തിരുവനന്തപുരം : കൊടകര കുഴല്‍പ്പണക്കവര്‍ച്ച കേസില്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ കേരളത്തിലെത്തിച്ച പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്തേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണവിവരം അതത് ഘട്ടത്തില്‍ കേന്ദ്ര ഏജന്‍സികളെ അറിയിച്ചിട്ടുണ്ട്. അന്വേഷിക്കാന്‍ സ്വമേധയാ അധികാരമുള്ള കേന്ദ്ര ഏജന്‍സികളെ സംസ്ഥാനത്തേക്ക് ക്ഷണിക്കേണ്ട ആവശ്യമില്ല. നിയമസഭയില്‍ റോജി എം ജോണിന്റെ അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത് ആദ്യ കുറ്റപത്രമാണ്. പണം കൊണ്ടുവന്നത് സുരേന്ദ്രന്‍ അടക്കമുള്ളവര്‍ക്ക് അറിയാമെന്നതുകൊണ്ടാണ് അവര്‍ സാക്ഷികളായത്.തുടരന്വേഷണത്തില്‍ ബിജെപി നേതാക്കള്‍ക്ക് പണം എവിടെനിന്ന് ലഭിച്ചുവെന്ന് പറയേണ്ടിവരും. സ്രോതസ്സ് വ്യക്തമാക്കാനായില്ലെങ്കില്‍ അതിനനുസരിച്ചുള്ള നടപടികള്‍ നേരിടേണ്ടിയുംവരും. സ്വാഭാവികമായും അവര്‍ പ്രതികളാവും. സംസ്ഥാന പൊലീസിന് അധികാരമുള്ള കാര്യങ്ങളെ സംബന്ധിച്ച്‌ അവര്‍ അന്വേഷിച്ചു. മറ്റു കാര്യങ്ങള്‍ കേന്ദ്ര ഏജന്‍സിയെയും തെരഞ്ഞെടുപ്പ് കമീഷനെയും അറിയിച്ചു. കേസ് വിവരങ്ങള്‍ ജൂണ്‍ ഒന്നിന് ഇഡിക്ക് നല്‍കി. കൊച്ചി സോണല്‍ ഡിഡിക്ക് നല്‍കിയ കത്തില്‍ ഇടപാടുകളിലെ നിയമവിരുദ്ധ പ്രവര്‍ത്തനവും അറിയിച്ചിട്ടുണ്ട്. അനധികൃതമായി പണം കൊണ്ടുവരുന്നതുസംബന്ധിച്ച അന്വേഷണവും തുടര്‍നടപടികളും നടത്തേണ്ട എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ (കൊച്ചി), ഇന്‍കം ടാക്സ് ഡയറക്ടര്‍ (ഇന്‍വെസ്റ്റിഗേഷന്‍, കൊച്ചി), ചീഫ് ഇലക്ടറല്‍ ഓഫീസര്‍ (കേരള) എന്നിവര്‍ക്ക് കുറ്റപത്രത്തിന്റെ പകര്‍പ്പ് സഹിതം റിപ്പോര്‍ട്ട് നല്‍കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക