പനജി: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടി വിടില്ലെന്ന് സ്ഥാനാര്‍ഥികളെ പ്രതിജ്ഞ എടുപ്പിച്ച് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പിന് ശേഷം എം.എല്‍.എമാര്‍ കൂട്ടത്തോടെ പാര്‍ട്ടിവിടുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം ആരാധനാലയങ്ങളിലെത്തിച്ച് പ്രതിജ്ഞയെടുപ്പിച്ചത്. 36 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസിനോട് വിശ്വസ്തരായി തുടരുമെന്നുള്ള പ്രതിജ്ഞയെടുപ്പിച്ചത്.

മഹാലക്ഷ്മി ക്ഷേത്രം, ഹോളി ക്രോസ് ദേവാലയം, ബാംബോലിം, ബെറ്റിമിലെ മുഹമ്മദ് ഹംസ ഷാ ദര്‍ഗ എന്നിവിടങ്ങളില്‍ എത്തിച്ചായിരുന്നു പ്രതിജ്ഞ. സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചാലും ബി.ജെ.പിയടക്കമുള്ള പാര്‍ട്ടിയിലേക്ക് കൂറുമാറുമെന്ന് സംസ്ഥാനത്ത് വ്യാപക പ്രചാരണം നടന്നതോടെയാണ് ഇത്തരമൊരു മാര്‍ഗം സ്വീകരിക്കേണ്ടി വന്നതെന്ന് സംഭവം വിവാദമായതോടെ പ്രതികരിച്ച് ഗോവയിലെ കോണ്‍ഗ്രസ് നേതാവ് ദിനേഷ് ഗുണ്ടു റാവു പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗോവയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിനായില്ല. ബി.ജെ.പി. ഇടപെടല്‍ ശക്തമാക്കിയതോടെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂട്ടത്തോടെ മറുകണ്ടം ചാടി. 17 എം.എല്‍.എമാരുണ്ടായിരുന്ന കോണ്‍ഗ്രസ് അഞ്ച് വര്‍ഷം പിന്നിട്ടപ്പോള്‍ രണ്ട് പേര്‍ മാത്രമായി ചുരുങ്ങി. ഇതോടെയാണ് പാര്‍ട്ടി വിടില്ലെന്ന് പ്രതിജ്ഞയെടുപ്പിച്ചത്.

തീരുമാനം സ്ഥാനാര്‍ഥികള്‍ ഒറ്റക്കെട്ടായി എടുത്തതാണ്. ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്കായി ദൈവത്തിനു മുന്നില്‍ ഈ പ്രതിജ്ഞയെടുത്ത് ജനങ്ങളില്‍ നിന്നുള്ള വിശ്വാസം നേടുകയായിരുന്നു ലക്ഷ്യം. ഇതിനൊപ്പം പാര്‍ട്ടിയില്‍ എല്ലാവരും ഒറ്റക്കെട്ടാണെന്ന് അറിയിക്കുകയും വേണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ദൈവത്തെ വിശ്വസിക്കുന്നവരാണ് ഞങ്ങളെന്നും അതിനാലാണ് പ്രതിജ്ഞയെടുത്തതെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവായ ദിഗംബര്‍ കാമത്ത് പറഞ്ഞു. ഞങ്ങള്‍ വളരെ ഗൗരവത്തോടെ കാര്യങ്ങളെ സമീപിക്കുന്നു. സ്വന്തം എം.എല്‍.എമാരെ വേട്ടയാടാന്‍ ഒരു പാര്‍ട്ടിയെയും അനുവദിക്കില്ല. സര്‍വശക്തനില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. അതിനാലാണ് തെരഞ്ഞെടുപ്പിന് ശേഷം കൂറുമാറില്ലെന്ന് പ്രതിജ്ഞയെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക