ശാസ്താംകോട്ട : ഹൃദയസംബന്ധമായ ചികിത്സ തേടിയ പ്രവാസി സ്വകാര്യ ആശുപത്രിയില്‍ മരിച്ച സംഭവത്തില്‍ ശാസ്ത്രീയ പരിശോധനയുമായി പൊലീസ്.പോരുവഴി ഇടയ്ക്കാട് തെക്ക് അജിതാ ഭവനം അജികുമാര്‍ (47) ആണ് ചികിത്സയ്ക്കിടെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം മരിച്ചത്.ചികിത്സപ്പിഴവ് മരണത്തിനു കാരണമായതെന്ന കുടുംബത്തിന്റെ പരാതിയില്‍ അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ്, വിദഗ്ധരുടെ സഹായത്തോടെ പഴുതടച്ച അന്വേഷണം നടത്താനാണ് ശ്രമിക്കുന്നത്.ആരോഗ്യവകുപ്പിനും ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ സംഘമാണ് അജികുമാറിന്റെ പോസ്റ്റ്മോര്‍ട്ടം നടത്തിയത്. രാസ പരിശോധനയ്ക്കായി ശേഖരിച്ച ആന്തരിക അവയവങ്ങളുടെ സാംപിളുകള്‍ പൊലീസ് ലാബിലേക്കും മെഡിക്കല്‍ കോളജിലെ പത്തോളജി ലാബിലേക്കും അയച്ചു.പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും മെഡിക്കല്‍ ബോര്‍ഡിന്റെ അനുമാനങ്ങളും നിര്‍ണായകമാകും. ശസ്ത്രക്രിയയ്ക്കിടയില്‍ കരളില്‍ സൂചി കൊണ്ടു മുറിഞ്ഞതാണ് രക്തസ്രാവത്തിനു കാരണമെന്നു ഡോക്ടര്‍ സമ്മതിച്ചതായും അനുമതിയില്ലാതെയാണ് ശസ്ത്രക്രിയകള്‍ നടത്തിയതെന്നുമാണ് കുടുംബത്തിന്റെ പരാതി.എന്നാല്‍ അജിയെ മുന്‍പ് അണലി കടിച്ചിട്ടുണ്ടെന്നും രക്തം കട്ട പിടിക്കാതിരിക്കാനുള്ള മരുന്ന് കഴിച്ചിരുന്നു എന്നുമൊക്കെയുള്ള ആശുപത്രിയുടെ വാദം അടിസ്ഥാനരഹിതമാണെന്നും ബന്ധുക്കള്‍ പറഞ്ഞു.ആരോഗ്യരംഗത്തെ വിദഗ്ധരുടെ സഹായത്തോടെ അന്വേഷണം തുടരുകയാണെന്നും രാസപരിശോധന ഫലങ്ങളും മെഡിക്കല്‍ ബോര്‍ഡ‍ിന്റെ റിപ്പോര്‍ട്ടും ലഭിച്ച ശേഷം തുടര്‍ നടപടികളിലേക്ക് കടക്കുമെന്നു എസ്‌എച്ച്‌ഒ എ. അനൂപ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക