ധാക്ക: സിനിമാ രംഗങ്ങളെ വെല്ലുന്ന പ്രണയകഥയുമായി അക്ഷരാര്‍ത്ഥത്തില്‍ ‘കടല്‍ കടന്ന്’ ബംഗ്ളാദേശി യുവതി. ഇന്ത്യയിലെ കാമുകനെ കാണാനും വിവാഹം ചെയ്യാനുമാണ് ഇവര്‍ എത്തിച്ചേര്‍ന്നത്. 22കാരിയായ യുവതി ഇന്ത്യയില്‍ നിന്നുള്ള കാമുകനെ വിവാഹം കഴിക്കാന്‍ അതിര്‍ത്തി കടക്കുകയായിരുന്നു. സുന്ദര്‍ബനിലെ വനങ്ങളെ ധൈര്യപൂര്‍വം മറികടന്ന്, ഒരു മണിക്കൂര്‍ കൊണ്ട് നീന്തി ഇന്ത്യയില്‍ പ്രവേശിച്ച്‌ യുവതി തന്റെ പ്രിയതമനുമായി ഒന്നിച്ചു.

കൃഷ്ണ മണ്ഡല്‍ എന്ന ബംഗ്ലാദേശി യുവതിയാണ് അഭിക് മണ്ഡലിനെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്തത്. കൃഷ്ണയുടെ കൈവശം പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ അവര്‍ അനധികൃതമായി അതിര്‍ത്തി കടക്കാന്‍ തീരുമാനിക്കുകയായിരുന്നു. റോയല്‍ ബംഗാള്‍ കടുവകള്‍ക്ക് പേരുകേട്ട സുന്ദര്‍ബന്‍സിലേക്കാണ് കൃഷ്ണ ആദ്യം പ്രവേശിച്ചതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. തുടര്‍ന്ന് നദിയില്‍ ഒരു മണിക്കൂറോളം നീന്തിയാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൂന്ന് ദിവസം മുമ്പ് കൊല്‍ക്കത്തയിലെ കാളിഘട്ട് ക്ഷേത്രത്തില്‍ വെച്ച്‌ കൃഷ്ണയും അഭിക്കും വിവാഹിതരായി. എന്നാല്‍, നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചതിന് തിങ്കളാഴ്ച യുവതിയെ അറസ്റ്റ് ചെയ്തു. കൃഷ്ണയെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് കൈമാറിയേക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഈ വര്‍ഷമാദ്യം ഒരു ബംഗ്ലാദേശി കൗമാരക്കാരന്‍ ഇന്ത്യയില്‍ നിന്ന് ചോക്ലേറ്റ് വാങ്ങാന്‍ അതിര്‍ത്തി കടന്നിരുന്നു.

എമാന്‍ ഹൊസൈന്‍ എന്ന ബാലന്‍, ഒരു ചെറിയ നദി നീന്തിക്കടന്ന് വേലിയുടെ വിടവിലൂടെ അതിര്‍ത്തി കടന്ന് തന്റെ പ്രിയപ്പെട്ട ചോക്ലേറ്റ് ബാര്‍ സ്വന്തമാക്കി. കൗമാരക്കാരനെ ലോക്കല്‍ പോലീസിന് കൈമാറി. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് കുട്ടിയെ 15 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞ വര്‍ഷം മറ്റൊരു സംഭവമുണ്ടായിട്ടുണ്ട്. വിസ ലഭിക്കുന്നത് തടസ്സമായപ്പോള്‍, ഒരു ബംഗ്ലാദേശി യുവതി തന്റെ ചികിത്സയ്ക്കായി രാജ്യാന്തര അതിര്‍ത്തി കടക്കാന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ ബിഎസ്‌എഫ് പിടികൂടിയപ്പോള്‍, പ്രോസിക്യൂട്ട് ചെയ്യുന്നതിനുപകരം, സൗഹാര്‍ദ്ദത്തിന്റെ രൂപമായി ബോര്‍ഡര്‍ ഗാര്‍ഡ് ബംഗ്ലാദേശിന് (ബിജിബി) അവരെ കൈമാറുകയായിരുന്നു. ദക്ഷിണ ബംഗാള്‍ അതിര്‍ത്തിക്ക് കീഴിലുള്ള ബിഎസ്‌എഫ് ജവാന്‍മാര്‍ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയുടെ അതിര്‍ത്തി പ്രദേശത്ത് അനധികൃതമായി ഇന്ത്യന്‍ പ്രദേശത്തേക്ക് കടക്കുന്നതിനിടെ ബംഗ്ലാദേശി യുവതിയെ പിടികൂടുകയായിരുന്നു. ബംഗ്ലാദേശിലെ നൗഗാവ് ജില്ലയില്‍ താമസിക്കുന്ന 33 കാരിയായ സ്ത്രീയാണ് അതിര്‍ത്തി കടന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക