മലപ്പുറം: മമ്ബാട് എംഇഎസ് കോളേജ് വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിക്കൊണ്ട് പൗരസമിതിയുടെ പേരില്‍ പ്രത്യക്ഷപ്പെട്ട ഫ്‌ലക്‌സ് ബോര്‍ഡ് കീറിയെറിഞ്ഞ് വിദ്യാര്‍ത്ഥികള്‍. ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ തന്നെ ബോര്‍ഡ് കീറിയെറിഞ്ഞത്. ഇതിന്റെ ഫോട്ടോയും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഫോട്ടോയ്ക്ക് നല്‍കിയ ക്യാപ്ഷനും സോഷ്യല്‍മീഡിയ ഏറ്റെടുത്തിട്ടുണ്ട്.

ക്യാപ്ഷന്‍ ഇങ്ങനെ: ‘മമ്ബാട്ടെ പൗര സമിതിക്കാരുടെ ശ്രദ്ധയ്ക്ക്, സാധനം കീറി റോഡിലിട്ടിട്ടുണ്ട്. ഫ്രെയിം വേണേല്‍ കൊണ്ട് പോയി വിറക് ആക്കിക്കോളൂ.’

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ദിവസമാണ് മമ്ബാട് കോളേജ് പരിസരത്ത് വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫ്‌ലെക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. കോളേജ് സമയത്തിന് ശേഷവും വിദ്യാര്‍ത്ഥികളായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരിസരത്ത് തുടരുന്നത് നാട്ടുകാര്‍ക്ക് അലോസരമുണ്ടാക്കുന്നുവെന്നാണ് പൗരസമിതിയുടെ പേരില്‍ പ്രത്യക്ഷപ്പെട്ട ഫ്‌ലെക്‌സില്‍ എഴുതിയിരുന്നത്.

വൈകീട്ട് അഞ്ച് മണിക്ക് ശേഷം കോളേജ് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് വിദ്യാര്‍ത്ഥികള്‍ തുടര്‍ന്നാല്‍ കൈകാര്യം ചെയ്യുമെന്നും ഭീഷണിയുണ്ടായിരുന്നു. ഇത് സദാചാര ഗുണ്ടായിസമല്ലെന്ന് അവകാശപ്പെടുന്ന ഫ്‌ലെക്‌സില്‍, കുടുംബമായി ജീവിക്കുന്ന നാട്ടുകാരുടെ അവകാശമാണിതെന്നും സൂചിപ്പിക്കുന്നു. കോളേജില്‍ നടക്കുന്ന പരിപാടികള്‍ കഴിഞ്ഞ് വൈകിയും വിദ്യാര്‍ത്ഥികള്‍ പ്രദേശത്ത് തുടരുന്നതും തമ്മില്‍ ഇടപഴകുന്നതും തങ്ങള്‍ക്ക് അലോസരമുണ്ടാക്കുന്നു എന്നാണ് ബോര്‍ഡില്‍ ആരോപിക്കുന്നത്. കോളേജിലെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തല്ലുണ്ടാക്കുന്നതും ഇവര്‍ ലഹരി ഉപയോഗം നടത്തുന്നതും തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ബോര്‍ഡില്‍ പറഞ്ഞിരുന്നു.

സമാന ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ കോഴിക്കോട് ഫാറൂഖ് കോളേജ് പരിസരത്തും കഴിഞ്ഞദിവസം പ്രത്യക്ഷപ്പെട്ടിരുന്നു. കോളേജിന്റെ പ്രധാന ഗേറ്റിന് സമീപത്തായി മൂന്ന് ബോര്‍ഡുകളാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.

ചിലര്‍ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതായും സദാചാര മര്യാദയില്ലാതെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പെരുമാറുന്നതായും അക്രമത്തില്‍ ഏര്‍പ്പെടുന്നതായും ഫ്‌ലെക്‌സ് ബോര്‍ഡുകളില്‍ ആരോപിക്കുന്നു. ഇതിനാല്‍ വ്യക്തമായ കാരണങ്ങള്‍ ഇല്ലാതെ കോളേജ് പരിസരത്ത് വിദ്യാര്‍ത്ഥികളെ കണ്ടാല്‍ രക്ഷിതാക്കളേയും പൊലീസിനേയും അറിയിക്കുമെന്നാണ് നാട്ടുകാര്‍ അറിയിക്കുന്നത്. ഇത് സദാചാര ഗുണ്ടായിസമല്ലെന്നും കുടുംബവും കുട്ടികളുമായി ജീവിക്കുന്ന നാട്ടുകാരുടെ അവകാശമാണെന്നും ബോര്‍ഡിലുണ്ട്.

ഇതിനെതിരെ കെഎസ്.യു ഫാറൂഖ് കോളേജ് യൂണിറ്റ് ഫറോക്ക് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബോര്‍ഡ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കെഎസ്.യു പരാതി നല്‍കിയിരിക്കുന്നത്. ബോര്‍ഡ് നീക്കം ചെയ്തില്ലെങ്കില്‍ നാളെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ആക്രമണം വരെ ഉണ്ടായേക്കാമെന്നും പരാതിയില്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക