തിരുവനന്തപുരം: ഹണിട്രാപ്പുമായി പാക് ചാരസംഘടനകള്‍ സജീവമാണെന്നും ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശം. പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഡിജിപി മുന്നറിയിപ്പ് നല്‍കുന്നത്.
രാജ്യത്തെ വിവിധ ഏജന്‍സികളെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ ചാരസംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി ഉദ്യോഗസ്ഥര്‍ ഇതിനോടകം ചാരസംഘടനകള്‍ ഒരുക്കിയ ഹണിട്രാപ്പില്‍ കുടുങ്ങിയിട്ടുമുണ്ട്. സമൂഹമാധ്യമങ്ങളില്‍ സ്ത്രീകളെ ഉപയോഗിച്ചാണ് ഹണിട്രാപ്പിംഗ് നടക്കുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാന പൊലീസ് സേനയിലെ ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണം, ഡിജിപിയുടെ സര്‍ക്കുലറില്‍ പറയുന്നു.
ഏതെങ്കിലും തരത്തിലുള്ള ഹണി ട്രാപ്പ് സംഭവങ്ങളുണ്ടായാല്‍ പൊലീസ് ആസ്ഥാനത്ത് വിവരം അറിയിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്. രഹസ്യവിവരങ്ങള്‍ ചോര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഹണി ട്രാപ്പിംഗ് നടക്കുന്നത്. ഇക്കാര്യത്തില്‍ കേരള പൊലീസിനും രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ് കിട്ടിയിട്ടുണ്ട്.