കോട്ടയം: ഭരണത്തിൽ ആറു മാസം തികഞ്ഞപ്പോൾ തന്നെ നഗരസഭ ഭരണം താഴെവീഴേണ്ടി വന്നത് കോൺഗ്രസ് പാർട്ടിയ്ക്കുള്ളിലെ തമ്മിലടി മൂലം. നഗരസഭ വൈസ് ചെയർമാൻ ബി.ഗോപകുമാറും, മുതിർന്ന കോൺഗ്രസ് നേതാവ് എം.പി സന്തോഷ്‌കുമാറും തമ്മിലുള്ള ശീത സമരമാണ് കോൺഗ്രസിന് നഗരസഭ ഭരണം കയ്യിൽ നിന്നു പോകുന്നതിന് ഇടയാക്കിയതെന്നാണ് കോൺഗ്രസ് പ്രവർത്തകർ ഉയർത്തുന്ന ആരോപണം. വോട്ടെടുപ്പിനെ നേരിടാൻ പോലും ആകാതെ ഒളിച്ചോടിയ കോൺഗ്രസിനും -യു.ഡി.എഫിനും വൻ തിരിച്ചടിയായിരിക്കുകയാണ് ഇപ്പോഴത്തെ ഭരണമാറ്റം.

52 അംഗങ്ങളുള്ള നഗരസഭയിൽ വൻ വിജയം ഉറപ്പാക്കിയായിരുന്നു കോൺഗ്രസ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. എന്നാൽ, കോൺഗ്രസിനുള്ളിലെ തർക്കത്തെ തുടർന്നു വിമതയായി മത്സരിച്ച ബിൻസി സെബാസ്റ്റ്യൻ വിജയിച്ചു കയറിയതോടെ കോൺഗ്രസ് പാർട്ടി അടിമുടി ആടിയുലഞ്ഞു. 22 സീറ്റ് വിജയിച്ച ഇടതു മുന്നണി നഗരസഭയിലെ തന്നെ ഒറ്റകക്ഷിയായി മാറി. 21 സീറ്റ് മാത്രമാണ് അന്ന് യു.ഡി.എഫിനു വിജയിക്കാനായത്. എട്ടു സീറ്റുമായി ബി.ജെ.പി ഇവിടെ നിർണ്ണായക ശക്തിയായി മാറുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വോട്ടെടുപ്പിൽ തുല്യ നില വന്നതിനെ തുടർന്നു നഗരസഭഭരണം പിടിച്ചെടുക്കാൻ ടോസിന്റെ ഭാഗ്യമാണ് യു.ഡി.എഫിനെ തുണച്ചത്. ഇതേ തുടർന്നാണ് ബിൻസി സെബാസ്റ്റ്യൻ നഗരസഭ അധ്യക്ഷയായി അധികാരത്തിൽ എത്തിയത്. എന്നാൽ, കോൺഗ്രസ് പാർട്ടിയിൽ അന്നു തന്നെ എതിർ സ്വരം ഉയർന്നിരുന്നു. കോൺഗ്രസിലെ ചില മുതിർന്ന നേതാക്കളുടെ അനുഗ്രഹാശിസുകളോടെയാണ് നഗരസഭ തിരഞ്ഞെടുപ്പിൽ ബിൻസി വിമതയായി മത്സരിച്ചത്. ഇത്തരത്തിൽ വിമതയായി മത്സരിച്ച ബിൻസിയെ ചെയർപേഴ്‌സണാക്കുന്നത് അന്ന് തന്നെ കോൺഗ്രസിൽ വിമർശനം ഉയർന്നിരുന്നു.

എന്നാൽ, അധികാരം ഏറ്റെടുത്ത ശേഷം എം.പി സന്തോഷ്‌കുമാറും കോൺഗ്രസിലെ ഒരു വിഭാഗവും ബിൻസിയുടെയും ഭരണത്തിന്റെയും നിയന്ത്രണം ഏറ്റെടുത്തതാണ് വൈസ് ചെയർമാൻ കൂടിയായ ഗോപകുമാറിനെ ചൊടിപ്പിച്ചത്. ഗോപനെ പിൻതുണച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എകൂടി രംഗത്ത് എത്തുകയും ചെയ്തു. എന്നാൽ, ഇതിനിടെ പാർട്ടിയിൽ തന്നെയും ചെയർപേഴ്‌സണിനെയും ഒറ്റപ്പെടുത്താൻ നടത്തിയ നീക്കങ്ങളിൽ പ്രതിഷേധിച്ച് നഗരസഭയിലെ പാർലമെന്ററി പാർട്ടി നേതാവ് സ്ഥാനത്തു നിന്നും എം.പി സന്തോഷ്‌കുമാർ രാജി വയ്ക്കുകയും ചെയ്തു. തുടർന്നാണ് അവിശ്വാസ പ്രമേയത്തിനു നോട്ടീസ് ലഭിച്ചത്. ഈ നോട്ടീസിൽ വോട്ടെടുപ്പിലേയ്ക്കു പോയാൽ കോൺഗ്രസിലെ ഒരു വിഭാഗം അംഗങ്ങൾ തന്നെ എതിർപ്പുമായി രംഗത്ത് എത്തുകയും, എതിർത്ത് വോട്ടെടുപ്പിൽ പങ്കെടുക്കുകയും ചെയ്യും എന്ന ആശങ്ക ഉടലെടുത്തതോടെയാണ് കോൺഗ്രസ് പാർട്ടി വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നതെന്നാണ് ലഭിക്കുന്ന സൂചന. ഈ സാഹചര്യത്തിൽ നഗരസഭയിലും കോൺഗ്രസിലും വരും ദിവസങ്ങളിൽ വൻ പൊട്ടിത്തെറിയുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്.

നിലവിൽ കോട്ടയം നഗരസഭയിലെ ചെയർപേഴ്‌സൺ മാത്രമാണ് പുറത്തായിരിക്കുന്നത്. വൈസ് ചെയർമാന് ഭരണം തുടരുകയും ചെയ്യാം. ഈ സാഹചര്യത്തിൽ കോൺഗ്രസിലെ ശക്തനായ വൈസ് ചെയർമാൻ ഗോപകുമാർ തന്നെയാണ് ഭരണം നയിക്കുന്നത്. അതുകൊണ്ടു തന്നെ ഗോപന്റെയും, തങ്ങളെ അനുകൂലിക്കുന്നവരുടെയും കൈകളിൽ തന്നെയാകും ഭരണമെന്നാണ് സൂചന. ഇതോടെ കോൺഗ്രസ് പാർട്ടിയ്ക്കുള്ളിലും നഗരസഭയിലെ എം.പി സന്തോഷ്‌കുമാർ ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലായി.

കോൺഗ്രസ് അംഗങ്ങൾ വിട്ടു നിന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ എട്ട് അംഗങ്ങളുടെ പിൻതുണയോടെയാണ് അവിശ്വാസ പ്രമേയം പാസായിരിക്കുന്നത്. 27 വോട്ടുകളായിരുന്നു അവിശ്വാസം പാസാകാൻ വേണ്ടിയിരുന്നത്. എന്നാൽ, 21 എൽഡിഎഫ് വോട്ടുകളും എട്ട് ബി.ജെ.പി വോട്ടുകളും ലഭിച്ചതോടെ അവിശ്വാസ പ്രമേയം 29 വോട്ടുകളോടെ പാസായി. എൽ.ഡി.എഫ് സ്വതന്ത്രന്റെ വോട്ട് ്അസാധുവായി.

അവിശ്വാസ പ്രമേയത്തിൽ നിന്ന് വിട്ടുനിൽക്കാൻ കോൺഗ്രസ് അംഗങ്ങൾക്ക് ജില്ലാ കോൺഗ്രസ് നേതൃത്വം നിർദേശം നൽകിയിരുന്നു. എൽ.ഡി.എഫിനു 22 ഉം, ബി.ജെ.പിയ്ക്ക് എട്ടും യുഡിഎഫിന് 21 അംഗങ്ങളുമാണ് ഉള്ളത്. കോൺഗ്രസ് വിമതയായി വിജയിച്ച ബിൻസി സെബാസ്റ്റിയനാണ് നഗരസഭ അധ്യക്ഷയായിരിക്കുന്നത്. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് നേരിട്ട് വിപ്പ് നൽകിയ സാഹചര്യത്തിലാണ് കോൺഗ്രസ് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നത്. നഗരസഭ ഭരണത്തെച്ചൊല്ലി കോൺഗ്രസിൽ ഭിന്നത രൂക്ഷമായതിനെ തുടർന്നാണ് ഭരണത്തിൽ നിന്നും കോൺഗ്രസ് വിട്ടു നിന്നത്. നഗരസഭയിൽ ആകെ 52 അംഗങ്ങളാണ് ഉള്ളത്. ഇതിൽ 27 പേരുടെ പിൻതുണ ഉണ്ടെങ്കിൽ മാത്രമേ അവിശ്വാസം പാസാകുമായിരുന്നുള്ളു. എന്നാൽ, നിർണ്ണായകമായ കോട്ടയം നഗരസഭയുടെ ഭരണം നഷ്ടമായത് വരും ദിവസങ്ങളിൽ കോൺഗ്രസിൽ വൻ ചർച്ചയ്ക്ക് തന്നെ ഇടയാക്കുമെന്നാണ് സൂചന.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക