പാലക്കാട് : പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ എത്തിയ സംഘം ഉപയോഗിച്ചത് പാലക്കാട് കൊല്ലപ്പെട്ട ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിതിന്റെ കാര്‍ തന്നെയെന്ന് സ്ഥിരീകരണം. സഞ്ജിതിന്റെ അമ്മ സുനിതയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സഞ്ജിത്ത് കൊല്ലപ്പെടുന്നതിന് ഒന്നര മാസം മുന്‍പ് തകരാര്‍ പരിഹരിക്കാന്‍ വര്‍ക്‌ഷോപ്പില്‍ കൊടുത്ത കാര്‍ ആയിരുന്നു അത് എന്നാല്‍ മകന്റെ മരണ ശേഷം കാര്‍ എവിടെയായിരുന്നെന്ന് അന്വേഷിച്ചിട്ടില്ലെന്നും സഞ്ജിത്തിന്റെ കാറില്‍ കൊലയാളികള്‍ വന്ന വിവരം വാര്‍ത്തയിലൂടെയാണ് അറിഞ്ഞതെന്നും സുനിത പറഞ്ഞു.

കാര്‍ എവിടെയാണ് കൊടുത്തതെന്നോ മറ്റു വിവരങ്ങളോ അറിയില്ലായിരുന്നു. മകന്റെ മരണശേഷം കാറിനെ കുറിച്ച്‌ ചിന്തിച്ചില്ലെന്നതാണ് സത്യം. കാര്‍ എവിടെയാണോന്നോ ആരാണ് ഉപയോഗിക്കുന്നത് എന്നോ അറിയില്ലെന്നും അമ്മ പറഞ്ഞു.സഞ്ജിതിന്റെ അച്ഛന്‍ ആറുമുഖനും ഇക്കാര്യം നേരത്തെ സ്ഥിരീകരിച്ചിരുന്നു. സഞ്ജിത്ത് മരിക്കും മുമ്ബ് കാര്‍ കേടായിരുന്നു. അത് നന്നാക്കാന്‍ വര്‍ക്ക്ഷോപ്പില്‍ നല്‍കിയിരിക്കുകയായിരുന്നു. പിന്നീട് തിരികെ വാങ്ങിയിരുന്നില്ല. ഏത് വര്‍ക്ക്ഷോപ്പിലെന്നറിയില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

താന്‍ തിരുപ്പൂരിലാണുള്ളത്. സഞ്ജിത്തിന്റെ സഹോദരനും തിരുപ്പൂരിലാണ് ഉള്ളത്. തിരുപ്പൂരില്‍ കട നടത്തുകയാണ് തങ്ങള്‍. സഞ്ജിത്തിന്റെ കാര്‍ സുബൈറിന്റെ കൊലയാളി സംഘം ഉപയോഗിച്ചു എന്ന് വാര്‍ത്തകളിലാണറിഞ്ഞത്. സഞ്ജിത്തിന് വലിയ സുഹൃദ് വലയം ഉണ്ട്. അവരാരെങ്കിലുമാണോ ഇതിന് പിന്നിലെന്ന് അറിയില്ല. കാര്‍ സംബന്ധിച്ച്‌ കൂടുതല്‍ അറിയില്ലായിരുന്നു, ഏത് വര്‍ക്ക്ഷോപ്പിലാണെന്നും അറിയില്ലായിരുന്നു. അതിനാലാണ് സഞ്ജിത്തിന്റെ മരണശേഷം കാര്‍ തിരികെയെടുക്കാഞ്ഞതെന്നും ആറുമുഖന്‍ പറഞ്ഞു.

ഇക്കാര്യം സഞ്ജിത്തിന്റെ ഭാര്യ അര്‍ഷികയും സ്ഥിരീകരിച്ചു. സഞ്ജിത്ത് മരിക്കുന്നതിന് ഒന്നരമാസം മുമ്ബ് വര്‍ക്ക്ഷോപ്പില്‍ നല്‍കിയിരുന്നു. ഏത് വര്‍ക്ക്ഷോപ്പ് എന്നറിയില്ല. മുപ്പതിനായിരത്തിനടുത്ത് ചെലവ് വരുമെന്ന് പറഞ്ഞു. തന്‍്റെ കൈയ്യിലും പണമില്ലായിരുന്നു. സഞ്ജിത്തിന്‍്റെ മരണശേഷം കാറിനെക്കുറിച്ച്‌ അന്വേഷിച്ചില്ല എന്നും അര്‍ഷിക പറഞ്ഞു. സഞ്ജിത്തിന്‍്റെ ഭാര്യയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇന്നലെ രാത്രിയാണ് മമ്ബറത്തെ വീട്ടിലെത്തി ചോദ്യം ചെയ്തത്.

എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിനെ വധിച്ച കൊലയാളി സംഘം ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ടാമത്തെ കാറും കണ്ടെത്തിയിരുന്നു. കഞ്ചിക്കോട് നിന്നാണ് വാഹനം കണ്ടെത്തിയത്. KL9 AQ 79 Ol എന്ന ഓള്‍ട്ടോ 800 കാര്‍ ആണ് കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് കാര്‍ കണ്ടതെന്ന് സമീപത്തെ കടയുടമ പറയുന്നു. രണ്ട് മണിയോടെയാണ് കാര്‍ കണ്ടത്. ഹൈവേക്കടുത്താണ് ഇത്. സംശയം തോന്നി രാത്രി 10 മണിയോടെ പൊലീസിനെ അറിയിച്ചതായി കടയുടമ രമേശ് കുമാര്‍ പറഞ്ഞു.

അതേസമയം സുബൈര്‍ കൊലപാതകത്തില്‍ തമിഴ്നാട് കേന്ദ്രീകരിച്ച്‌ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. അഞ്ചംഗ കൊലയാളി സംഘം കൊഴിഞ്ഞാമ്ബാറ എത്തിയശേഷം തമിഴ്നാട്ടിലേക്ക് കടന്നതായാണ് പൊലീസിന് ലഭിക്കുന്ന സൂചന. പ്രതികള്‍ സഞ്ചരിച്ച വാഗണാര്‍ കാറിന്‍റേതെന്നു കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. കാര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണ സംഘം മുന്നോട്ട് നീങ്ങുന്നത്. കൃത്യമായി തയാറാക്കിയ പദ്ധതി പ്രകാരമാണ് കൊല നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

കൊല്ലെപ്പെട്ട സുബൈറിന്‍റെ നീക്കങ്ങള്‍ ദിവസങ്ങളായി സംഘം നിരീക്ഷിച്ചതായാണ് വിവരം. അഞ്ച് മാസം മുമ്ബ് കൊല്ലപ്പെട്ട ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍‍ സഞ്ജിത്തിന്‍റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നീളുന്നുണ്ട്. കൊലപാതകം രാഷ്ട്രീയ കാരണങ്ങളാലാണെന്ന സുബൈറിന്‍റെ പിതാവ് അബൂബക്കറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്. അഥേസമയം, സുബൈറിന്‍റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. രാഷ്ട്രീയ വിരോധം വെച്ച്‌ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് എഫ്‌ഐആര്‍. മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള സംഘടിത ആക്രമണമാണ് നടന്നത്.

കൊല്ലപ്പെട്ട സുബൈറിന്‍റെ അച്ഛന്‍ അബൂബക്കറിന്‍റെ പരാതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പാലക്കാട് കസബ പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇന്ന് ഉച്ചയ്ക്ക് പള്ളിയില്‍ നിന്ന് പ്രാര്‍ത്ഥന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് ഉപ്പയുടെ കണ്‍മുന്നില്‍ വെച്ച്‌ സുബൈറിനെ കൊലപ്പെടുത്തിയത്. സംഭവ സ്ഥലം സന്ദര്‍ശിച്ച പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കസബ പൊലീസ് സ്‌റ്റേഷനില്‍ പ്രത്യേക യോഗം ഇന്നലെ ചേര്‍ന്നിരുന്നു.

തുടര്‍ന്ന് പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നേതൃത്വം നല്‍കുന്ന സംഘത്തില്‍ മൂന്ന് സിഐമാരുണ്ട്. പാലക്കാട്, ചിറ്റൂര്‍, ആലത്തൂര്‍ ഡിവൈഎസ്പിമാര്‍ പ്രത്യേക സംഘത്തിന് പുറത്തുനിന്ന് സഹായം നല്‍കും. കൊലയാളി സംഘത്തില്‍ അഞ്ചുപേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ കൊഴിഞ്ഞാമ്ബാറ ഭാഗത്തേക്ക് കൃത്യത്തിന് ശേഷം പോയതെന്നും പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.

അക്രമിസംഘത്തിലെ രണ്ട് പേരെ താന്‍ കണ്ടുവെന്നാണ് പാലക്കാട് എലപ്പുള്ളി പാറയില്‍ കൊല്ലപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ പിതാവ് അബൂബക്കര്‍ പറഞ്ഞത്. ഇവര്‍ മുഖം മൂടി ധരിച്ചിരുന്നില്ല. ഇരുവരെയും കണ്ടാല്‍ തിരിച്ചറിയുമെന്നും അബൂബക്കര്‍ പറഞ്ഞു. വീടിന് നേരെ ഇതിന് മുമ്ബ് ആക്രമണം ഉണ്ടായിരുന്നതായി സുബൈറിന്‍്റെ മകന്‍ സജാദ് പറഞ്ഞു. വീടിന് നേരെ ചിലര്‍ കല്ലെറിഞ്ഞിരുന്നു. പൊലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. ഉപ്പയുടേത് വാഹനാപകടം എന്നാണ് ആദ്യം കരുതിയത് എന്നും സജാദ് പറഞ്ഞു.

വ്യക്തമാകുന്നത് ഉന്നത തല ഗൂഢാലോചനയെന്നും എസ്ഡിപിഐ

പാലക്കാട് എലപ്പുളിയില്‍ സുബൈറിനെ പട്ടാപ്പകല്‍ നടുറോഡിലിട്ട് വെട്ടിക്കൊന്ന സംഭവം സംസ്ഥാനത്തെ വീണ്ടും കലാപഭൂമിയാക്കാനുള്ള ആര്‍എസ്‌എസ് നീക്കത്തിന്റെ ഭാഗമാണെന്ന് എസ്ഡിപിഐ പറഞ്ഞു. കൊലപാതകത്തില്‍ ഉന്നത തല ഗൂഢാലോചനയാണ് വ്യക്തമാകുന്നത് എന്നും എസ്ഡിപിഐ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

രാമനവമി, വിഷു തുടങ്ങിയ വിശേഷ ദിവസങ്ങള്‍ അന്യമതസ്ഥരുടെ രക്തമൊഴുക്കി ആഘോഷിക്കുന്ന ആര്‍എസ്‌എസ് നീക്കം രാജ്യത്തിന്റെ സമാധാനത്തിനു ഭീഷണിയാണ്. റമദാന്‍ വ്രതമെടുത്ത് ജുമുഅ നമസ്‌കാരത്തിനു ശേഷം ബാപ്പയോടൊപ്പം ബൈക്കില്‍ പോകുമ്ബോഴാണ് ആര്‍എസ്‌എസ് സംഘം ആസൂത്രിതമായി സുബൈറിനെ കൊലപ്പെടുത്തിയിരിക്കുന്നത്. കൊലപാതകത്തില്‍ ഉന്നത തല ഗൂഢാലോചനയാണ് വ്യക്തമാകുന്നത്. കാറിടിപ്പിച്ച ശേഷം വെട്ടിവീഴ്ത്തുന്നതിന് പ്രത്യേക പരിശീലനം നല്‍കി സംസ്ഥാനത്ത് ക്രിമിനല്‍ സംഘത്തെ ആര്‍എസ്‌എസ് തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നു എന്ന അപകട സൂചനയാണ് നല്‍കുന്നത്.

സമീപകാലത്ത് നടന്ന കൊലപാതകങ്ങളിലുള്‍പ്പെടെ വ്യക്തമായ തെളിവുകളുണ്ടായിട്ടും ആര്‍എസ്‌എസ്സിന്റെ ഉന്നത നേതാക്കളിലേക്ക് അന്വേഷണം എത്താതിരുന്നത് കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാന്‍ അക്രമികള്‍ക്ക് പ്രോല്‍സാഹനമാവുകയാണ്. വളരെ കൃത്യമായ ആസൂത്രണത്തിലൂടെ നടത്തിയ കൊലപാതകത്തില്‍ സമഗ്രമായ അന്വേഷണത്തിലൂടെ കൃത്യത്തില്‍ പങ്കെടുത്തവരെയും ഗൂഢാലോചനയില്‍ പങ്കാളികളായവരെയും പിടികൂടാന്‍ പോലീസ് തയ്യാറാവണമെന്നും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍ ആവശ്യപ്പെട്ടു.

പകവീട്ടിലെന്ന് സംശയിച്ച്‌ എംഎല്‍എ

പകവീട്ടലാണെന്ന് സംശയിക്കുന്നതായി മലമ്ബുഴ എം എല്‍ എയും മുതിര്‍ന്ന സിപിഎം നേതാവുമായ എ പ്രഭാകരന്‍. നാട്ടിലെ സമാധാനം തകര്‍ക്കാനുള്ള ശ്രമമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാലക്കാട് മമ്ബറത്ത് മുന്‍പ് നടന്ന കൊലപാതകവുമായി ഇപ്പോഴത്തെ കൊലപാതകത്തിന് ബന്ധമുണ്ടോയെന്ന് സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു.

‘വിഷു ദിവസത്തില്‍ ഇങ്ങിനെയൊരു അക്രമം നടന്നതിനെ ശക്തമായി അപലപിക്കുന്നു. അക്രമം വ്യാപിക്കാതിരിക്കാന്‍ മുന്‍കരുതലെടുക്കാന്‍ പൊലീസിനോട് ആവശ്യപ്പെടും. പച്ചമനുഷ്യനെ വെട്ടിക്കൊലപ്പെടുത്തിയത് എന്ത് രാഷ്ട്രീയമാണ്? മുന്‍പ് ഒരു അക്രമം നടന്നതിന്റെ പകവീട്ടലാകാനാണ് സാധ്യത. തനിക്കിതേപ്പറ്റി കൃത്യമായി അറിയില്ല. പള്ളിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് ആക്രമണം ഉണ്ടായതെന്നാണ് അറിഞ്ഞത്. മമ്ബറത്ത് വെച്ച്‌ ഒരു അക്രമം നടന്നതിന്റെ പേരിലാണ് ഈ കൊലപാതകം എന്ന് സംശയിക്കുന്നു. അക്രമികള്‍ തേടുന്നയാളെ കിട്ടാതാവുമ്ബോള്‍ കിട്ടുന്നവനെ കൊലപ്പെടുത്തുന്ന രീതിയാണ്. വളരെയേറെ മോശമാണ് ഇത്തരം അക്രമങ്ങളെന്നും സിപിഎം സംസ്ഥാന നേതാവ് കൂടിയായ എ പ്രഭാകരന്‍ വിമര്‍ശിച്ചു.

സുബൈര്‍ വധം; തുടര്‍ അക്രമസംഭവങ്ങള്‍ ഉണ്ടാകരുത്, സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം

പാലക്കാട് എലപ്പുള്ളിപാറയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജാ​ഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. തുടര്‍ അക്രമസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കാനാണ് ഡിജിപിയുടെ നിര്‍ദ്ദേശം. ജില്ലാ പൊലീസ് മേധാവി മാര്‍ക്കാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അവശ്യമായ കരുതല്‍ നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക