തിരുവനന്തപുരം: സിനിമാ മേഖലയിലെ പരാതികള്‍ പരിഹരിക്കാനായി സമിതി രൂപീകരിക്കാന്‍ സാംസ്‌കാരിക വകുപ്പ് മുന്‍കൈയെടുക്കണ്‌ സംസ്ഥാന വനിതാ കമ്മീഷന്‍. ഇതുസംബന്ധിച്ച് കമ്മീഷന്‍ സാംസ്‌കാരിക വകുപ്പ് സെക്രട്ടറിക്ക് കത്ത് നല്‍കി. തൊഴിലിടങ്ങളിലെ സ്ത്രീപിഡനം സംബന്ധിച്ച വിശാഖാ കേസിലെ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള മാര്‍ഗരേഖയിലുള്ളതുപോലെ ആഭ്യന്തര പരാതി പരിഹാര സമിതി സംസ്ഥാനത്തെ സിനിമാ മേഖലയിലും നടപ്പാക്കാന്‍ സാംസ്‌കാരിക വകുപ്പ് മുന്‍കൈയെടുക്കണമെന്നാണ് വനിതാ കമ്മീഷന്റെ ആവശ്യം.

ഡബ്ല്യു.സി.സി ഭാരവാഹികള്‍ നല്‍കിയ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ നിയുക്തമായ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളും ശിപാര്‍ശകളും പ്രാവര്‍ത്തികമാക്കാനും വിഷയത്തില്‍ സാംസ്‌കാരിക വകുപ്പ് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് അറിയിക്കണമെന്നും കമ്മീഷന്‍ കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡബ്ല്യു.സി.സി ഭാരവാഹികള്‍ കമ്മിഷന്‍ അംഗം അഡ്വ. എം.എസ്. താര എന്നിവര്‍ സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവിയോട് നേരിട്ട് ബോധിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വനിതാ കമ്മിഷന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ സാംസ്‌കാരിക വകുപ്പ് സെക്രട്ടറിക്ക് കത്തയച്ചത്.

സിനിമാ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് ഒരുത്തരത്തിലുള്ള കുറവും സംഭവിച്ചിട്ടില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി നേരത്തെ പറഞ്ഞിരുന്നു. പീഡനത്തിനിരയായിട്ടുള്ള പെണ്‍കുട്ടിക്ക് നീതി ലഭിക്കാന്‍ പൊതുസമൂഹം പിന്തുണ നല്‍കണമെന്നും സതീദേവി പറഞ്ഞിരുന്നു.

തൊഴിലിടങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രൊഡക്ഷന്‍ കമ്പനികള്‍ തയ്യാറാവണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ആയതിനാല്‍ നിയമസഭയില്‍ വെക്കേണ്ടതില്ലെന്ന് ബന്ധപ്പെട്ട വകുപ്പ് മന്ത്രി പറഞ്ഞിട്ടുണ്ട്. സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഒരു നിയമം കേരളത്തില്‍ ആവശ്യമാണെന്ന് സതീദേവി പറഞ്ഞു.

തുല്യ വേതനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഇടപെടല്‍ ആവശ്യമാണ്. ഇക്കാര്യം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും സതീദേവി കൂട്ടിച്ചേര്‍ത്തു. നടി പാര്‍വതി തിരുവോത്തിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു വനിത കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയത്. ഇതിന് പിന്നാലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി ഇന്റേണല്‍ കമ്മിറ്റി സംഘടനയിലുണ്ടെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ പ്രതികരിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക