കൊച്ചി: യുവതിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പി.ജി.മനു രാജിവച്ചു. അഡ്വക്കറ്റ് ജനറലിന് രാജിക്കത്ത് നല്‍കി. നിയമസഹായം തേടിയെത്തിയ യുവതിയെ ബലാല്‍സംഗം ചെയ്തെന്നാണ് കേസ്. ഇരുപത്തിയഞ്ചുകാരിയായ യുവതിയാണ് ആരോപണമുന്നയിച്ചത്. എറണാകുളം റൂറല്‍ എസ്.പിക്ക് യുവതി നല്‍കിയ പരാതിയില്‍ ചോറ്റാനിക്കര പൊലീസാണ് കേസെടുത്തത്. പരാതിക്കാരിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും.

2018ല്‍ താന്‍ ഇരയായ പീഡനക്കേസിന്റെ മുന്നോട്ടുള്ള നിയമവഴികള്‍ ചര്‍ച്ചചെയ്യാന്‍ കഴിഞ്ഞ ഒക്ടോബര്‍ 9നാണ് ഹൈക്കോടതിയിലെ ഗവണ്‍മെന്റ് പ്ളീഡറായ പി.ജി.മനുവിനെ യുവതി സമീപിക്കുന്നത്. തന്റെ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ മുന്‍ പൊലീസുകാരനാണ് തന്നെ പി.ജി.മനുവിനെ ബന്ധപ്പെടുത്തിയത്. ഒക്ടോബര്‍ 9ന് അച്ഛനും അമ്മയ്ക്കും ഒപ്പം പി.ജി.മനുവിന്റെ കടവന്ത്ര ഓഫീസിൽ എത്തിയ തന്നെ പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേസിന്റെ കാര്യങ്ങള്‍ ചോദിച്ചറിയേണ്ടതിനാല്‍ മാതാപിതാക്കളോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടശേഷം വാതില്‍ അടച്ചിട്ടായിരുന്നു ഇത്. പീഡനക്കേസില്‍ ഇരയായ താന്‍ പ്രതിസ്ഥാനത്ത് എത്താനുള്ള സാധ്യത ചൂണ്ടിക്കാട്ടി തന്നെ ഭയപ്പെടുത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു. ഒക്ടോബര്‍ പതിനൊന്നിനും കേസുമായി ബന്ധപ്പെട്ട് തന്നെ വിളിച്ചുവരുത്തി. അച്ഛനെ പുറത്തുപോകാന്‍ പറഞ്ഞ് അന്നും പീ‍‍ഡനശ്രമം തുടര്‍ന്നു. വാട്സാപ് കോളും ചാറ്റുംവഴി അശ്ളീല സംഭാഷണം തുടര്‍ന്ന പ്രതി കഴിഞ്ഞ 24ന് നിര്‍ബന്ധപൂര്‍വം വീട്ടിലെത്തുകയും വാതില്‍ തള്ളിത്തുറന്ന് അകത്തുകയറിയെന്നും യുവതി പറഞ്ഞു.

മാതാപിതാക്കളും സഹോദരനും വീട്ടില്‍ ഇല്ലെന്ന് ഉറപ്പാക്കി വീട്ടിലെത്തിയ പ്രതി തന്നെ ബലാംല്‍സംഗം ചെയ്തെന്നും യുവതി പരാതിയില്‍ പറഞ്ഞു. പീഡനശേഷം ആകെ തകര്‍ന്ന തന്റെ മനോഭാവം മനസിലാക്കാന്‍ പിന്നീടൊരിക്കല്‍ അമ്മയുള്ളപ്പോള്‍ പ്രതി വീട്ടിലെത്തി. പ്രതിയെ കണ്ടപ്പോഴുള്ള തന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അമ്മ അന്വേഷിച്ചപ്പോഴാണ് തനിക്ക് കാര്യങ്ങള്‍ തുറന്നുപറയാന്‍ ധൈര്യമുണ്ടായത്.

എറണാകുളം റൂറൽ എസ്പിക്ക് നൽകിയ പരാതി ചോറ്റാനിക്കര പൊലീസിന് കൈമാറിയതിന് പിന്നാലെ യുവതിയുടെ മൊഴി രേഖപ്പെടുത്തി. പീഡനത്തിന് പുറമെ തന്റെ നഗ്ന ശരീരത്തിന്റെ ദൃശ്യങ്ങൾ പ്രതി പകർത്തിയെന്നും യുവതി പരാതിയിൽ പറഞ്ഞു. ഐപിസി 376വകുപ്പ് പ്രകാരം ലൈംഗിക പീഡന കുറ്റത്തിന് പുറമെ ഐടി ആക്ടും ചുമത്തിയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക