തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ എതിരായ സോളാര്‍ മാനനഷ്ടക്കേസ് വിധിക്ക് സ്റ്റേ ഏര്‍പ്പെടുത്തി തിരുവനന്തപുരം ജില്ലാ കോടതി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് വി.എസ്. അച്യുതാനന്ദന്‍ പത്തു ലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കാനായിരുന്നു കോടതി വിധി. ഈ ഉത്തരവിലാണ് ഉപാധികളോടെ സ്റ്റേ അനുവദിച്ചത്.

സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിയെ വി.എസ്. അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലായിരുന്നു സബ്കോടതി ഉത്തരവുണ്ടായിരുന്നത്. ഇതിനെതിരെ വി.എസ്. അച്യുതാനന്ദന്‍ ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. വസ്തുതകള്‍ പരിഗണിക്കാതെയാണ് കീഴ്ക്കോടതി വിധി പുറപ്പെടുവിച്ചതെന്ന് വി.എസ്. നേരത്തെ വിഷയത്തില്‍ പ്രതികരിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കീഴ്കോടതിയുടെ വിധി യുക്തി സഹമല്ലെന്നും വൈകാരികമായി അല്ലെന്നും നിയമപരമായും വസ്തുനിഷ്ഠമായും തെളിവുകള്‍ വിലയിരുത്തിയുള്ള നടപടിക്രമങ്ങളായിരുന്നു കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടിയിരുന്നതെന്നും വി.എസ്. പറഞ്ഞിരുന്നു. താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ അപകീര്‍ത്തിപരമാണെന്നത് ഉമ്മന്‍ചാണ്ടിയുടെ വ്യക്തിപരമായ തോന്നലാണെന്നും വി.എസ്. പറഞ്ഞിരുന്നു.

ഞാന്‍ പറഞ്ഞത് ഉമ്മന്‍ ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമര്‍ശമാണെന്ന് കാണിച്ചാണ് കേസ് ഫയല്‍ ചെയ്തത്. എന്നാല്‍ പ്രതിപക്ഷ നേതാവായിരുന്ന ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ അടങ്ങിയ മുഖാമുഖം രേഖകള്‍ ഒന്നും തന്നേ ഉമ്മന്‍ ചാണ്ടി കോടതിയില്‍ ഹാജരാക്കുകയൊ തെളിയിക്കുകയോ ചെയ്തിട്ടില്ല,’ അച്യുതാനന്ദന്‍ പറഞ്ഞു.

സോളാര്‍ കേസില്‍ മൂന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടിലും താന്‍ കുറ്റകാരനാണെന്ന് പറഞ്ഞിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി നേരത്തെ പറഞ്ഞിരുന്നു. നിരവധി ആക്ഷേപങ്ങള്‍ വന്നു. തെറ്റ് ചെയ്തിട്ടില്ല എങ്കില്‍ ഒരു കുഴപ്പവും വരില്ല എന്ന വിശ്വാസമാണ്. സോളാര്‍ കേസില്‍ തനിക്കെതിരായ ആരോപണങ്ങളില്‍ മാനനഷ്ടക്കേസില്‍ അപ്പീല്‍ പോകുക എന്നത് വി.എസ്. അച്യുതാനന്ദന്റെ അവകാശം ആണ്. തനിക്ക് പറയാനുള്ളത് കോടതിയില്‍ പറയുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക