തിരുവനന്തപുരം : സര്‍ക്കാര്‍ ആശുപത്രിയില്‍ കാലാവധി കഴിഞ്ഞ മരുന്ന് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ വിതരണം ചെയ്തുവെന്ന സിഎജി റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കൃത്യമായ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് വിഡി സതീശന്‍ ആവശ്യപ്പെട്ടു. 1610 ബാച്ച് മരുന്നുകള്‍ കാലാവധി കഴിഞ്ഞതാണ് എന്ന് കണ്ടെത്തി. 26 ആശുപത്രികളിലേക്ക് കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തു. വിതരണം മരവിപ്പിച്ച മരുന്നുകള്‍ 483 ആശുപത്രികള്‍ക്കു നല്‍കിയതായും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും സതീശന്‍ പറഞ്ഞു.

സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങി കുളിച്ചിരിക്കുകയാണ്. അത് അടിവരയിടുന്നതാണ് സിഎജി റിപ്പോര്‍ട്ട്. കാലാവധി കഴിഞ്ഞ മരുന്ന് ഗുരുതര പ്രശ്‌നങ്ങളും ജീവഹാനിയും ഉണ്ടാക്കിയേക്കും. കേരളത്തെ ഞെട്ടിക്കുന്ന കണ്ടെത്തലാണിത്. ഒരു വര്‍ഷത്തെ 54049 ബാച്ച് മരുന്നുകളില്‍ 8700 ബാച്ചുകളുടെ ഗുണനിലവാരം മാത്രമാണ് പരിശോധിച്ചത്.14 വിതരണക്കാരുടെ ഒറ്റ മരുന്നു പോലും പരിശോധിച്ചിട്ടില്ല. ‘ചാത്തന്‍ മരുന്ന്’ ആണ് വിതരണം ചെയ്തത്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ആണ് ഇതിന് അനുമതി നല്‍കിയത്. സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കമിഴ്ന്നു വീണാല്‍ കാല്‍ പണം കൊണ്ട് പോകുന്ന അവസ്ഥയാണ്. കെഎസ്ആര്‍ടിസി പോലെ സപ്ലൈകോയെയും തകര്‍ക്കുന്നു. എന്നിട്ട്, മുഖ്യമന്ത്രി കനഗോലു കെപിസിസി യോഗത്തില്‍ പങ്കെടുത്തതിനെ വിമര്‍ശിച്ചോണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി 6,65000 രൂപയാണ് പ്രതിമാസം സോഷ്യല്‍ മീഡിയ മാനേജ്‌മെന്റിന് വേണ്ടി ചെലവഴിക്കുന്നത്. സര്‍ക്കാര്‍ ചെലവിലാണോ രാഷ്ട്രീയ എതിരാളികള്‍ക്ക് മറുപടി നല്‍കുന്നത്. ഖജനാവ് കാലിയായപ്പോഴാണ് ഇത്രയും പണം ചെലവാക്കുന്നത്. എന്നിട്ട് മുഖ്യമന്ത്രി സുനില്‍ കനഗോലുവിനെ വിമര്‍ശിക്കുകയാണെന്നും സതീഷന്‍ ആരോപിച്ചു.

സിഎംആര്‍എല്‍ വിവാദത്തിലും സതീഷന്‍ പ്രതികരിച്ചു. വീണാ വിജയന്റെ കമ്പനിയില്‍ നിന്ന് ഒരു സേവനവും ലഭിച്ചിട്ടില്ല എന്ന് സിഎംആര്‍എല്‍ മൊഴി നല്‍കിയിട്ടുണ്ട്. കള്ളപ്പണം ആണ് നല്‍കിയത്. കള്ളപ്പണം വെളുപ്പിക്കാന്‍ ആണ് ഇത്തരം കരാര്‍ നല്‍കിയത്. സംഭവം ഇ ഡി ആണ് അന്വേഷിക്കേണ്ടത്. ഈ സംഭവത്തില്‍ ഇ ഡി അന്വേഷണം നടന്നിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ബാങ്ക് വഴി ഇടപാട് നടത്തിയത് കള്ളപ്പണം വെളുപ്പിക്കാനാണ്. രാഷ്ട്രീയ കാര്യങ്ങള്‍ക്ക് വേണ്ടിയാണെങ്കില്‍ പാര്‍ട്ടിക്കല്ലേ പണം നല്‍കേണ്ടത്. കള്ളപ്പണം വെളുപ്പിച്ചു എന്ന വിഷയമാണ് പ്രധാനം. ബാക്കിയൊക്കെ സൈഡ് ആണ്. മാത്യു കുഴല്‍നാടന്‍ നിയമസഭയില്‍ വിഷയം ഉന്നയിച്ചതും വിജിലന്‍സില്‍ പരാതി നല്‍കിയതും പാര്‍ട്ടി നിര്‍ദേശ പ്രകാരമാണ്. ഇ ഡി രാഷ്ട്രീയ പ്രേരിതമായി നീങ്ങിയാല്‍ എതിര്‍ക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക