കൊല്ലം: ഒടുവില്‍ കേരളം കാത്തിരുന്ന വിധി പ്രസ്‌താവം വന്നിരിക്കുകയാണ്. അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതി സൂരജിന് 17 വര്‍ഷം തടവും ഇരട്ട ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ ലഭിച്ചിരിക്കുന്നു.വധ ശിക്ഷതന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചെങ്കിലും പ്രതിയുടെ പ്രായവും, മുന്‍കാലങ്ങളില്‍ കുറ്രകൃത്യങ്ങളിലൊന്നും ഏര്‍പ്പെട്ടിട്ടില്ലെന്ന പശ്ചാത്തലവും കണക്കിലെടുത്ത് കോടതി വധശിക്ഷ ഒഴിവാക്കുകയായിരുന്നു.എന്നാല്‍, ‘ചത്തതിനൊക്കുമേ ജീവിച്ചിരിക്കലും’ എന്ന പഴമൊഴി പോലെ ജീവിതകാലം മുഴുവന്‍ ജയിലില്‍ കഴിയേണ്ടി വരും സുരജിന്. 17 വര്‍ഷത്തെ തടവ് ശിക്ഷയ‌്‌ക്ക് ശേഷമാണ് ജീവപര്യന്തം ആരംഭിക്കുന്നത് തന്നെ. ഇരട്ട ജീവപര്യന്തമാണ് പ്രതിക്ക് അനുഭവിക്കേണ്ടി വരിക. ജീവപര്യന്തത്തിന്റെ നിര്‍വചനം തന്നെ ‘ജീവിതാവസാനം വരെ’ എന്നതാണ്. ഒരു ക്രിമിനല്‍ക്കേസില്‍ കുറ്റക്കാരന്‍ എന്നു കണ്ടെത്തി ശിക്ഷിക്കപ്പെട്ട പ്രതിയെ ജീവിതകാലം മുഴുവന്‍ അഥവാ മരണം വരെ ജയിലില്‍ ഇടുക എന്നതാണ് നിയമ പ്രകാരം ജീവപര്യന്തം ശിക്ഷ എന്നതിന് അര്‍ത്ഥം.നാല് വകുപ്പുകള്‍ അനുസരിച്ച്‌ സൂരജ് കുറ്റക്കാരനെന്നാണ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. വിഷ വസ്തു ഉപയോഗിച്ചുള്ള കൊലപാതകത്തിന് പത്ത് വര്‍ഷം, തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷം, നേരത്തെ നടത്തിയ വധ ശ്രമത്തിന് ജീവപര്യന്തം, കൊലപാതകത്തിന് ജീവപര്യന്തം. ഇങ്ങനെയാണ് കോടതി വിധി. പത്ത് വര്‍ഷത്തെയും ഏഴ് വര്‍ഷത്തെയും തടവിന് ശേഷമാണ് ഇരട്ട ജീവപര്യന്തം തടവ് തുടങ്ങുകയെന്നാണ് വിധി.പല കേസുകളിലും തടവ് ശിക്ഷ ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതിയെന്ന് കോടതി വ്യക്തമാക്കാറുണ്ടൈങ്കിലും ഈ കേസില്‍ ഓരോ ശിക്ഷയും പ്രത്യേകമായി അനുഭവിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതായത് മേല്‍ക്കോടതി വിധികളോ സര്‍ക്കാര്‍ തീരുമാനമോ ഉണ്ടായില്ലെങ്കില്‍ ജീവതാവസാനം വരെ തടവില്‍ കിടക്കണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക