പത്തനംതിട്ട : പമ്ബയാറിലെ മണ്‍പുറ്റ് നീക്കം ചെയ്യുന്നതിന്റെ മറവില്‍ നടക്കുന്ന മണല്‍ക്കൊള്ള അവസാനിപ്പിക്കാന്‍ നടപടിയെടുക്കാതെ അധികൃതര്‍ മൗനവ്രതത്തില്‍. മണ്‍പുറ്റ് നീക്കാന്‍ കരാറെടുത്തവര്‍ നദിയിലെ മണല്‍ ഖനനം ചെയ്ത് കടത്തുകയാണ്. ഇതിനകം കോടികള്‍ വിലയുള്ള മണല്‍ രാത്രിയും പകലുമായി കടത്തിയെന്നാണ് ആക്ഷേപം.

പഞ്ചായത്തുകളെ അറിയിക്കാതെയും ജനകീയ സമിതികള്‍ രൂപീകരിക്കാതെയും നടത്തുന്ന മണല്‍ ഖനനത്തിന് പിന്നില്‍ ജില്ലയ്ക്ക് പുറത്തുമുള്ള ലോബികള്‍ പ്രവര്‍ത്തിക്കുന്നതായാണ് സൂചന. നദിയുടെ കരകളിലുള്ള മണ്‍ പുറ്റ് നീക്കാന്‍ മാത്രം ചുമതലപ്പെട്ടവര്‍, നദിയില്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച്‌ ട്രഡ്ജിംഗ് നടത്തിയാണ് മണല്‍ കടത്തുന്നത്. അയിരൂര്‍, ചെറുകോല്‍, തോട്ടപ്പുഴശേരി, പുല്ലാട്, കീഴുകര, ഇടപ്പാവൂര്‍ ഭാഗങ്ങളില്‍ നിന്നാണ് വ്യാപകമായി മണല്‍ കടത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രളയത്തില്‍ അടിഞ്ഞ ചെളിയും മണ്ണും നീക്കുന്നതിന്റെ മറവില്‍ നദിയില്‍ ആഴത്തില്‍ ഖനനം നടക്കുന്നത് നാട്ടുകാര്‍ ആദ്യമായാണ് കാണുന്നത്. മുന്‍ വര്‍ഷങ്ങളില്‍ മണ്‍പുറ്റ് നീക്കം ചെയ്യുന്നതിന് യന്ത്രങ്ങളുമായി നദിയില്‍ ഇറങ്ങിയിരുന്നില്ല. ജെ.സി.ബി ഉപയോഗിച്ച്‌ മണ്‍പുറ്റ് നീക്കമാണ് പ്രധാനമായും നടന്നിരുന്നത്. നദിയില്‍ ആഴം കൂട്ടേണ്ട ചില ഭാഗങ്ങളില്‍ ഇറങ്ങി മണ്ണും മണലും കോരി കരയ്ക്കിടുകയാണ് ചെയ്തിരുന്നത്. നദിയുടെ വീതി കുറയുന്ന ഭാഗങ്ങളിലെ മണ്‍പുറ്റ് നീക്കം ചെയ്യല്‍, പ്രളയത്തില്‍ അടിഞ്ഞ തടിയും അവശിഷ്ടങ്ങളും നീക്കം ചെയ്യല്‍ തുടങ്ങിയവയ്ക്കായിരുന്നു ഇറിഗേഷന്‍ വകുപ്പ് അനുമതി നല്‍കിയത്. ഇതിന്റെ മറവിലാണ് മണല്‍ ഖനനം.

മണ്‍പുറ്റ് നീക്കലിന്റെ മറവില്‍ മണല്‍ ഖനനം
പമ്ബാനദിയുടെ ആരോഗ്യം നശിപ്പിച്ച്‌ നാല് പതിറ്റാണ്ടായി ഖനനം നടക്കുകയാണ്. മണല്‍ വാരല്‍ നിരോധിച്ച സമയങ്ങളിലും ഇരുളിന്റെ മറവില്‍ ഖനനം നടുന്നു. ഇപ്പോള്‍ മണ്‍പുറ്റ് നീക്കം ചെയ്യലിന്റെ മറവിലാണ് മണല്‍ ലോബികള്‍ ശക്തി പ്രാപിക്കുന്നത്. അയിരൂര്‍, ആറന്മുള, ഇടയാറന്മുള, ആറാട്ടുപുഴ മേഖലയിലും ചെങ്ങന്നൂരിന് സമീപത്തുമാണ് മണല്‍ഖനനം ഏറെ നടന്നത്. നദിയിലെ മണല്‍ പൂര്‍ണമായും നീക്കം ചെയ്തു എന്നതു മാത്രമല്ല നദി കുഴിഞ്ഞതോടെ ജലം ആ ഭാഗത്തേക്ക് കേന്ദ്രീകരിക്കുകയും പുഴയുടെ വീതി കുറയുകയും ചെയ്യാന്‍ ഇത് കാരണമായി. അടിത്തട്ട് താഴ്ന്നതോടെ വേനല്‍കാലത്ത് ജലം വഴിമാറി ഒഴുകാനും തുടങ്ങി. തീരങ്ങളിലെ കിണറുകളില്‍ പോലും വെള്ളമില്ലാത്ത അവസ്ഥയ്ക്ക് ഇത് വഴിതെളിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക