു. ഈ സമയവും ആകാശും ആന്റണിയും കൊട്ടാരക്കടവില്‍ പാലംതുടങ്ങുന്ന ഭാഗത്ത് നില്‍ക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനിടയില്‍ വെള്ളത്തിലേക്ക് എന്തോ വീഴുന്ന ശബ്ദം കേട്ട് ഇരുവരും നോക്കുമ്ബോള്‍ പെണ്‍കുട്ടിയെ പുഴയിലേക്ക് ബലം പ്രയോഗിച്ച്‌ തള്ളിയിടാന്‍ ശ്രമിക്കുന്നത് കണ്ടു. ഇരുവരും ഓടിയെത്തുന്നതിന് മുമ്ബേ മകളെ മറിച്ചിട്ടശേഷം പിതാവും പുഴയിലേക്ക് ചാടിയിരുന്നു. ആദ്യം ശബ്ദം കേട്ടത് മകനെ എറിഞ്ഞതാണെന്ന് അപ്പോഴാണ് ഇരുവര്‍ക്കും മനസിലായത്. ഉടന്‍ മണപ്പുറം ഭാഗത്തേക്ക് പോയി അവിടെയുണ്ടായിരുന്നവരോട് വിവരം പറഞ്ഞു. അവരാണ് മുനിസിപ്പല്‍ പാര്‍ക്ക് ഭാഗത്തുനിന്നും പെണ്‍കുട്ടിയെയും പിന്നാലെ ശ്രീകൃഷ്ണ ക്ഷേത്രക്കവില്‍നിന്ന് ആണ്‍കുട്ടിയെയും കരയ്ക്ക് കയറ്റിയത്. രണ്ട് പേരെയും കരയ്ക്കെത്തിച്ചപ്പോഴേക്കും 20 മിനിറ്റോളം പിന്നിട്ടിരുന്നു.

തായിക്കാട്ടുകര എസ്.എന്‍ പുരം കൂവക്കാട്ടില്‍ ആകാശ് പഠനശേഷം ജോലിക്കായി ശ്രമിക്കുകയാണ്. ആന്റണി ആലുവ ഫെഡറല്‍ ബാങ്കില്‍ ഓപ്പറേഷന്‍ വിഭാഗം ജീവനക്കാരനാണ്.

 പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത് പാലസ് മാനേജര്‍

പുഴയില്‍ നിന്ന് കരയ്ക്കെത്തിച്ച പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത് ആലുവ പാലസ് മാനേജര്‍ ജോസഫ് ജോണാണ്. കുട്ടികളെ പുഴയിലേക്ക് എറിഞ്ഞശേഷം ഒരാള്‍ ചാടുന്നത് പാലസില്‍നിന്ന് ജീവനക്കാര്‍ കണ്ടിരുന്നു. ഇവര്‍ മതില്‍ ചാടിയെത്തിയപ്പോഴേക്കും കുട്ടികള്‍ മുങ്ങിത്താണിരുന്നു. ഓടിയെത്തിയവര്‍ ആദ്യം കരയ്ക്കെത്തിച്ചത് പെണ്‍കുട്ടിയെയാണ്. ഈ സമയം പൊലീസോ ഫയര്‍ഫോഴ്സോ എത്തിയിരുന്നില്ല. പാലസ് മാനേജര്‍ തിരികെ മതില്‍ ചാടിക്കടന്ന് സ്വന്തം കാറുമായി വന്നാണ് പെണ്‍കുട്ടിയെ കാറില്‍ കയറ്റി ജില്ലാ ആശുപത്രിയിലേക്ക് പാഞ്ഞത്. കൂടെ പാലസിലെ കരാര്‍ ജീവനക്കാരായ ജിനുവും ദിലനുമുണ്ടായിരുന്നു. ആശുപത്രിയിലെത്തിച്ചിട്ടും രക്ഷപ്പെടുത്താന്‍ കഴിയാത്തതിന്റെ സങ്കടത്തിലാണ് മൂവരും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക