മുംബൈ: ആദ്യ വിവാഹം നിയമപരമായി വേര്‍പെടുത്താതെയുള്ള രണ്ടാം വിവാഹത്തിലെ ഭാര്യക്ക് ഭര്‍ത്താവിന്റെ പെന്‍ഷന്‍ വാങ്ങാന്‍ അര്‍ഹതയില്ലെന്ന് ബോംബെ ഹൈക്കോടതി. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നിഷേധിച്ച സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സോലാപൂര്‍ സ്വദേശിനി ഷമാല്‍ ടേറ്റ് സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസുമാരായ എസ്.ജെ. കതവല്ല, മിലിന്ദ് ജാദവ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹരജി തള്ളിയത്.

സോലാപൂര്‍ ജില്ലാ കളക്ടറുടെ ഓഫീസിലെ പ്യൂണായിരുന്ന ഷമാല്‍ ടേറ്റിന്റെ ഭര്‍ത്താവ് മഹാദേവ് 1996 ല്‍ മരിച്ചിരുന്നു. ഹരജിക്കാരിയെ വിവാഹം കഴിക്കുന്നതിന് മുമ്പ് മഹാദേവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിരുന്നു. ഭര്‍ത്താവിന്റെ മരണശേഷം അദ്ദേഹത്തിന്റെ റിട്ടയര്‍മെന്റ് ആനുകൂല്യത്തിന്റെ 90 ശതമാനവും ആദ്യ ഭാര്യക്ക് ലഭിക്കുമെന്നും രണ്ടാം ഭാര്യക്ക് പ്രതിമാസ പെന്‍ഷന്‍ ലഭിക്കുമെന്നും ധാരണയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ ആദ്യ ഭാര്യ കാന്‍സര്‍ ബാധിച്ച് മരിച്ചതിനെത്തുടര്‍ന്ന് മഹാദേവിന്റെ പെന്‍ഷന്‍ കുടിശികയും ആനുകൂല്യത്തിന്റെ 90 ശതമാനവും തനിക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം ഭാര്യ സംസ്ഥാന സര്‍ക്കാരിന് കത്തെഴുതി. എന്നാല്‍ ഈ കത്ത് സംസ്ഥാന സര്‍ക്കാര്‍ തള്ളികളയുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ടേറ്റ് ഹൈക്കോടതിയെ സമീപിക്കുന്നത്.

മഹാദേവിന്റെ മൂന്ന് കുട്ടികളുടെ അമ്മയായതിനാലും ഇരുവരും തമ്മിലുള്ള ബന്ധം സമൂഹത്തിന് അറിയാമെന്നതിനാലും പെന്‍ഷന്‍ ലഭിക്കാന്‍ തനിക്ക് അര്‍ഹതയുണ്ടെന്ന് അവകാശപ്പെട്ടായിരുന്നു അവര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. എന്നാല്‍, ആദ്യവിവാഹം നിയമപരമായി ഒഴിവാക്കാതെയുള്ള രണ്ടാം വിവാഹം ഹിന്ദു വിവാഹ നിയമപ്രകാരം അസാധുവാകണമെന്നുള്ള വിധികള്‍ സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുള്ളതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി.

നിയമപരമായി വിവാഹിതയായ ഭാര്യക്ക് മാത്രമേ കുടുംബ പെന്‍ഷന് അര്‍ഹതയുള്ളൂ എന്ന സംസ്ഥാന സര്‍ക്കാറിന്റെ നിലപാട് ശരിയാണെന്ന് ബെഞ്ച് നിരീക്ഷിക്കുകയും ചെയ്തു. താനും മഹാദേവിന്റെ ആദ്യ ഭാര്യയും തമ്മിലുള്ള കരാര്‍ പ്രകാരം പ്രതിമാസ പെന്‍ഷനുള്ള അവകാശം അവര്‍ വേണ്ടെന്ന് വെച്ചിട്ടുണ്ടെന്നും ടേറ്റ് കോടതിയില്‍ പറഞ്ഞിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക