കോട്ടയം: ഓഎൽഎക്‌സിൽ വിൽപ്പനയ്ക്കു വച്ച ഫോൺ വാങ്ങാനെന്ന വ്യാജേനെ, നഗരത്തിൽ എത്തിയ ശേഷം ആലപ്പുഴ സ്വദേശിയുടെ ഫോൺ തട്ടിയെടുത്ത് ഓടിരക്ഷപെടാൻ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ കൊല്ലം ശൂരനാട് സൗത്ത് പ്ലാവിളയിൽ വീട്ടിൽ വിഷ്ണു ചന്ദ്രനെ (29)യാണ് വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച വൈകിട്ടോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ആലപ്പുഴ സ്വദേശിയായ ഡോണി ഓഎൽഎക്‌സിൽ ഫോൺ വിൽക്കുന്നതിനായി പരസ്യം നൽകിയിരുന്നു. ഈ പരസ്യം കണ്ടതിനെ തുടർന്നു പ്രതിയായ വിഷ്ണു ഡോണിയെ ഫോണിൽ ബന്ധപ്പെട്ടു. വില പറഞ്ഞ് ഉറപ്പിച്ച ശേഷം ഞായറാഴ്ച തിരുനക്കര ക്ഷേത്രത്തിനു സമീപത്തു വച്ച് ഫോൺ കൈമാറാം എന്ന് ഇരുവരും ധാരണയിൽ എത്തുകയും ചെയ്തു. ഇതിനു ശേഷം ഇരുവരും തിരുനക്കര ക്ഷേത്രത്തിനു സമീപത്തെ വഴിയിലൂടെ നടക്കുന്നതിനിടെ വിഷ്ണു ഡോണിയുടെ കയ്യിൽ നിന്നും ഫോൺ തട്ടിയെടുത്തു. തുടർന്നു, പണം എന്നു തോന്നിപ്പിക്കുന്ന ഒരു പൊതിക്കെട്ട് കയ്യിൽ നൽകിയ ശേഷം വിഷ്ണു ഓടിരക്ഷപെടുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭാരത് ആശുപത്രിയ്ക്കു സമീപത്തെ ഇടവഴിയിലൂടെ ഓടിയ വീഷ്ണുവിനെ നാട്ടുകാർ ചേർന്നു പിടികൂടി. തുടർന്നു സ്ഥലത്ത് എത്തിയ പൊലീസ് സംഘത്തിനു പ്രതിയെ കൈമാറി. വിഷ്ണു ഡോണിയ്ക്കു കൈമാറിയ പൊതിക്കെട്ടിനുള്ളിൽ വെള്ളപേപ്പറുകൾ മാത്രമാണ് ഉണ്ടായിരുന്നത്. തിരുനക്കര ക്ഷേത്രത്തിനു മുന്നിൽ 2009 ലുണ്ടായ വെട്ടു കേസിലെ പ്രതിയാണ് വിഷ്ണു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക