മണത്തക്കാളി ചെടിയില്‍ നിന്നു വേര്‍തിരിച്ചെടുത്ത ഉട്രോസൈഡ്-ബി എന്ന സംയുക്തം കരള്‍ അര്‍ബുദത്തിനെതിരെ ഫലപ്രദമെന്ന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജിയുടെ (ആര്‍ജിസിബി) ഗവേഷണ ഫലം.ഇതിന് അമേരിക്കയുടെ എഫ്ഡിഎയില്‍ നിന്ന് ഓര്‍ഫന്‍ ഡ്രഗ് അംഗീകാരം ലഭിച്ചു. അപൂര്‍വ രോഗങ്ങള്‍ക്കുള്ള പുതിയ ചികിത്സകളെ വിലയിരുത്തുകയും അവയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയ്ക്കുകയും മരുന്നുകളുടെ വേഗത്തിലുള്ള അംഗീകാരത്തിന് സഹായിക്കുകയും ചെയ്യുന്നതാണ് ഓര്‍ഫന്‍ ഡ്രഗ് പദവി.കേരളത്തിലെ വീടുകളിലും വഴിയോരങ്ങളിലും കാണപ്പെടുന്ന കുറ്റിച്ചെടിയായ മണിത്തക്കാളിയുടെ (സോലാനം നിഗ്രം) ഇലകള്‍ക്ക് കരളിനെ അനിയന്ത്രിതമായ കോശ വളര്‍ച്ചയില്‍ നിന്ന് സംരക്ഷിക്കാനുള്ള ഗുണങ്ങളുണ്ടെന്നാണ് സീനിയര്‍ സയന്റിസ്റ്റ് ഡോ.റൂബി ജോണ്‍ ആന്റോ, വിദ്യാര്‍ഥിനി ഡോ. ലക്ഷ്മി ആര്‍.നാഥ് എന്നിവരുടെ കണ്ടെത്തല്‍. ചെടിയുടെ ഇലകളില്‍ നിന്ന് ഉട്രോസൈഡ്-ബി എന്ന തന്മാത്ര ഇരുവരും വേര്‍തിരിച്ചെടുക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അര്‍ബുദം ഉള്‍പ്പെടെയുള്ള കരള്‍ രോഗങ്ങളുടെ ചികിത്സയില്‍ ഈ ഗവേഷണം വഴിത്തിരിവാകുമെന്ന് ആര്‍ജിസിബി ഡയറക്ടര്‍ ഡോ. ചന്ദ്രഭാസ് നാരായണ പറഞ്ഞു. കരള്‍ രോഗവുമായി ബന്ധപ്പെട്ട് പ്രതിവര്‍ഷം ഒമ്ബത് ലക്ഷം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും എട്ട് ലക്ഷം പേര്‍ മരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ കണ്ടെത്തലിന് ഏറെ പ്രസക്തിയുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.യുഎസ്, കാനഡ, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ പേറ്റന്റ് നേടിയ സാങ്കേതികവിദ്യ യുഎസ് മരുന്ന് കമ്ബനിയായ ക്യുബയോമെഡ് വാങ്ങി.

ഒക്‌ലഹോമ മെഡിക്കല്‍ റിസര്‍ച് ഫൗണ്ടേഷന്‍ വഴിയാണ് സാങ്കേതിക കൈമാറ്റം നടത്തിയത്. ഈ സംയുക്തം നിലവില്‍ ലഭ്യമായ മരുന്നിനേക്കാള്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക