ഡല്‍ഹി: മതപരിവര്‍ത്തനത്തിനെതിരെ കര്‍ശനമായ നിയമം കൊണ്ടുവരണമെന്ന് ആം ആദ്മി പാര്‍ട്ടി ദേശീയ പ്രസിഡന്റ് അരവിന്ദ് കെജ്‌രിവാള്‍. ഇത്തരമൊരു നിയമം പ്രാബല്യത്തില്‍ വരുത്തേണ്ടത് അത്യാവശ്യമാണെന്നും എന്നാല്‍ ഒരാള്‍ പോലും അനാവശ്യമായി ഉപദ്രവിക്കപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു.

ജലന്ധറില്‍ വെച്ചു നടന്ന ഒരു പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മതം എന്നത് ഒരു വ്യക്തിയുടെ സ്വകാര്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘മതപരിവര്‍ത്തനത്തിനെതിരെ ഒരു നിയമം കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ആരും തന്നെ അനാവശ്യമായി ഉപദ്രവിക്കപ്പെടുകയോ ആക്രമിപ്പെടുകയോ ചെയ്യാന്‍ പാടില്ല. ഒരാളെ ഭീഷണിപ്പെടുത്തി മതം മാറ്റുന്നത് തെറ്റാണ്,’ കെജ്‌രിവാള്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉത്തര്‍പ്രദേശ്, ഹിമാചല്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ഇതിനോടകം തന്നെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ നിയമം കൊണ്ടുവന്നിട്ടുണ്ട്. അസം പോലുള്ള സംസ്ഥാനങ്ങള്‍ ഇതിന് സമാനമായ നിയമവും ആവിഷ്‌കരിച്ചിരുന്നു. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഇതിനായുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും ഡോര്‍സ്‌റ്റെപ് ഡെലിവറി സര്‍വീസുകളും മൊഹല്ല ക്ലിനിക്കുകളും ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെജ്‌രിവാള്‍ സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്ന പദ്ധതികളിലൊന്നാണ് മൊഹല്ല ക്ലിനിക്ക് എന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍. ഒരു ഡോക്ടര്‍, ഒരു മിഡ് വൈഫ് നേഴ്‌സ് എന്നിവരാണ് ക്ലിനിക്കില്‍ ഉണ്ടാവുക. സൗജന്യ മെഡിക്കല്‍ സേവനം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കെജ്‌രിവാള്‍ ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

‘പഞ്ചാബില്‍ ഇത്തരത്തില്‍ 16,000 മൊഹല്ല ക്ലിനിക്കുകള്‍ ഞങ്ങള്‍ സ്ഥാപിക്കും. ആശുപത്രികളെല്ലാം തന്നെ നവീകരിക്കും. ഡല്‍ഹിയെ പോലെ തന്നെ പഞ്ചാബും ഇതിന്റെ ഗുണഭോക്താക്കളാവും അദ്ദേഹം പറഞ്ഞു. പഞ്ചാബില്‍ തങ്ങള്‍ അധികാരത്തിലെത്തുകയാണെങ്കില്‍ പുതിയ നികുതി സമ്പ്രദായം ആവിഷ്‌കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആം ആദ്മി പാര്‍ട്ടി പഞ്ചാബ് അധ്യക്ഷന്‍ ഭഗവന്ത് മന്നിനെ മുന്‍നിര്‍ത്തിയാണ് എ.എ.പി പഞ്ചാബില്‍ മത്സരത്തിനൊരുങ്ങുന്നത്. മറ്റേതെങ്കിലും പാര്‍ട്ടിയുമായി ധാരണയില്ലാതെ ഒറ്റയ്ക്കാണ് മത്സരിക്കുന്നതെന്ന് എ.എ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഭഗവന്ത് മന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കര്‍ഷക നേതാക്കളുടെ പാര്‍ട്ടിയുമായി യാതൊരു തരത്തിലുള്ള ധാരണയും പാര്‍ട്ടിക്കില്ലെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചുകൊണ്ടു തന്നെ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും മന്‍ അറിയിച്ചിരുന്നു.

പഞ്ചാബിന്റെ ഭാവിക്ക് വേണ്ടി വോട്ട് ചെയ്യണമെന്നായിരുന്നു മന്‍ ജനങ്ങളോട് പറഞ്ഞത്. വോട്ട് എന്നത് ശക്തിയേറിയ ഒരു ആയുധമാണെന്നും, അത് ശരിയായ രീതിയില്‍ ഉപയോഗിക്കണമെന്നും മന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. തെരഞ്ഞെടുപ്പിന്റെ സമയത്ത് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം കാണിക്കുന്നവരെ കരുതിയിരിക്കണം. യാതൊരു തരത്തിലുള്ള ഭയമോ ആശങ്കയോ അത്യാഗ്രഹമോ ഇല്ലാതെ നിങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കുക,’ മന്‍ പറഞ്ഞു.

117 അംഗങ്ങളുള്ള മന്ത്രിസഭയിലേക്ക് ഫെബ്രുവരി 20നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പഞ്ചാബില്‍ ഭരണം പിടിക്കാനുറച്ചാണ് ഐ.എ.പി മത്സരത്തിനിറങ്ങുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക