പാലക്കാട്: പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ അശ്ലീല വിഡിയോ രഹസ്യമായി കണ്ട റിട്ടയേര്‍ഡ് എസ് ഐയെ പൊലീസ് അറസ്റ്റുചെയ്തു. കോട്ടായി കരിയങ്കോട് സ്വദേശി രാജശേഖരന്‍ എന്ന അറുപതുകാരനാണ് പിടിയിലായത്. അറസ്റ്റിലായ ഉടന്‍ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട ഇയാളെ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്റര്‍പോളിന്റെയും സൈബര്‍ ഡോമിന്റെയും നിര്‍ദ്ദേശപ്രകാരമായിരുന്നു ഇയാളെ അറസ്റ്റുചെയ്തത്.
ഓണ്‍ലൈനില്‍ അശ്ലീലദൃശ്യങ്ങള്‍ സ്ഥിരമായി കാണുന്നവരെ പിടികൂടുന്നതിനായി സൈബര്‍ സെല്ലിന്റെ കീഴില്‍ സ്‌പെഷ്യല്‍ ടീം രൂപീകരിച്ചിരുന്നു. ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ ഓപ്പറേഷന്‍ പി ഹണ്ട് എന്ന പേരിട്ടായിരുന്നു പരിശോധന. ഓണ്‍ലൈനില്‍ കുട്ടികളുടെ അശ്ലീലം കാണുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സൈബര്‍ ഡോമും ഇന്റര്‍പോളും നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നായിരുന്നു പരിശോധനയും അറസ്റ്റും. പാലക്കാട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 59 പരിശോധനകളാണ് നടത്തിയത്. 25 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
നിരോധിത സൈറ്റുകളില്‍നിന്ന് കുട്ടികളുടെ അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ കാണുകയോ ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ പോക്‌സോ കേസ് കൂടി ചാര്‍ജ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. പരിശോധനയില്‍ പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഡൗണ്ലോഡുചെയ്തശേഷം മായ്ച്ചുകളഞ്ഞ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനാണിത്.