തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ ബിരുദ-ബിരുദാനന്തര പരീക്ഷകള്‍ ഇന്നാരംഭിക്കും. കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലാണ് പരീക്ഷകള്‍ക്ക് തുടക്കമാകുന്നത്. രോഗവ്യാപനം കൂടൂന്ന സമയത്ത് ഓഫ് ലൈന്‍ പരീക്ഷ നടത്തുമെന്നതിലടക്കം വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ആശങ്കയുണ്ട്. വാക്സീന്‍ എല്ലാവര്‍ക്കും ലഭിച്ചില്ലെന്ന കാര്യവും ഇവര്‍ ചൂണ്ടികാണിക്കുന്നുണ്ട്.

പരീക്ഷ മാറ്റി വയ്ക്കുന്നത് അക്കാദമിക് രംഗത്തെ പ്രതികൂലമായി ബാധിക്കുമെന്നും ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നുമുള്ള നിലപാടാണ് സര്‍വകലാശാലകള്‍ അറിയിച്ചിട്ടുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സര്‍വകലാശാലയുടെ അധികാര പരിധിക്ക് പുറത്തുള്ള കോളേജുകളില്‍ 435 കുട്ടികള്‍ക്ക് പരീക്ഷകന്ദ്രങ്ങള്‍ അനുവദിച്ചെന്ന് കേരള സര്‍വ്വകലാശാല ചൂണ്ടികാട്ടിയിട്ടുണ്ട്. ബി എസ് സി, ബി കോം പരീക്ഷകള്‍ രാവിലെയും ബി എ പരീക്ഷകള്‍ ഉച്ചക്കുമാണ്. കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചായിരിക്കും പരീക്ഷകള്‍ നടക്കുകയെന്ന് സര്‍വകലാശാലകള്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ പരീക്ഷകള്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വകലാശാലകളോട് ആവശ്യപ്പെടുകയായിരുന്നു.

പരീക്ഷയ്ക്ക് പോകേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര സംബന്ധിച്ചുള്ള ആശങ്ക വേണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഹാള്‍ടിക്കറ്റ് കാണിച്ചാല്‍ യാത്ര ചെയ്യാന്‍ അനുമതിയുണ്ടാകുമെന്നാണ് ലോക്നാഥ് ബെഹ്റ അറിയിച്ചിട്ടുള്ളത്. പരീക്ഷയ്ക്ക് പോകുന്ന കുട്ടികള്‍ക്ക് യാത്ര ചെയ്യുന്നതിന് ഒരു വിധത്തിലും തടസ്സം ഉണ്ടായിരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ കേന്ദ്രത്തിലെത്താന്‍ വാഹനസൗകര്യമൊരുക്കുമെന്ന് ഡിവൈഎഫ്‌ഐയും അറിയിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി എഎ റഹീമാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. പൊതുഗതാഗതം പൂര്‍ണമായി പുനസ്ഥാപിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് സൗകര്യമൊരുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക