കാലങ്ങള്‍ക്ക് ശേഷം മലയാളത്തിൻറെ പ്രിയപ്പെട്ട സാഹിത്യകാരി മാധവിക്കുട്ടിയുടെ പ്രണയം സോഷ്യല്‍ മീഡിയ വീണ്ടും ചര്‍ച്ച ചെയ്യുകയാണ്. മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ ഉണ്ണിക്കൃഷ്ണന്‍ ശ്രീകണ്ഠപുരം ഫെയ്സ് ബുക്കിലെ റീഡേഴ്സ് സ്‌ക്വയര്‍ എന്ന ഗ്രൂപ്പിലിട്ട ഒരു പോസ്റ്റാണ് പുതിയ ചര്‍ച്ചകള്‍ക്ക് തിരി കൊളുത്തിയിരിക്കുന്നത്. ലേബര്‍ ഇന്ത്യാ പബ്ലിക്കേഷന്‍സ് മരങ്ങാട്ട്പള്ളിയില്‍ സംഘടിപ്പിക്കുന്ന ഒരു സാംസ്‌കാരിക പരിപാടിയിലേയ്ക്ക് ക്ഷണിക്കാന്‍ സന്തോഷ് ജോര്‍ജ് കുളങ്ങരയും സഞ്ചാരം പരിപാടിയുടെ സ്‌ക്രിപ്റ്റ് റെറ്റര്‍ എയു രതീഷ് കുമാറും ഉണ്ണിക്കൃഷ്ണന്‍ ശ്രീകണ്ഠപുരവും മാധവിക്കുട്ടിയുടെ ഫ്ളാറ്റിലെത്തിയപ്പോള്‍ ഉണ്ടായ അനുഭവമാണ് പോസ്റ്റിന്റെ കാതല്‍.

തന്റെ പ്രണയത്തെ പറ്റി മാധവിക്കുട്ടി അവരോട് പറഞ്ഞെന്നും അത് അന്ന് എഴുതിയെടുക്കാനോ റിക്കോര്‍ഡ് ചെയ്യാനോ കഴിയാത്തതില്‍ അതിയായ നിരാശ ഉണ്ടെന്നുമാണ് ഉണ്ണിക്കൃഷ്ണന്‍ ഫേസ്‌ബുക്കില്‍ കുറിച്ചിരിക്കുന്നത്. സാംസ്‌കാരിക പ്രഭാഷകന്‍ എന്ന നിലയില്‍ പതിനായിരങ്ങളെ തന്റെ വാഗ്ധോരണികൊണ്ട് കീഴ്പ്പെടുത്താന്‍ കഴിവുള്ള അദ്ദേഹത്തിന്റെ വാഗ്വിലാസം തന്നെയാണ് മാധവിക്കുട്ടിയെയും ആകര്‍ഷിച്ചത്. എകാന്തമായ രാത്രികളില്‍ അദ്ദേഹം വിളിക്കാറുള്ളതും പ്രണയം തുളുമ്ബുന്ന കവിതകള്‍ ഉരുവിടാറുള്ളതും അറിയിച്ചു. എത്രയോ രാത്രികള്‍ നീണ്ടുവത്രേ ആ പ്രണയസല്ലാപങ്ങള്‍. അതൊക്കെ കേട്ട് അസാധാരണ പ്രതിഭയുള്ള ഒരാളാണ് മറുതലയ്ക്കല്‍ എന്ന് മാധവിക്കുട്ടി കരുതി. അതാണ് ഷഷ്ഠിപൂര്‍ത്തി കഴിഞ്ഞകാലത്തിലും തന്നെക്കാള്‍ പ്രായം കുറഞ്ഞ അയാളെ പ്രണയിച്ചു കൊണ്ട് അവരൊരു പ്രണയിനിയായത്- ഉണ്ണിക്കൃഷ്ണന്‍ എഴുതുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രണയനാളുകളിലൊന്നില്‍ മാധവിക്കുട്ടി ആ നേതാവിന്റെ വീട്ടിലേയ്ക്ക് പോയിരുന്നെന്നും ആ സമയം അദ്ദേഹത്തിന്റെ ഭാര്യയും മക്കളും അവിടെ ഉണ്ടായിരുന്നെന്നും ഉണ്ണിക്കൃഷ്ണന്‍ പറയുന്നു. നേതാവും മാധവിക്കുട്ടിയും അവിടെ ഏതാനും ദിവസം ഭാര്യാഭര്‍ത്താക്കന്മാരെ പോലെ ജീവിച്ചെന്നും മാധവിക്കുട്ടി പറഞ്ഞതായി ഉണ്ണിക്കൃഷ്ണന്‍ കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ തിരിച്ചുവന്നപ്പോഴേയ്ക്കും അവരുടെ പ്രണയം പൊലിഞ്ഞിരുന്നു. പണ്ട് ഒട്ടേറെ രാത്രികളില്‍ താനെഴുതിയതു എന്ന് പറഞ്ഞു അയാള്‍ പാടിക്കേള്‍പ്പിച്ച പ്രണയ ഗാനങ്ങളൊക്കെയും ഉറുദു സാഹിത്യത്തിലെ പ്രമുഖരായ കവികളുടെ രചനകള്‍ മോഷ്ടിച്ച്‌ പരിഭാഷപ്പെടുത്തിയതാണ് എന്നറിഞ്ഞപ്പോള്‍ അവര്‍ തകര്‍ന്നുപോയി. പങ്കു വെക്കപ്പെട്ട തന്റെ ഉടലിനെ ഓര്‍ത്തു അവര്‍ തേങ്ങി. ഇസ്ലാമായി മാറിയെങ്കിലും കൃഷ്ണനെ വിളിച്ചു വിലപിച്ചു- ഉണ്ണിക്കൃഷ്ണന്‍ എഴുതി. ആലോചനയില്ലാത്ത ഒരു മതപരിവര്‍ത്തനം മൂലം ഊരിപ്പോരാനാകാത്ത ഒരു കുടുക്കില്‍ പെട്ടൊരാളുടെ വിലാപമായിരുന്നു മാധവിക്കുട്ടിയുടേതെന്ന് അദ്ദേഹം പറയുന്നു. ഇപ്പോള്‍ ആമിയില്‍ കമല്‍ ആ പ്രണയ കഥ ചിത്രീകരിച്ചു. അനുപ് മേനോന് നല്‍കിയ കോസ്റ്റ്യൂമില്‍ നിന്ന് കമിതാവാര് എന്ന സൂചന കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഉണ്ണിക്കൃഷ്ണന്‍ ശ്രീകണ്ഠപുരത്തിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്

https://www.facebook.com/groups/2353231071577878/permalink/3058404417727203/

കമലാ സൂരയ്യയുടെ പ്രണയം
××××××÷××××××÷×××××××××
ഇത് മാധവിക്കുട്ടിയുടെ പുസ്തകങ്ങളെ പറ്റിയുള്ള ഒരു കുറിപ്പല്ല.
മറിച്ച്‌ അവരുമായുണ്ടായ ഒരു കണ്ടുമുട്ടലിന്റെ ഓര്‍മക്കുറിപ്പാണ്.
കമല്‍ സംവിധാനം ചെയ്യുന്ന `ആമി `എന്ന ചിത്രത്തിലെ രണ്ട് സ്റ്റില്‍ ഇതോടൊപ്പമുണ്ട്.
അനൂപ് മേനോന്റെയും മഞ്ജു വാര്യരുടേയും ആണത്.
ആമിയില്‍ അവരവതരിപ്പിച്ച കഥാപാത്രങ്ങളുടെ അപ്പീയറന്‍സ് ഇങ്ങനെ ആണ്. .
ഒരു ‘ബയോപിക്’ ആയ ആമി യില്‍,
മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടി അഥവാ കമലാദാസായാണ് മഞ്ജു വാര്യര്‍ എത്തുന്നത്.നാലപ്പാട്ട് തറവാട്ടില്‍ തുടങ്ങി മതം മാറി സൂരയ്യ ആയത് വരെയുള്ള അവരുടെ ജീവിത കഥയാണ് ആ ചിത്രത്തില്‍.
അനൂപ് മേനോന്‍, സഹീര്‍ അലി എന്ന കഥാപാത്രമായാണ് ഇതില്‍ എത്തുന്നത് .
ഈ ചിത്രങ്ങളാണ് ഈ കുറിപ്പിനുള്ള പ്രചോദനം .
അനൂപ് മേനോന്റെ ഈ Look
നിങ്ങള്‍ക്ക് പരിചയമുള്ള ഏതെങ്കിലും മത-രാഷ്ട്രീയ നേതാവിനെ ഓര്‍മിപ്പിക്കുന്നുണ്ടോ ?
സൂക്ഷിച്ചു നോക്കൂ .
പത്രപ്രവര്‍ത്തന കാലത്തെ എന്റെ ഏറ്റവും വലിയ നിരാശകളിലൊന്നിനെ ഈ ഫോട്ടോയോടൊപ്പം ചേര്‍ത്തു നിര്‍തുകയാണ് ഞാന്‍ .
അന്നതിന് സാക്ഷിയായുള്ളത് രണ്ടു പേരാണ് .
സഫാരി ടിവിയുടെ ഉടമയും സഞ്ചാരം പ്രോഗ്രാമിലൂടെ പ്രശസ്തനുമായ സന്തോഷ് ജോര്‍ജ് കുളങ്ങരയാണ് അതില്‍ ഒരാള്‍ .
സഞ്ചാരത്തിനായി Script രചിക്കുന്ന A U രതീഷ് കുമാര്‍ രണ്ടാമനും .
2003 ല്‍ ഒരു ദിവസം അവരിരുവരും കൊച്ചിയിലെത്തുന്നു .
സന്തോഷ് ജോര്‍ജ് മാനേജിങ് ഡയറക്ടറായുള്ള ലേബര്‍ ഇന്ത്യ പബ്ലിക്കേഷന്‍സ് മരങ്ങാട്ട് പള്ളിയില്‍ വലിയൊരു.സാംസ്‌കാരിക പരിപാടി നടത്തുന്നു
അതിലേക്ക് പ്രമുഖരായ ചില വ്യക്തികളെ ക്ഷണിക്കണം അതിനാണ് വരവ് .
അപ്പോഴേക്കും കൊച്ചിക്കാരനായി മാറിയിരുന്ന എന്നെയും അവര്‍ കൂട്ട് വിളിക്കുന്നു .
കൊച്ചിയില്‍ അന്നുള്ള പ്രമുഖരായ പല എഴുത്തുകാരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും ചെന്ന് കാണാനും ക്ഷണിക്കാനുമാണ്.
ചെമ്മനം ചാക്കോ , സംഗീത സംവിധായകന്‍ രവീന്ദ്രന്മാഷ് ,നടന്‍ നരേന്ദ്ര പ്രസാദ് എന്നിങ്ങനെ കുറേ പേരെ ഞങ്ങള്‍ പോയി കണ്ടു. .ചിലരൊക്കെ പങ്കെടുക്കാമെന്നേറ്റു .’ .
അങ്ങനെ കൊച്ചിയിലൂടെ കറങ്ങവെ സന്തോഷ് ചോദിച്ചു
‘കമലാദാസ് കൊച്ചിയിലുണ്ടോ നമുക്കൊന്നു കണ്ടാലോ ?’
മാധവിക്കുട്ടി എന്ന കമലാദാസ് അപ്പോഴക്കും കമലാ സുരയ്യ ആയി മാറിയിരുന്നു
കൊച്ചിയില്‍ കടവന്ത്രയ്ക്ക് സമീപം ഒരു ഫ്ലാറ്റിലാണ് അവരുടെ താമസംഎന്നെനിക്കറിയാം.
വരുന്നു എന്നറിയിക്കാന്‍ ഒരു ഫോണ്‍ വിളിപോലുമില്ലാതെ ഉടന്‍ തന്നെ ഞങ്ങള്‍ അവരുടെ ഫ്ലാറ്റിലേക്ക് പോയി .
അപ്പോയിന്മെന്റില്ലാത്തതിനാല്‍ കാണാന്‍ അനുമതി കിട്ടില്ല എന്നാണ് കരുതിയത്. എന്നാല്‍ ഒരു കോളിങ് ബെല്ലിന് വാതില്‍ തുറന്നു.
അവരൊപ്പം സഹായിയായുള്ള സ്ത്രീയാണ് വാതില്‍ തുറന്നത്. കാര്യം സൂചിപ്പിച്ചപ്പോള്‍ ലിവിങ് എറിയയിലേക്ക് പ്രവേശനം കിട്ടി .
അവിടെ മഞ്ഞിന്റെ ധവളിമയുള്ള വസ്ത്രം ധരിച്ച്‌ തല തട്ടമിട്ട് മൂടി പ്രിയപ്പെട്ട എഴുത്തുകാരി .ഫ്ളാറ്റിലെ വിരസ നിമിഷത്തിലും വേഷത്തില്‍ അവര്‍ മുസ്ലിം സ്ത്രീയായിരുന്നു.
സംസാരിക്കാന്‍ ആരെങ്കിലും വന്നെങ്കില്‍ എന്നു കാത്തിരിക്കുന്ന പോലെയായിരുന്നു അവര്‍ .
ഞങ്ങളെ കണ്ടതും വാചാലയായി.
മണിക്കൂറുകളോളം നീണ്ട സംസാരം.
പല വിഷയങ്ങളിലേക്ക് പടര്‍ന്നു അത് .
മക്കളെ കുറിച്ച്‌ പറയുമ്ബോള്‍ അവര്‍ വാത്സല്യം ഉള്ള അമ്മയായി.
ബാലാമണിയമ്മയെ പറ്റിയായപ്പോള്‍ ഓമന പുത്രിയായി.
ദാസിനെ പറ്റിയായപ്പോള്‍ വൈധവ്യം പേറുന്ന ഭാര്യയായി.
കൃഷ്ണനെപ്പറ്റിയായപ്പോള്‍ അവര്‍ രാധയായി.
ചെറു തമാശകളില്‍ നിറഞ്ഞു ചിരിച്ചു.
ഇടക്ക് എന്തോ പറഞ്ഞപ്പോള്‍ ഞാന്‍ അവരുടെ പ്രായം എഴുപതോടടുക്കുന്നു എന്ന കാര്യം സൂചിപ്പിച്ചു.
അപ്പോള്‍ എന്നോടൊന്ന് പിണങ്ങുകയും ചെയ്തു ..
‘എന്താ കുട്ടി പറയണേ. അത്രക്ക് പ്രായായോ എനിക്ക് ‘ എന്ന് സങ്കടപ്പെട്ടു.
അന്നത്തെ സംസാരത്തില്‍ അവര്‍ ഏറെ മനസ്സ് തുറന്നത് മുസ്ലിം ലീഗിലെ ഒരുന്നത നേതാവിനോട് തോന്നിയ പ്രണയത്തെ പറ്റിയാണ്.
അതേ തുടര്‍ന്നാണ് ഇസ്ലാമിലേക്ക് മതം മാറാനിടയായതും എന്ന് സൂചിപ്പിച്ചു.
സാംസ്‌കാരിക പ്രഭാഷകന്‍ എന്ന നിലയില്‍ പതിനായിരങ്ങളെ തന്റെ വാഗ്ധോരണികൊണ്ട് കീഴ്പ്പെടുത്താന്‍ കഴിവുള്ള അദ്ദേഹത്തിന്റെ വാഗ്വിലാസം തന്നെയാണ് മാധവിക്കുട്ടിയെയും ആകര്‍ഷിച്ചത്.
എകാന്തമായ രാത്രികളില്‍ അദ്ദേഹം വിളിക്കാറുള്ളതും
പ്രണയം തുളുമ്ബുന്ന കവിതകള്‍ ഉരുവിടാറുള്ളതും അറിയിച്ചു.
എത്രയോ രാത്രികള്‍ നീണ്ടുവത്രേ ആ പ്രണയസല്ലാപങ്ങള്‍.
അതൊക്കെ കേട്ട് അസാധാരണ പ്രതിഭയുള്ള ഒരാളാണ് മറുതലയ്ക്കല്‍ എന്ന് മാധവിക്കുട്ടി കരുതി.
അതാണ് ഷഷ്ഠിപൂര്‍ത്തി കഴിഞ്ഞകാലത്തിലും തന്നെക്കാള്‍ പ്രായം കുറഞ്ഞ അയാളെ പ്രണയിച്ചു കൊണ്ട് അവരൊരു പ്രണയിനിയായത്.
പ്രണയം ജ്വലിച്ച ആ നാളുകളിലൊന്നില്‍ ഒരു നവോഢയായി അവര്‍ അയാളുടെ വീട്ടില്‍ ചെന്നു.
നേരത്തെ വിവാഹിതനായിരുന്നു അയാള്‍. ആ ഭാര്യയും ആ ബന്ധത്തിലെ മക്കളും വീട്ടിലുണ്ട്.
ആ വീട്ടില്‍ മണിയറയില്‍ ഇരിക്കെ അയാളുടെ ആദ്യഭാര്യ അവരെ ഊട്ടി.അയാളുടെ മക്കള്‍ അതൊക്കെയും കൗതുകത്തോടെ നോക്കിനിന്നു.
രണ്ടു മൂന്ന് ദിവസം അവരവിടെ അയാളുടെ ഭാര്യയായി കഴിഞ്ഞു.
പിന്നെ തിരികെ കൊച്ചിയിലെ തന്റെ വാസസ്ഥലത്തേക്ക് പോന്നു.
അദ്ദേഹത്തിന്റെ വീട്ടില്‍ താമസിച്ച ദിവസങ്ങളില്‍ അവിടെ തങ്ങി നിന്ന നോണ്‍ വെജ് മണം ഓര്‍ത്ത് ഞങ്ങള്‍ക്ക് മുമ്ബിലും അവര്‍ക്ക് മനം പുരട്ടലുണ്ടായി.
അതിലെല്ലാം ഉപരി അയാളുടെ വിരലറ്റത്തു നഖങ്ങളോട് ചേര്‍ന്ന് തങ്ങി നിന്ന അഴുക്കിന്റെ കറുപ്പ് രേഖ അവര്‍ക്ക് ഓക്കാനം വരുത്തി.
എത്രയോ രചനകളില്‍ കഥാപാത്രങ്ങളുടെ സുന്ദരമായ വിരലുകളെ പറ്റിയും ഭംഗിയുള്ള നഖങ്ങളെ പറ്റിയും എഴുതിയവരാണവര്‍.
തിരിച്ചു വന്നപ്പോള്‍ അവരുടെ പ്രണയം പൊലിഞ്ഞു.
പണ്ട് ഒട്ടേറെ രാത്രികളില്‍ താനെഴുതിയതു എന്ന് പറഞ്ഞു അയാള്‍ പാടിക്കേള്‍പ്പിച്ച പ്രണയ ഗാനങ്ങളൊക്കെയും ഉറുദു സാഹിത്യത്തിലെ പ്രമുഖരായ കവികളുടെ രചനകള്‍ മോഷ്ടിച്ച്‌ പരിഭാഷപ്പെടുത്തിയതാണ് എന്നറിഞ്ഞപ്പോള്‍ അവര്‍ തകര്‍ന്നുപോയി.
പങ്കു വെക്കപ്പെട്ട തന്റെ ഉടലിനെ ഓര്‍ത്തു അവര്‍ തേങ്ങി.
ഇസ്ലാമായി മാറിയെങ്കിലും കൃഷ്ണനെ വിളിച്ചു വിലപിച്ചു.
ആ കഥയാണവര്‍ അന്ന് പറഞ്ഞത്.
അന്നാദ്യമായാണ് അവരില്‍ നിന്നു തന്നെ അതേ പറ്റി കേട്ടത് .
ആലോചനയില്ലാത്ത ഒരു മതപരിവര്‍ത്തനം മൂലം ഊരിപ്പോരാനാകാത്ത ഒരു കുടുക്കില്‍ പെട്ടൊരാളുടെ വിലാപമായിരുന്നു അത് .
കുറിച്ചെടുക്കാന്‍ ഒരു പേപ്പറും പേനയും എടുക്കാതെ പോയ നിമിഷത്തെ ഞാന്‍ അന്ന് ശപിച്ചു.
അതിലുപരി ആ സംസാരം റെക്കോര്‍ഡ് ചെയ്യാന്‍ ടേപ്പ് റെക്കോര്‍ഡര്‍ കയ്യില്‍ കരുതാതെ പോയതില്‍ മനം നൊന്തു.
അവിടുന്നിറങ്ങിയപ്പോള്‍ ഞങ്ങള്‍ മൂവരും ഒന്നുപോലെ വിഷാദരായി.
അവര്‍ പറഞ്ഞ വസ്തുതയെ പറ്റി പലര്‍ക്കുമന്നറിയാം.
പക്ഷേ അവരുടെ വാക്കുകളായി അന്ന് വരെ ഒരു മീഡിയയിലും അത് വന്നിട്ടില്ല.
പക്ഷേ എഴുതിയാല്‍ ആര് വിശ്വസിക്കും.?
വോയ്‌സ് പ്രൂഫ് ഇല്ലാതെ എങ്ങനെ സത്യം പുറത്തു വിടും. 7
സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായി അവര്‍ തന്നെ അത് നിഷേധിച്ചാലോ. ?
എന്റെ പത്രപ്രവര്‍ത്തന ജീവിതത്തില്‍ മറ്റൊന്നിനെ ചൊല്ലിയും ഞാന്‍ ഇത്രയേറെ സങ്കടപ്പെട്ടിട്ടില്ല.
അന്ന് തന്നെ പത്രപ്രവര്‍ത്തകയായ ലീലാ മേനോനെയും ഞങ്ങള്‍ കണ്ടിരുന്നു.
മാധവിക്കുട്ടിയെ സന്ധിച്ചതും ആനുഷംഗികമായി ഇക്കാര്യം അവരോട് പറയുകയും ചെയ്തപ്പോള്‍ ഒക്കെയും
വാസ്തവം തന്നെ എന്നവരും സ്ഥിരീകരിച്ചു.
പക്ഷേ ഇന്നുവരെ അതേകുറിച്ചെഴുതാനായില്ല.
ഇപ്പോള്‍ ആമിയില്‍ കമല്‍ ആ പ്രണയ കഥ ചിത്രീകരിച്ചു. അനുപ് മേനോന് നല്‍കിയ കോസ്റ്റ്യൂമില്‍ നിന്ന് കമിതാവാര് എന്ന സൂചന കിട്ടും.
എങ്കിലും യാഥാര്‍ത്ഥ്യത്തില്‍ നിന്നല്പം മാറിയാണ് കമല്‍ ആമി ഒരുക്കിയത്.
ആമി ഇറങ്ങിയപ്പോള്‍ ബയോ പിക് ലും മാറ്റങ്ങളാവാം എന്നത് ദുഃഖിപ്പിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക