തൃശൂര്‍: റെയില്‍വെ സ്റ്റേഷന്‍ പരിസരത്തുനിന്നും യുവാക്കളെ അക്രമിച്ച് മൂന്നു കിലോഗ്രാം സ്വര്‍ണം കവര്‍ച്ച ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. എറണാകുളം കോടനാട് പെട്ടിമല സ്വദേശി നെറ്റിനാട്ട് വീട്ടില്‍ നെജിനെ (36) യാണ് അറസ്റ്റ് ചെയ്തത്. കീരിക്കാടന്‍ ബ്രദേഴ്‌സ് എന്നറിയപ്പെടുന്ന ക്വട്ടേഷന്‍ സംഘത്തിലെ അംഗമായ യുവാവിനെ സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകന്റെ നേതൃത്വത്തിലുള്ള തൃശൂര്‍ സിറ്റി ഷാഡോ പോലീസും തൃശൂര്‍ ഈസ്റ്റ് പോലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിന് രാത്രി തൃശൂരിലെ സ്വര്‍ണാഭരണശാലയില്‍ നിര്‍മിച്ച സ്വര്‍ണാഭരണങ്ങള്‍ തമിഴ്‌നാട് മാര്‍ത്താണ്ഡത്തിലേക്ക് കൊണ്ടുപോകുന്നതിനായി ട്രെയിനില്‍ കയറാന്‍ വരുന്ന സമയത്താണ് ആക്രമണം നടന്നത്. സ്വര്‍ണാഭരണശാലയിലെ തൊഴിലാളികളായ ചെറുപ്പക്കാരെ അക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസിന്റെ അന്വേഷണത്തിനൊടുവിലാണ് നിരവധി കേസുകളിലെ പ്രതിയായ നെജിന്‍ അറസ്റ്റിലാകുന്നത്. തൃശൂരിലെ സ്വര്‍ണാഭരണ നിര്‍മാണശാലയിലെ മുന്‍ ജീവനക്കാരനായ, അനധികൃത പണമിടപാടിന്റെ പേരില്‍ സ്ഥാപനത്തില്‍നിന്ന് പുറത്താക്കിയ ബ്രോണ്‍സണ്‍ എന്നയാള്‍ സ്വര്‍ണാഭരണങ്ങള്‍ സ്വര്‍ണാഭരണ നിര്‍മാണ ശാലയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം സ്വര്‍ണം കൊണ്ടുപോകുന്ന കാര്യം അയാളുടെ സുഹൃത്തായ നിഖിലിനെ അറിയിക്കുകയും നിഖില്‍ ഇക്കാര്യങ്ങള്‍ നിരവധി കേസുകളില്‍ പ്രതിയായ അറസ്റ്റിലായ ചാലക്കുടി സ്വദേശിയായ ജെഫിനെ അറിയിക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജെഫിന്‍ സ്വര്‍ണം ട്രെയിന്‍ മാര്‍ഗം കൊണ്ടുപോകുന്ന വിവരങ്ങള്‍ വിശദമായി അറിയുകയും പിന്നീട് പദ്ധതി ആസൂത്രണം ചെയ്യുകയും ചെയ്തു. പിന്നീട് ജെഫിന്‍ ഈ പദ്ധതി നിരവധി കേസുകളിലെ പ്രതിയായ അങ്കമാലിയില്‍ നിന്നുള്ള ഊത്തപ്പന്‍ എന്നറിയപ്പെടുന്ന സിജോവിനെ അറിയിക്കുകയും പിന്നീട് ഇക്കാര്യങ്ങള്‍ കീരിക്കാടന്‍ ബ്രദേഴ്‌സ് എന്നറിയപ്പെടുന്ന ലാലു, ലിന്റോ എന്നിവരെ അറിയിക്കുകയും ഈ മൂവര്‍സംഘം സ്വര്‍ണ കവര്‍ച്ചാ പദ്ധതി ആസൂത്രണം ചെയ്യുകയുമായിരുന്നു. ഇവര്‍ ആസൂത്രണം ചെയ്ത പദ്ധതിപ്രകാരം ഇപ്പോള്‍ അറസ്റ്റിലായ കീരിക്കാടന്‍ ബ്രദേഴ്‌സ് ക്വട്ടേഷന്‍ സംഘത്തിലെ അംഗമായ നെജിന്‍ ഉള്‍പ്പെടുന്ന കവര്‍ച്ചാ സംഘം സെപ്റ്റംബര്‍ എട്ടിന് തൃശൂര്‍ റെയില്‍വെ സ്റ്റേഷനടുത്തുവെച്ച് സ്വര്‍ണാഭരണങ്ങള്‍ കൊണ്ടുപോകുകയായിരുന്ന ചെറുപ്പക്കാരെ ആക്രമിച്ച് മൂന്നുകിലോ സ്വര്‍ണം കവര്‍ച്ച ചെയ്യുകയായിരുന്നു.

കേസിന്റെ ഇതുവരെയുള്ള അന്വേഷണത്തില്‍ 23 പേരെ അറസ്റ്റ് ചെയ്യുകയും പ്രതികള്‍ കവര്‍ച്ചക്കായും രക്ഷപ്പെടാനുമായി ഉപയോഗിച്ച പത്തോളം വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഏകദേശം മുക്കാല്‍ കിലോഗ്രാം സ്വര്‍ണം കേരളത്തില്‍നിന്നും, തമിഴ്‌നാട്ടില്‍ നിന്നുമായി അന്വേഷണസംഘം കണ്ടെടുത്തു. തൃശൂര്‍ എ സി പി കെ.കെ. സജീവ്, ഈസ്റ്റ് ഇന്‍സ്‌പെക്ടര്‍ സി അലവി എന്നിവരുടെ നേതൃത്വത്തില്‍ തൃശൂര്‍ സിറ്റി ഷാഡോ പൊലീസ് അംഗങ്ങളായ എസ്ഐ പി രാഗേഷ്, എ എസ് ഐമാരായ ടി വി ജീവന്‍, സി ജയലക്ഷ്മി, സിവില്‍ പൊലീസ് ഓഫീസര്‍ കെ.ബി. വിപിന്‍ദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക