പാലാ അരുണാപുരം എൽ പി സ്കൂളിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ മറവിൽ മുനിസിപ്പൽ കൗൺസിലർ പതിനായിരക്കണക്കിന് രൂപയുടെ മണ്ണ് കടത്തി എന്ന് ആരോപണം. നഗരസഭയുടെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിൽ കോമ്പൗണ്ട് വാൾ കെട്ടുന്നതിന്റെ മറവിലാണ് മണ്ണ് കടത്തിയത്. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനോം, വാർഡ് കൗൺസിലറും കേരള കോൺഗ്രസ് നേതാവുമായ സാവിയോ കാവുകാട്ടിനെതിരെയാണ് ആരോപണമുയരുന്നത്.

സംഭവം ഇങ്ങനെ : എൽ പി സ്കൂളിലെ അടുക്കളയോട് ചേർന്നുള്ള മൺതിട്ട ഇടിച്ച് കൊമ്പൗണ്ട് വാൾ കെട്ടാനായിരുന്നു തീരുമാനം. ഇതിനുവേണ്ടി നീളത്തോട് നീളം ഉയരത്തിലുള്ള മൺതിട്ട ആറടിയോളം ഇടിച്ചു നിരത്തി. ഇത്തരത്തിൽ തിട്ട ഇടിച്ചപ്പോൾ കുന്നു കൂടിയ ലോഡ് കണക്കിന് മണ്ണാണ് രഹസ്യമായി കടത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അറിയുവാൻ ഞങ്ങളുടെ പ്രതിനിധി സ്കൂൾ ഹെഡ്മിസ്ട്രസിനെ ബന്ധപ്പെട്ടിരുന്നു. മുനിസിപ്പൽ വർക്കുകളുടെ ആവശ്യത്തിനാണ് മണ്ണെടുക്കുന്നത് എന്നാണ് ഹെഡ്മിസ്ട്രസ്സിനോട് കോൺട്രാക്ടർ വ്യക്തമാക്കിയിട്ടുള്ളത്. മണ്ണെടുത്ത ഇനത്തിൽ ഒരു രൂപ പോലും സ്കൂളിന് നൽകിയിട്ടുമില്ല.

ഒരു ലോഡ് മണ്ണിന് പാലായിൽ ഇപ്പോൾ ഏറ്റവും ചുരുങ്ങിയത് 2500 രൂപയാണ് മാർക്കറ്റ് വില. ഇത്തരത്തിൽ നിരവധി ലോഡുകളാണ് കടത്തിയിട്ടുള്ളത്. വാർഡ് കൗൺസിലർ സാവിയോ കാവുകാട്ടിന്റെ ഇടപാടിലാണ് മണ്ണ് കടത്തൽ നടന്നതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. പാർട്ടി ചെയർമാൻ ജോസ് കെ മാണി വോട്ടർ ആയിട്ടുള്ള വാർഡിലാണ് ഇത്തരത്തിൽ ഒരു പൊതുമുതൽ കൊള്ള നടന്നിരിക്കുന്നത്.

ദിവസങ്ങൾക്കു മുമ്പാണ് മറ്റൊരു കേരള കോൺഗ്രസ് കൗൺസിലറുടെ നിയന്ത്രണത്തിലുള്ള അനധികൃത പാറമടയിൽ പോലീസ് റെയ്ഡ് നടന്നതും ഉപകരണങ്ങൾ പിടിച്ചെടുത്തതും. ഇതിന് പിന്നാലെയാണ് ഇപ്പോൾ അടുത്ത കൗൺസിലറുടെ നേതൃത്വത്തിൽ മണ്ണ് കടത്ത് നടന്നിരിക്കുന്നത്. ഈ മണ്ണെടുപ്പിന് പിന്നിലും കൂട്ടുപ്രതിയായി അന്നത്തെ പാറമട നടത്തിയ കൗൺസിലർ ഉണ്ട് എന്നും അഭ്യൂഹങ്ങൾ ഉണ്ട്.

കേരളത്തിൽ കേരള കോൺഗ്രസ് ഭരിക്കുന്ന ഏക നഗരസഭയാണ് പാലാ. നിരവധി അഴിമതി ആരോപണങ്ങളാണ് ഈ നഗരസഭാ ഭരണസമിതിക്കെതിരെ മൂന്നു വർഷങ്ങൾക്കിടയിൽ ഉയർന്നുവന്നിരിക്കുന്നത്. ഭരണത്തിലെ കെടുകാര്യസ്ഥത മൂലം നഗരസഭ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക