കാലിഫോര്‍ണിയ: ഓഹരി വിപണിയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയേറ്റ് ഫെയ്‌സ് ബുക്ക് മെറ്റ. കഴിഞ്ഞ വ്യാഴാഴ്ച്ച 240 ബില്യണ്‍ യു.എസ്. ഡോളറാണ് (18 ലക്ഷം കോടി) കമ്പനിയുടെ വിപണി മൂല്യത്തില്‍ നിന്ന് നഷ്ടമായത്. നിക്ഷേപകര്‍ കൂട്ടമായി പിന്‍വലിഞ്ഞതോടെ മെറ്റയുടെ ഓഹരിയില്‍ 26.4 ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയത്.

ഫെയ്‌സ് ബുക്കിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പ്രതിദിന സജീവ ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഇടിവുണ്ടായത്. ഇതാണ് ഓഹരി വിപണിയില്‍ പ്രധാനമായും പ്രതിഫലിച്ചത്. വിപണിയിലെ തിരിച്ചടിയോടെ കമ്പനി സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ വ്യക്തിഗത ആസ്തിയില്‍ നിന്ന് 32 ബില്യണ്‍ ഡോളറാണ് കുറഞ്ഞത്. ഒറ്റ ദിവസംകൊണ്ട് ഏറ്റവും കൂടുതല്‍ പണം നഷ്ടമാകുന്ന ലോകത്തിലെ രണ്ടാമത്തെ കതിസമ്പന്നനാണ് സക്കര്‍ബര്‍ഗ്. ആദ്യത്തെയാള്‍ ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മാസ്‌കാണ്. 35 ബില്യണ്‍ ഡോളറാണ് കഴിഞ്ഞ വര്‍ഷം മാസ്‌കിന്റെ വ്യക്തിഗത ആസ്തിയില്‍ നിന്ന് നഷ്ടമായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡിസംബറില്‍ അവസാനിച്ച ത്രൈമാസ പാദത്തില്‍ 1.929 ബില്യണ്‍ പ്രതിദിന ഉപഭോക്താക്കളാണ് ഫെയ്‌സ്ബുക്കിന് ഉണ്ടായിരുന്നത്. എന്നാല്‍, മുന്‍പാദത്തില്‍ ഇത് 1.930 ബില്യണായിരുന്നു. ആഗോളതലത്തില്‍ ഫെയ്‌സ്ബുക്ക് പ്ലാറ്റ്‌ഫോമുകള്‍ക്ക് ജനപ്രീതി കുറയുന്നുണ്ടെന്നാണ് കണക്കുകള്‍. യുവാക്കള്‍ മറ്റ് സാമൂഹിക മാധ്യമങ്ങളാണ് ഇപ്പോള്‍ കൂടുതലായി ഉപയോഗിക്കുന്നത്. ആപ്പിളിന്റെ പുതിയ സ്വകാര്യതാ നയങ്ങളും ഉപഭോക്താക്കള്‍ക്ക് ടിക്ക് ടോക്കിലും യൂട്യൂബിലും ആകൃഷ്ടരായതുമാണ് ഫെയ്‌സ് ബുക്കിന് തിരിച്ചടിയായത്.

യുവാക്കളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ റീല്‍സില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ നടത്താനാണ് സക്കര്‍ബര്‍ഗ് തൊഴിലാളികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. തിരിച്ചടിക്ക് പിന്നാലെ സക്കര്‍ബര്‍ഗ് ഇന്ത്യന്‍ ബില്യണയേഴ്‌സായ മുകേഷ് അംബാനിക്കും ഗൗതം അദാനിക്കും പിന്നിലായി. ഫെയ്‌സ് ബുക്ക് ‘മെറ്റ’ എന്ന പുതിയ ബ്രാന്‍ഡിലേക്ക് മാറിയതാണ് ഇത്തരം തിരിച്ചടികള്‍ക്ക് കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക