ചെന്നൈ: ഭർത്താവിന്റെ സ്വത്ത് തട്ടിയെടുക്കുവാൻ വ്യാജ ഗർഭം അഭിനയിക്കുകയും, പിടിക്കപ്പെടുമെന്നായപ്പോൾ ആശുപത്രിയിൽ കയറി കുട്ടിയെ തട്ടിയെടുക്കുകയും ചെയ്ത യുവതി അറസ്റ്റിൽ. തമിഴ്നാട്ടിൽ നാലുദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ സർക്കാർ ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ യുവതിയെ ചോദ്യം ചെയ്തതോടെയാണ് വ്യാജ ഗർഭത്തിന്റെ കഥയും, ഭർത്താവിന്റെ സ്വത്ത് തട്ടിയെടുക്കാനുള്ള നാടകവും പൊളിഞ്ഞത്. തമിഴ്‌നാട് ചെന്നൈ സ്വദേശിയ വിജിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

തഞ്ചാവൂരിലാണ് സംഭവം. ഗുണശേഖരൻ, രാജലക്ഷ്മി ദമ്പതികളുടെ നാല് ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് വിജി തട്ടിക്കൊണ്ടുപോയത്. തഞ്ചാവൂർ സർക്കാർ ആശുപത്രിയിൽ നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പ്രസവത്തിനായി ആശുപത്രിയിൽ എത്തിയ ഗുണശേഖരനെയും രാജലക്ഷ്മിയെയും സഹായിക്കാൻ മറ്റാരും ഇല്ലെന്ന് മനസിലാക്കി സഹായിക്കാൻ എന്ന വ്യാജേന അടുത്തുകൂടി അടുപ്പം സ്ഥാപിച്ചാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാജലക്ഷ്മിയെ വാഷ്റൂമിലേക്കും ഗുണശേഖരനെ സാധനങ്ങൾ വാങ്ങാൻ കടയിലേക്കും പറഞ്ഞയച്ച ശേഷം ആശുപത്രി കിടക്കയിൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ക്യാരിബാഗിലാണ് കുട്ടിയെ ആശുപത്രിയ്ക്ക് പുറത്തേയ്ക്ക് കൊണ്ടുപോയത്. ദമ്പതികളുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് യുവതിയെ തിരിച്ചറിഞ്ഞത്. യുവതി ആശുപത്രിയിൽ നിന്ന് ഓട്ടോറിക്ഷയിൽ കയറി പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി. ഓട്ടോറിക്ഷ ഡ്രൈവറെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിജി പിടിയിലായത്.

വിജി രണ്ടുതവണ വിവാഹമോചനം നേടിയ സ്ത്രീയാണ്.ബാലമുരുകനെ മൂന്നാമത്് കല്യാണം കഴിച്ച് കുടുംബജീവിതം തുടരുന്നതിനിടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ബാലമുരുകന്റെ സ്വത്തുക്കൾ തട്ടാനാണ് തട്ടിപ്പ് നടത്തിയതെന്ന് യുവതി മൊഴി നൽകിയതായി പൊലീസ് പറയുന്നു. താൻ ഗർഭിണിയാണെന്ന് കഴിഞ്ഞ ഒൻപത് മാസവും യുവതി ബാലമുരുകനെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. വയറിൽ തുണി കെട്ടിവെച്ചാണ് യുവതി ബാലമുരുകനെ പറ്റിച്ചിരുന്നത്. പ്രസവത്തിന് ഭർത്താവിന്റെ സഹായം ആവശ്യമില്ല എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് യുവതി സർക്കാർ ആശുപത്രിയിൽ പോയത്. ഇവിടവച്ചാണ് യുവതി നാലുദിവസം മാത്രമുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു.

കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന് മുൻപ് കുഞ്ഞിന് ധരിക്കാനായി കടയിൽ നിന്ന് ഡയപ്പർ വാങ്ങിയിരുന്നു. സമ്മാനപദ്ധതിയുടെ ഭാഗമായി സാധനങ്ങൾ വാങ്ങുന്നവർക്ക് കടയിൽ നിന്ന് കൂപ്പൺ നൽകിയിരുന്നു. ഇതിന്റെ ഭാഗമായി നൽകിയ മൊബൈൽ നമ്പറാണ് പ്രതിയെ പിടികൂടുന്നതിൽ നിർണായകമായത്. കാണാതായി 30 മണിക്കൂറിനുള്ളിലാണ് പിഞ്ചു കുഞ്ഞിനെ കണ്ടെത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക