അഗളി: ആദിവാസി യുവാവ് മധുവിനെ മര്‍ദ്ദിച്ചു കൊന്ന കേസിലെ പ്രതിയെ സി.പി.എം മുക്കാലി ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്ത നടപടി വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ചു.അട്ടപ്പാടിയില്‍ ഇന്നലെ നടന്ന മുക്കാലി ബ്രാഞ്ച് കമ്മിറ്റി തിരഞ്ഞെടുപ്പാണ് വിവാദമായത്.2018 ഫെബ്രുവരി 22ന് മധു എന്ന ആദിവാസി യുവാവിനെ മോഷണക്കുറ്റം ചുമത്തി ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇതുസംബന്ധിച്ച്‌ 16 പേരെ പ്രതികളാക്കി കേസെടുത്തിരുന്നു. ഇതിലെ മൂന്നാം പ്രതിയായ പി.എം. ഷംസുദ്ദീനെയാണ് മുക്കാലി ബ്രാഞ്ച് സെക്രട്ടറിയായി ഇന്നലെ നടന്ന യോഗം തിരഞ്ഞെടുത്തത്. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെയടക്കം പ്രതിഷേധം ഉയര്‍ന്നതോടെ ഏരിയാ നേതൃത്വം ഇടപെട്ട് മറ്റൊരാളെ തിരഞ്ഞെടുക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.ബ്രാഞ്ച് സെക്രട്ടറിയുടെ ചുമതലയുള്ള വി.കെ. ജയിംസിന്റെ അധ്യക്ഷതയിലായിരുന്നു യോഗ നടപടികള്‍. യോഗത്തില്‍ തന്നെ ഷംസുദ്ദീനെതിരെ എതിര്‍പ്പ് ഉണ്ടായെങ്കിലും അംഗീകരിച്ചില്ല. തുടര്‍ന്നാണ് ഏരിയ സെക്രട്ടറി സി.പി. ബാബു ഇടപെട്ട് പ്രശ്നം പരിഹരിച്ചത്. സമ്മേളനം തീരുന്നതിനു മുമ്ബുതന്നെ തിരഞ്ഞെടുത്ത സെക്രട്ടറിയെ മാറ്റി യോഗ്യതയുള്ള മറ്റൊരാളെ തെരഞ്ഞെടുക്കണമെന്ന് സി.പി. ബാബു കര്‍ശന നിര്‍ദേശം നല്‍കി. നിര്‍ദേശത്തെ തുടര്‍ന്ന് മുക്കാലിയിലെ സി. ഹരീഷ് എന്നയാളെ സെക്രട്ടറിയായി യോഗത്തില്‍ തിരഞ്ഞെടുത്തു. മധുവിന്റെ മരണം സംബന്ധിച്ച കേസ് മണ്ണാര്‍ക്കാട് എസ്.സി എസ്.ടി കോടതിയില്‍ നടന്നുവരികയാണ്. 16 പ്രതികളും ഇപ്പോള്‍ ജാമ്യത്തിലാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക