കോട്ടയം: ചികിത്സയ്‌ക്കെത്തിയ ബാങ്ക് പ്രസിഡന്റ് തടഞ്ഞുവെച്ചതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ കുഴഞ്ഞുവീണു. വെള്ളൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ശ്രീജ രാജ് (37) ആണ് കുഴഞ്ഞുവീണത്. വീഴ്ചയില്‍ തലയ്ക്കു പരിക്കേറ്റ ശ്രീജ രാജിനെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ വെള്ളൂര്‍ 785-ാം നമ്പര്‍ സര്‍വീസ് സഹകരണബാങ്കിന്റെ പ്രസിഡന്റ് വിഎ ഷാഹിമിനെതിരെ ശ്രീജ രാജ് വെള്ളൂര്‍ പൊലീസിന് മൊഴി നല്‍കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രണ്ട് ഡോക്ടര്‍മാരുള്ള ആശുപത്രിയില്‍ ഇന്നലെ ശ്രീജ മാത്രമേ ഡ്യൂട്ടിക്ക് ഉണ്ടായിരുന്നുള്ളൂ. 160ല്‍ അധികം രോഗികളാണ് ഒപിയില്‍ എത്തിയത്. രാവിലെ 9 മുതല്‍ 2 വരെയാണ് ആശുപത്രിയിലെ ഒപി സമയമെന്നും രണ്ടരയ്ക്ക് ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയപ്പോള്‍ സഹകരണബാങ്ക് പ്രസിഡന്റ് തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയെന്നുമാണ് ശ്രീജയുടെ പരാതി.

ഇതോടെ ഡോക്ടര്‍ കുഴഞ്ഞുവീണ് ബോധരഹിതയായി. നഴ്‌സുമാര്‍ പ്രാഥമികശുശ്രൂഷ നല്‍കിയ ശേഷം വെള്ളൂര്‍ പൊലീസും ജീവനക്കാരും ചേര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

അതേസമയം, പനിക്കു മരുന്നു വാങ്ങാന്‍ ഇന്നലെ ഉച്ചയ്ക്ക് 1.40ന് ആശുപത്രിയില്‍ എത്തിയപ്പോള്‍ സമയം കഴിഞ്ഞു എന്നു പറഞ്ഞ് ഡോക്ടര്‍ ചികിത്സ നിഷേധിച്ചെന്നാണ് ഷാഹിമിന്റെ വാദം. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയതായും ഷാഹിം പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി വെള്ളൂര്‍ പൊലീസ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക