തിരുവനന്തപുരം: രാജ്യത്ത് ഡീസലിന്‍റെ വിലയില്‍ വീണ്ടും വര്‍ദ്ധനവ്. 26 പൈസയാണ് തിങ്കളാഴ്ച ഡീസലിന് കൂടിയത്.അതേ സമയം പെട്രോള്‍ വിലയില്‍ മാറ്റമില്ല. പുതുക്കിയ വില പ്രകാരം തിരുവനന്തപുരത്ത് ഡീസലിന് 96.15 രൂപയും, എറണാകുളത്ത് 94.20 രൂപയും, കോഴിക്കോട് 94.52 രൂപയുമാണ് വില. ഇതോടെ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഡീസലിന് 74 പൈസയാണ് രാജ്യത്ത് ഡീസലിന് വില കൂടിയത്.കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്ന സമയത്ത് എണ്ണകമ്ബനികള്‍ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വില വര്‍ധന തുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ കുറച്ചുദിവസങ്ങളായി വില വര്‍ദ്ധനവ് ഉണ്ടായിരുന്നില്ലെങ്കിലും അടുത്തിടെ അന്താരാഷ്ട്ര വിലയിലെ ചാഞ്ചാട്ടങ്ങള്‍ ഉണ്ടായതോടെ ഇന്ധനവില വീണ്ടും മുകളിലേക്ക് പോകുവാന്‍ തുടങ്ങി. ഇരുപത്തിയൊന്ന് ദിവസമായി പെട്രോള്‍ വിലയില്‍ മാറ്റമില്ല.അതേസമയം, രാജ്യത്തെ പെട്രോള്‍ വില കുറയാതിരിക്കാന്‍ കാരണം, സംസ്ഥാനങ്ങള്‍ ഇന്ധനവില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ സമ്മതിക്കാത്തതാണെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ വാദം. പശ്ചിമബംഗാളില്‍ പെട്രോള്‍ വില 100 കടന്നതിന്റെ കാരണം തൃണമൂല്‍ സര്‍ക്കാര്‍ ഉയര്‍ന്ന നികുതി ഈടാക്കുന്നതാണെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക