ഏറെ നാള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കൊളംബിയ ആ തീരുമാനമെടുത്തു. രാജ്യത്തിന്റെ പരിസ്ഥിതി ഘടനയ്ക്ക് ഭീഷണിയായ ഹിപ്പൊപ്പൊട്ടാമസുകളുടെ പ്രജനനം നിയന്ത്രിക്കാനായി ഇവയെ വന്ധ്യംകരിക്കാന്‍. മണ്‍മറഞ്ഞ ഡ്രഗ് ഡോണ്‍ പാബ്ലോ എസ്‌കോബാര്‍ വളര്‍ത്തിയിരുന്ന ഹിപ്പൊപ്പൊട്ടാമസുകളുടെ പിന്‍മുറക്കാരാണ് ഇവര്‍. അതിനു പിന്നില്‍ രസകരമായി തോന്നാവുന്ന എന്നാല്‍ അപകടകരമായ ഒരു കഥയുണ്ട്.

കൊളംബിയയുടെ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധിയാര്‍ജിച്ച പേരുകളിലൊന്നാണ് പാബ്ലോ എസ്‌കോബാര്‍ എന്ന കൊക്കെയ്ന്‍ രാജാവിന്റേത്. 1980 കളില്‍ കൊളംബിയയെ ഇളക്കിമറിച്ച ലഹരി മാഫിയ സംഘത്തിന്റെ തലവന്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും കൊളംബിയയുടെ ചരിത്രത്തില്‍ മായ്ച്ചു കളയാനാവാത്ത കുപ്രസിദ്ധ പേരുകളിലൊന്നാണ്. അദ്ദേഹത്തിന്റെ വിനോദങ്ങളിലൊന്നായിരുന്നു വന്യജീവികളെയും മറ്റും അനധികൃതമായി കടത്തിക്കൊണ്ടു വന്ന് ഹസിന്‍ഡ നെപൊളസ് എന്ന തന്റെ എസ്‌റ്റേറ്റില്‍ വളര്‍ത്തുകയെന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അങ്ങനെ ഒരുതവണ ഒരു കൗതുകത്തിന്റെ പുറത്ത് പാബ്ലോ രണ്ട് ഹിപ്പൊകളെ തന്റെ എസ്റ്റേറ്റില്‍ കൊണ്ടു വന്ന് വളര്‍ത്തി. അങ്ങനെ നാളുകള്‍ കടന്നു പോകവെ 1993 ല്‍ പാബ്ലോയെ കൊളംബിയന്‍ പൊലീസ് വകവരുത്തി. പാബ്ലോയുടെ എസ്‌റ്റേറ്റും അധികൃതര്‍ പിടിച്ചെടുത്തു. അവിടെയുണ്ടായിരുന്ന ഭൂരിഭാഗം മൃഗങ്ങളെയും അധികൃതര്‍ മൃഗശാലകളിലേക്ക് മാറ്റി. എന്നാല്‍ അവിടെ കണ്ടെത്തിയ നാല് ഹിപ്പോപ്പൊട്ടാമസുകളെ അവര്‍ കൊണ്ടു പോയില്ല. വലിയ മൃഗങ്ങളായ ഇവയെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടു പോവാന്‍ പറ്റില്ലെന്ന് കണ്ടാണ് ഇവയെ കൊണ്ടുപോവാതിരുന്നത്.

അവ അവിടെ തന്നെ ചത്തൊടുങ്ങുമെന്നാണ് അന്ന് അധികൃതര്‍ കരുതിയത്. പക്ഷെ സംഭവിച്ചത് മറിച്ചാണ്. ആ ഹിപ്പൊപ്പൊട്ടാസുകള്‍ അതിജീവിച്ചു. ഇവയുടെ എണ്ണം ക്രമാതീതമായി ഉയരുകയും ചെയ്തു. മികച്ച കാലാവസ്ഥയും ജലലഭ്യതയും ഇവയുടെ എണ്ണം വര്‍ധിക്കാനിടയാക്കി. ഇന്ന് 120ലേറെ ഹിപ്പൊകള്‍ സ്ഥലത്തുണ്ടെന്നാണ് കണക്കുകള്‍. കൃത്യമായ കണക്കെടുത്താല്‍ എണ്ണം ഇനിയും കൂടുമെന്ന് വിദഗ്ധര്‍ പറയുന്നു. കൊളംബിയയുടെ സ്വാഭാവിക പരിസ്ഥിതി ഘടനയില്‍ ഹിപ്പൊകളുടെ ക്രമാതീതമായ വര്‍ധനവ് രാജ്യത്തെ മറ്റു ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയെ ബാധിക്കുന്നെന്ന് പഠനങ്ങല്‍ പറയുന്നു.

ഹിപ്പൊകളുടെ സ്വദേശമായ ആഫ്രിക്ക കഴിഞ്ഞാല്‍ ഇന്ന് ഏറ്റവും കൂടുതല്‍ ഹിപ്പൊപ്പൊട്ടാമസുകള്‍ ഉള്ളത് കൊളംബിയയിലാണ്. ആഫ്രിക്കയിലേതു പോലെ വേട്ടക്കാരില്ലാത്തത് കൊളംബിയയില്‍ ഇവയുടെ എണ്ണം പെരുകാന്‍ കാരണമാവുകയും ചെയ്യുന്നു. 2034 ആകുമ്ബോഴേക്കും രാജ്യത്തെ ഹിപ്പൊകളുടെ എണ്ണം 1400 കടക്കുമെന്നാണ് ശാസ്ത്രവിദഗ്ധര്‍ പറയുന്നത്.

പാബ്ലോയുടെ ഹിപ്പൊകളുടെ വംശപരമ്ബര ഇന്ന് കൊളംബിയയുടെ പ്രകൃതി വ്യവസ്ഥയെ താറുമാറാക്കുമെന്നാണ് വിദഗ്ധാഭിപ്രായം. അതിനാലാണ് ഇവെയ വന്ധ്യം കരിക്കാന്‍ തീരുമാനിച്ചത്.അതേസമയം എല്ലാ ഹിപ്പൊകളെയും പിടിച്ച്‌ വന്ധ്യം കരിക്കുക എന്ന ശ്രമകരമായ ദൗത്യം തന്നെയാണ്. അഞ്ച് ടണോളമാണ് ഹിപ്പൊപ്പൊട്ടമസുകളുടെ ഭാരം. ആക്രമണസ്വഭാവവും കൂടുതലാണ്. മാത്രമല്ല കാട്ടില്‍ കഴിയുന്ന മിക്ക ഹിപ്പൊകളെയും പിടിക്കുക എന്നതും ബുദ്ധിമുട്ടാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക