ജയ്പൂര്‍: ആദ്യമായി എംഎല്‍എ ആയ ഭജന്‍ ലാല്‍ ശര്‍മ്മയെ അപ്രതീക്ഷിതമായിട്ടാണ് ബിജെപി രാജസ്ഥാന്റെ മുഖ്യമന്ത്രി കസേരയിലിരുത്തുന്നത്. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ശേഷം ദിവസങ്ങളുടെ അഭ്യൂഹങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കുമൊടുവില്‍ രാജസ്ഥാന്റെ ഭരണചക്രം നിയന്ത്രിക്കാന്‍ അതീവ സസ്‌പെന്‍സ് ഒളിപ്പിച്ചുള്ള പ്രഖ്യാപനം. മുഖ്യമന്ത്രിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതുവരെ വിദൂര സങ്കല്‍പ്പങ്ങളില്‍പ്പോലും കേള്‍ക്കാത്ത പേരായിരുന്നു ഭജന്‍ ലാല്‍ ശര്‍മ്മയുടേത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച പുതിയ എംഎല്‍എമാരുടെ ഗ്രൂപ്പ് ഫോട്ടോയില്‍ മുന്‍നിരയിലോ രണ്ടാമത്തെ നിരയിലോ പോലും ഭജന്‍ ലാലിനെ കാണാന്‍ കഴിയില്ല. മൂന്നാം നിരയില്‍ ഒരു മൂലയിലാണ് അദ്ദേഹം ഗ്രൂപ്പ് ഫോട്ടോയില്‍ ഉള്ളത്. അതിന് ശേഷം മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ ചേര്‍ന്ന യോഗത്തിലും മുന്‍നിരയിലായിരുന്നില്ല അദ്ദേഹത്തിന്റെ ഇരിപ്പിടം. ഏറ്റവും പിന്നിലെ നിരകളിലൊരിടത്തായിരുന്നു അദ്ദേഹം ഇരുന്നത്. ഗജേന്ദ്ര സിംഗ് ഷെഖാവത്, അശ്വിനി വൈഷ്ണവ്, രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ് മുന്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യ തുടങ്ങിയവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടി സജീവമായി ചര്‍ച്ച ചെയ്തിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആദ്യമായി വിജയിച്ച ഭജന്‍ലാലിന് സംസ്ഥാന മന്ത്രിസഭയില്‍ പോലും സാദ്ധ്യത കല്‍പ്പിച്ചിരുന്നില്ല.ബ്രാഹ്മണ വിഭാഗത്തിലുള്ള ഭജന്‍ലാല്‍ ശര്‍മ്മ സംഗനേര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്. ഛത്തീസ്ഗഡിലും മദ്ധ്യപ്രദേശിലും ബിജെപി മുഖ്യമന്ത്രി കസേരയില്‍ പുതുമുഖങ്ങളെ നിയോഗിച്ചതിന് പിന്നാലെയാണ് രാജസ്ഥാനിലും പാര്‍ട്ടിയുടെ സര്‍പ്രൈസ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പുഷ്പേന്ദ്ര ഭരദ്വാജിനെ 48,081 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഭജന്‍ലാല്‍ ശര്‍മ്മ തന്റെ ആദ്യ എംഎല്‍എ സ്ഥാനം ഉറപ്പിച്ചത്. ദിയ കുമാരിയും പ്രേംചന്ദ് ബൈര്‍വയുമാണ് ഉപമുഖ്യമന്ത്രിമാര്‍. ദിയാ കുമാരി രജപുത്ര വിഭാഗത്തില്‍പ്പെട്ടയാളാണ്. പ്രേംചന്ദ് ബൈര്‍വ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളാണ്. ജയ്പൂരില്‍ നടന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തില്‍ കേന്ദ്ര നിരീക്ഷകന്‍ രാജ്‌നാഥ് സിംഗ് മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിമാരെയും പ്രഖ്യാപിക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക