ചെന്നൈ: കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന കുട്ടികളെയെല്ലാവരെയും കുറ്റവാളികളായി മുദ്രകുത്താനാവില്ലെന്നും ചിലപ്പോഴെങ്കിലും അവര്‍ സാമൂഹിക വ്യവസ്ഥയുടെ ഇരകളാണെന്നും മദ്രാസ് ഹൈക്കോടതി (Madras High Court). 17കാരി പെണ്‍കുട്ടി ഗര്‍ഭിണിയായ കേസില്‍ 15കാരന് വിധിച്ച ശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള വിധിപ്രസ്താവത്തിലാണ് ജസ്റ്റിസ് എ ഡി ജഗദീഷ് ചന്ദ്ര ഈ നിരീക്ഷണം നടത്തിയത്. പതിനഞ്ചുകാരനുമായി അടുപ്പമുണ്ടായിരുന്ന പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോള്‍ അമ്മ നല്‍കിയ പരാതിയനുസരിച്ചാണ് പൊലീസ് കേസെടുത്തത്.

ആണ്‍കുട്ടിയെ മൂന്നുവര്‍ഷം ദുര്‍ഗുണപരിഹാരപാഠശാലയില്‍ പാര്‍പ്പിക്കാനായിരുന്നു ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ വിധി. ഇതിനെതിരെ ആണ്‍കുട്ടി നല്‍കിയ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് ശിക്ഷ റദ്ദാക്കിയത്. പ്രായ പൂര്‍ത്തിയാവുന്നതിനുമുമ്ബുള്ള പ്രത്യേകഘട്ടങ്ങളില്‍ ആണും പെണ്ണും തമ്മിലുണ്ടാവുന്ന ശാരീരികവും മാനസികവുമായ അടുപ്പത്തിന് കുറ്റകൃത്യത്തിന്റെ നിറം നല്‍കുന്നത് ശരിയല്ലെന്ന് കോടതി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരസ്പരം അടുപ്പത്തിലായിരിക്കേയാണ് ഈ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ശാരീരികബന്ധത്തിലേര്‍പ്പെട്ടതും പെണ്‍കുട്ടി ഗര്‍ഭിണിയായതും. തന്നെക്കാള്‍ പ്രായമുള്ള പെണ്‍കുട്ടിയെ പതിനഞ്ചുവയസ്സുള്ള ആണ്‍കുട്ടി പ്രലോഭിപ്പിച്ചു എന്ന വാദം വിശ്വസനീയമല്ലെന്നും പെണ്‍കുട്ടിയുടെ പ്രായം കൃത്യമായി നിര്‍ണയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു.

രക്ഷിതാക്കളും അധ്യാപകരും കുട്ടികളുടെ ജീവിതത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അവരെ കുറ്റവാളികളായി മുദ്രകുത്തുന്നതിനുപകരം, കുട്ടികളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കുന്നതിനും പരിഷ്ക്കരണത്തിനുള്ള സാധ്യതകള്‍ നല്‍കുന്നതിനുമാണ് പ്രാധാന്യം നല്‍കേണ്ടത്. ശിക്ഷാര്‍ഹമായ സമീപനത്തിനുപകരം, കൗമാരക്കാരെ പരിഷ്കരിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും ഉദാരമായ സമീപനം പ്രയോഗിക്കേണ്ടത് ആവശ്യമാണെന്നും ജഡ്ജി പറഞ്ഞു.

‘പെണ്‍കുട്ടിയുടെ പ്രായം പ്രോസിക്യൂഷന്‍ കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ല’

15കാരനെ മൂന്നു വര്‍ഷത്തെ തടവിന് വിധിച്ച 2021 മാര്‍ച്ച്‌ 17ലെ തിരുവള്ളൂര്‍ ജില്ലാ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ഉത്തരവ് റദ്ദാക്കിയ കോടതി, സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ നിരുത്തരവാദപരവുമായ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. 15 വയസ്സുള്ള ആണ്‍കുട്ടിയും 17 വയസ്സുള്ള പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയമാണ് കേസ്. ഇത്തരം ബന്ധങ്ങള്‍ക്കെതിരെ അമ്മ മുന്നറിയിപ്പ് നല്‍കിയതോടെ പെണ്‍കുട്ടി ബന്ധുവീട്ടിലേക്ക് താമസം മാറി, ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ അമ്മ വിവാഹത്തിന് സമ്മതിക്കുമെന്ന് പറഞ്ഞ് ആണ്‍കുട്ടി അവളെ വിശ്വസിപ്പിച്ചു.

2019ല്‍ പെണ്‍കുട്ടി ഗര്‍ഭിണിയായി. പിന്നീട് പെണ്‍കുട്ടിയുടെ അമ്മ പരാതി നല്‍കി. പെണ്‍കുട്ടിയുടെ പ്രായം പ്രോസിക്യൂഷന്‍ കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ലെന്ന് ജഡ്ജി തന്റെ വിധിന്യായത്തില്‍ പറഞ്ഞു. അതിനാല്‍, പോക്‌സോ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ് ഹര്‍ജിക്കാരന്‍ ചെയ്തിരിക്കുന്നതെന്ന ബോര്‍ഡിന്റെ കണ്ടെത്തലിനോട് യോജിക്കാനാകില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക