തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരായ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് നടന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എസ്‌കോര്‍ട്ട് വാഹനങ്ങള്‍ വേഗത കുറച്ച് കൊടുക്കുകയും ഗവര്‍ണറെ ആക്രമിക്കാന്‍ പൊലീസ് ഒത്താശ ചെയ്യുകയും ചെയ്യുന്നു. ഗവര്‍ണര്‍ ആക്രമിക്കപ്പെടട്ടെ എന്ന നിലപാടാണ് പൊലീസിന്റേത്. അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ നടപടിയാണ് ഇതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സുപ്രീം കോടതി വിധി തിരിച്ചടിയായപ്പോള്‍ ഗവര്‍ണറെ ആക്രമിക്കുക എന്ന പ്രാകൃത നടപടിയാണ് സ്വീകരിക്കുന്നത്. ഇത് സമ്പൂര്‍ണമായ ക്രമസമാധാന തകര്‍ച്ചയാണ്. ഗുണ്ടാ ഭരണമാണ് ഇവിടെ നടക്കുന്നത്. തെരുവുയുദ്ധത്തിലേക്ക് കാര്യങ്ങള്‍ പോകുന്നു. ഗവര്‍ണറെ ആക്രമിക്കാന്‍ മുഖ്യമന്ത്രി വിട്ടുകൊടുക്കുകയാണ്. ബുദ്ധിയും ബോധവുമുള്ള ആരെങ്കിലും സിപിഐഎമ്മില്‍ ഉണ്ടെങ്കില്‍ അണികളെ നിലയ്ക്ക് നിര്‍ത്തണം. ഇത് അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി മുന്‍കൈയെടുക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൊലീസ് ആസ്ഥാനത്തിന് മൂക്കിന് താഴെയാണ് ഈ പ്രതിഷേധമുണ്ടായത്. ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ എന്ത് ചെയ്യുകയായിരുന്നുവെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു. ഗവര്‍ണറെ ആക്രമിക്കാന്‍ ഇറങ്ങിയാല്‍ എസ്എഫ്‌ഐക്കാരെയും ഡിവൈഎഫ്‌ഐക്കാരെയും ബിജെപി നേരിടുമെന്നും ഇത് മുന്നറിയിപ്പാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഗവര്‍ണര്‍ ഏത് വെല്ലുവിളിയും നേരിടാന്‍ തയ്യാറാണ്.

ആക്രമിക്കാന്‍ വന്നാല്‍ ഇനിയും ഗവര്‍ണര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങിനില്‍ക്കും. പ്രതിഷേധങ്ങളെ നേരിടാന്‍ കേരളാ പൊലീസ് മാത്രമല്ല, വേറെയും ഏജന്‍സികള്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്ഭവനില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോകുന്ന വഴി പേട്ട ജങ്ഷന് സമീപം പൊലീസ് സ്റ്റേഷന് എതിര്‍വശത്താണ് ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചത്. എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക