ഇടുക്കി ജില്ലയില്‍ കൈവശ ഭൂമിയില്‍ ഉടമസ്ഥത, പാട്ടം തുടങ്ങിയ അവകാശങ്ങള്‍ക്കു രേഖകളില്ലാത്ത ആര്‍ക്കും ഇനിയൊരു ഉത്തരവു വരെ പട്ടയം നല്‍കരുതെന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ഇടുക്കി ജില്ലയ്ക്കു മാത്രമാണു വിധി നിലവില്‍ ബാധകമെങ്കിലും ബന്ധപ്പെട്ട ഭൂപതിവു ചട്ട വ്യവസ്ഥകള്‍ തന്നെ പരിശോധിക്കാന്‍ കോടതി തീരുമാനിച്ചതിനാല്‍ സംസ്ഥാനമൊട്ടാകെ കൈവശ ഭൂമിയിലെ പട്ടയ നടപടികള്‍ നിയമക്കുരുക്കിലായേക്കാം.

കൈവശക്കാരെന്ന പേരില്‍ മൂന്നാര്‍ മേഖലയില്‍ കയ്യേറ്റക്കാര്‍ക്കു പട്ടയം നല്‍കുകയാണെന്ന് ആരോപിച്ച്‌ ‘വണ്‍ എര്‍ത്ത് വണ്‍ ലൈഫ്’ നല്‍കിയ ഹര്‍ജിയിലാണു ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. നിയമപരമായ അവകാശ രേഖകള്‍ ഇല്ലാത്തവരെ കയ്യേറ്റക്കാരായി കാണേണ്ടി വരുമെന്നാണ് കോടതിയുടെ നിലപാട്. 1964 ലെ കേരള ഭൂപതിവു ചട്ടപ്രകാരം കൈവശഭൂമിക്കു പട്ടയം നല്‍കുന്നതിനു മാത്രമാണ് ഉത്തരവു ബാധകം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത്തരം പട്ടയ വിതരണം നിര്‍ത്തിവയ്ക്കാന്‍ ഇടുക്കി കലക്ടര്‍ക്കും അധികാരപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി. അതേസമയം, ഭൂരഹിതര്‍, ആദിവാസികള്‍, വിമുക്തഭടന്മാര്‍ തുടങ്ങി വിവിധ വിഭാഗങ്ങള്‍ക്കുള്ള പട്ടയ നടപടികളെ ഉത്തരവു ബാധിക്കില്ല. ഭൂമി കയ്യേറിയവര്‍ക്കു പോലും പട്ടയം നല്‍കാന്‍ അധികാരപ്പെടുത്തുന്ന ഭൂപതിവു ചട്ടത്തിന്റെ 5,7 വ്യവസ്ഥകളുടെ സാധുത പരിശോധിക്കുമെന്നും ചീഫ് സെക്രട്ടറിയുടെ വിശദീകരണം തേടുമെന്നും കോടതി വ്യക്തമാക്കി.

നിയമപരമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കുടിയേറ്റ കര്‍ഷകര്‍ക്കും മറ്റും പട്ടയം നല്‍കുന്നതെന്ന് ഇനിയുള്ള നടപടികളില്‍ സര്‍ക്കാര്‍ കോടതിയെ ബോധ്യപ്പെടുത്തേണ്ടി വരും. ഭൂപതിവ് നിയമത്തിലെ ചട്ടം 11 പ്രകാരം തയ്യാറാക്കിയ പട്ടികയില്‍ ഉള്‍പ്പെട്ട സ്ഥലം മാത്രമേ പതിച്ചുനല്‍കാന്‍ കഴിയൂ. നിയമത്തിന്റെ ലക്ഷ്യത്തെ തോല്‍പ്പിക്കുന്ന ചട്ടങ്ങള്‍ സര്‍ക്കാരിന് തയ്യാറാക്കാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക