കൊച്ചി: പുരാവസ്തുക്കളുടെ പേരില്‍ സാമ്ബത്തിക തട്ടിപ്പു നടത്തിയ കേസില്‍ മോന്‍സന്‍ മാവുങ്കലിനെ വീണ്ടും കസ്റ്റഡിയില്‍ വിട്ടു.ഒക്ടോബര്‍ രണ്ട് വരെ മൂന്നു ദിവസത്തേക്കാണ് കസ്റ്റഡി. എറണാകുളം എസിജെഎം കോടതിയുടേതാണ് ഉത്തരവ്. കേസില്‍ കൂടുതല്‍ അന്വേഷണം ഇനിയും നടത്താനുണ്ടെന്ന് ക്രൈംബ്രാഞ്ച് സംഘം കോടതിയെ അറിയിച്ചു. മോന്‍സന്‍ തട്ടിപ്പിലൂടെ സമ്ബാദിച്ച പണം കണ്ടെത്തണമെന്നാണ് ക്രൈം ബ്രാഞ്ചിന്റെ ആവശ്യം. കസ്റ്റഡി നീട്ടണം എന്ന ക്രൈംബ്രാഞ്ച് ആവശ്യത്തെ പ്രതിഭാഗം എതിര്‍ത്തു. മോന്‍സന്റെ അക്കൗണ്ടിലേക്ക് പണം എത്തിയിട്ടില്ല. ഇല്ലാത്ത പണം കണ്ടെത്താന്‍ കസ്റ്റഡി നീട്ടരുത്. മോന്‍സനെതിരായ ആരോപണം അടിസ്ഥാനരഹിതമാണ്. വീട്ടില്‍ കുറച്ച്‌ സാധനങ്ങള്‍ ഉണ്ടാക്കിവച്ചെന്നല്ലാതെ വില്‍പ്പനയ്ക്ക് ശ്രമിച്ചിട്ടില്ല. ഈ ആരോപണത്തില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍, ക്രൈംബ്രാഞ്ചിന്റെ വാദങ്ങള്‍ കോടതി അംഗീകരിക്കുകയായിരുന്നു. പുരാവസ്തു കാണിച്ച്‌ മോന്‍സന്‍ ഉന്നതരെയടക്കം കബളിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. മോന്‍സനെതിരെ നിലവില്‍ സാമ്ബത്തിക തട്ടിപ്പ് കേസുകളിലാണ് അന്വേഷണം നടക്കുന്നതെന്നും പ്രതിക്കെതിരെയുള്ള മറ്റു ആരോപണങ്ങളിലും അന്വേഷണം നടക്കുമെന്നും എഡിജിപി എസ്.ശ്രീജിത്ത് അറിയിച്ചിട്ടുണ്ട്. മോന്‍സന്റെ ഡോക്ടറേറ്റ് വ്യാജമാണെന്ന പരാതി പരിശോധിക്കും. അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും എഡിജിപി വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക