200 കോടി രൂപയുടെ തട്ടിപ്പ് കേസില്‍ പ്രതി സുകേഷ് ചന്ദ്രശേഖറില്‍ നിന്നും കോടിക്കണക്കിന് രൂപ ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ലഭിച്ചെന്ന് ഇഡി. ഇഡിയുടെ ചോദ്യം ചെയ്യലില്‍ ജാക്വിലിന്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മിനി കൂപ്പര്‍, ബ്രാന്‍ഡഡ് ബാ​ഗുകള്‍, ആഭരണങ്ങള്‍ തുടങ്ങിയവ സുകേഷ് തനിക്ക് നല്‍കിയിരുന്നെന്നും തനിക്ക് യാത്ര ചെയ്യാന്‍ പ്രൈവറ്റ് ജെറ്റും ഹെലികോപ്‍ടറും ഏര്‍പ്പാടാക്കിയിരുന്നെന്നും ജാക്വിലിന്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.

ലിമിറ്റഡ് എഡിഷനുകളായ പെര്‍ഫ്യൂമുകള്‍, ​ഗുക്കിയുടെ മൂന്ന് ബാ​ഗുകള്‍, ​ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍, ഷൂ, ഡയമണ്ട് കമ്മലുകള്‍ തുടങ്ങിയ സമ്മാനങ്ങള്‍ ലഭിച്ചു. ഒരു മിനി കൂപ്പര്‍ കാറും നല്‍കിയിരുന്നു. എന്നാല്‍ മിനികൂപ്പര്‍ താന്‍ സ്വീകരിക്കാത്തതിനാല്‍ ഇത് തിരിച്ചു കൊണ്ടു പോയെന്നും ജാക്വിലിന്‍ മാെഴി നല്‍കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സുകേഷ് ചന്ദ്രശേഖര്‍ എന്ന രത്നവേല്‍

വളരെക്കാലത്തെ ശ്രമത്തിന് ശേഷമാണ് സുകേഷ് ജാക്വിലിനുമായി ബന്ധം സ്ഥാപിക്കുന്നത്. 2020 ഡിസംബര്‍ മുതല്‍ നടിയുമായെങ്ങനെയെങ്കിലുമൊന്ന് സംസാരിക്കാന്‍ സുകേഷ് ശ്രമം നടത്തുന്നുണ്ടായിരുന്നു. നിരവധി തവണ ഫോണ്‍ വിളിച്ചെങ്കിലും പരിചയമില്ലാത്തയാളായതിനാല്‍ നടി പ്രതികരിച്ചില്ല. ഒടുവില്‍ ജാക്വിലിന്റെ മേക്ക്‌അപ്പ് ആര്‍ട്ടിസ്റ്റ് വഴി നടിയുമായി സംസാരിക്കാന്‍ ഇയാള്‍ ശ്രമിച്ചു. ഒരിക്കല്‍ ജാക്വിലിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റിന് ഒരു കോള്‍ വന്നു. ഇത് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നും സന്ദേശമയക്കുന്നയാള്‍ വളരെ പ്രധാനപ്പെട്ടയാളാണെന്നും ജാക്വിലിന്‍ ഇദ്ദേഹത്തെ പരിചയപ്പെടേണ്ടതുണ്ടെന്നുമായിരുന്നു കോളില്‍ പറഞ്ഞത്. അങ്ങനെയാണ് ജാക്വിലിന്‍ സുകേഷിന് വാട്സ്‌ആപ്പ് വഴി മെസേജ് അയക്കുന്നത്.

രത്നവേല്‍ ചന്ദ്രശേഖര്‍ എന്ന പേരിലാണ് ജാക്വിലിന് സുകേഷ് സ്വയം പരിചയപ്പെടുത്തിയത്. സണ്‍ ടിവി ഉടമയും മുന്‍ മുഖ്യമന്ത്രി ജയലളിയുടെയും കുടുംബാം​ഗവുമാണെന്നായിരുന്നു സുകേഷ് നടിയെ പറഞ്ഞ് വിശ്വസിപ്പിച്ചത്. വളരെ പെട്ടന്ന് സുകേഷുമായുള്ള നടിയുടെ സൗഹൃദം വളര്‍ന്നു. ജാക്വിലിന്‍ നല്‍കിയ മൊഴി പ്രകാരം കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തിലാണ് സുകേഷിനെ ആദ്യമായി നേരില്‍ കാണുന്നത്.

തന്റെ അമ്മാവന്‍ മരിച്ചതിനാല്‍ വലിയ ദുഖിതനാണെന്നും ചെന്നെെയില്‍ നടക്കുന്ന സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ വരണമെന്നും സുകേഷ് അഭ്യര്‍ത്ഥിച്ചു. ചെന്നെെയിലേക്ക് വരാന്‍ സ്വകാര്യ ജെറ്റും അയച്ചു. ഈ കൂടിക്കാഴ്ച കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും തമ്മില്‍ കണ്ടു. പിന്നീടും യാത്രകള്‍ നടന്നു. കേരളത്തിലും മൂന്ന് ദിവസം പ്രെെവറ്റ് ജെറ്റില്‍ സുകേഷിനൊപ്പം എത്തിയിരുന്നെന്നും ജാക്വിലിന്റെ മൊഴിയിലുണ്ട്.

കേസുമായി ബന്ധപ്പെട്ട് ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ പേരിലുള്ള ഏഴ് കോടിയുടെ സ്വത്തുക്കള്‍ കണ്ട് കെട്ടിയിരിക്കുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്. നടിയുടെ സ്ഥിര നിക്ഷേപം ഉള്‍പ്പെടെയാണ് കണ്ടുകെട്ടിയിരിക്കുന്നത്. സുകേഷ് ചന്ദ്രശേഖര്‍ തട്ടിയ 200 കോടിയില്‍ 5.71 കോടി രൂപയുടെ സമ്മാനങ്ങള്‍ ജാക്വലിന് നല്‍കിയെന്നാണ് ഇഡി ആരോപിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക