പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മറുനാടൻ മലയാളി നടത്തിയ സർവ്വേയിൽ വിവിധ അനുബന്ധ ചോദ്യങ്ങൾ ഉണ്ടായിരുന്നു. അതിലൊന്ന് കേരളത്തിലെ ജീവിച്ചിരിക്കുന്ന നേതാക്കളിൽ ഏറ്റവും ജനപ്രിയൻ ആരെന്നായിരുന്നു. അഞ്ചു നേതാക്കളുടെ പേരാണ് ഓപ്ഷനായി ഉൾപ്പെടുത്തിയിരുന്നത്. സിപിഎമ്മിൽ നിന്ന് പിണറായി വിജയൻ, എം വി ഗോവിന്ദൻ, കോൺഗ്രസിൽ നിന്ന് ശശി തരൂർ, വി ഡി സതീശൻ, ബിജെപിയിൽ നിന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

ഇതിൽ ഏറ്റവും ദയനീയമായ പിന്തുണ ലഭിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ആണ്. കേവലം ഒരു ശതമാനം ആളുകൾ മാത്രമാണ് ഗോവിന്ദനെ പിന്തുണച്ചത്. അദ്ദേഹത്തിന് തൊട്ടുമുന്നിൽ കെ സുരേന്ദ്രൻ ആണ് ഇടം പിടിച്ചത്. നാല് ശതമാനം ആളുകൾ സുരേന്ദ്രന്റെ പേരാണ് ജനപിന്തുണയുള്ള നേതാവായി ചൂണ്ടിക്കാട്ടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏറ്റവും ജനപിന്തുണയുള്ള നേതാവായി മാറിയത് 33% പേരുടെ പിന്തുണ നേടിയ പിണറായി വിജയനും തൊട്ടുപിന്നിൽ 32% പേരുടെ പിന്തുണ നേടിയ വി ഡി സതീശനും ആണ്. ശശി തരൂരിന് 30 ശതമാനം ആളുകളുടെ പിന്തുണ ലഭിച്ചു. അങ്ങനെ വരുമ്പോൾ 62% ആളുകൾ കോൺഗ്രസ് നേതാക്കളെ പിന്തുണച്ചപ്പോൾ 34% ആളുകൾ സിപിഎം നേതാക്കളെയും 4% ആളുകൾ ബിജെപിയെയും പിന്തുണച്ചു എന്ന് വിലയിരുത്താം.

ഇവിടെ രണ്ട് കാര്യങ്ങളാണ് പ്രധാനമായും പരിഗണന അർഹിക്കുന്നത്. സിപിഎമ്മിൽ നിന്ന് പിണറായി അല്ലാതെ മറ്റൊരാളെ ജനങ്ങൾ നേതാവായി കാണുന്നില്ല. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വി ഡി സതീഷിന് വലിയ പിന്തുണ ലഭിക്കുന്നുണ്ട്. എങ്കിൽ കൂടിയും വെറും ഒരു എംപി മാത്രമായ ശശി തരൂർ 30% ആളുകളുടെ പിന്തുണ നേടുമ്പോൾ അത് വ്യക്തമായ ഒരു സൂചനയാണ്. വിശ്വ പൗരനായ ശശി തരൂരിൽ കേരളത്തിലെ ജനത എത്രമാത്രം പ്രതീക്ഷ വെച്ചു പുലർത്തുന്നു എന്നതിന്റെ സൂചന. ഒറ്റയ്ക്ക് കണക്കാക്കുമ്പോൾ പിണറായി ഏറ്റവും ജനപ്രിയനായ നേതാവായി സ്ഥാനം നേടിയെങ്കിലും കൂട്ടായ കണക്കുകൾ പരിശോധിക്കുമ്പോൾ സിപിഎമ്മിനുള്ള ജനപിന്തുണ വെറും 34% ആയി കുറയുകയും കോൺഗ്രസ് പാർട്ടിയിൽ പ്രതീക്ഷയർപ്പിക്കുന്നവരുടെ എണ്ണം 62% ആയി ഉയരുകയും ചെയ്തിരിക്കുന്നു. ഇത് ഒരു പരിധിവരെ സർക്കാരിൻറെ പിന്തുണയുമായി കൂട്ടി വായിക്കാവുന്നതാണ്.

ഇവിടെ ഉയരുന്ന ചോദ്യം ശശി തരൂരിനെ ഒരു നേതാവായി ഉയർത്തി കാട്ടിയാൽ കോൺഗ്രസിന് അത് ഗുണകരമാകുമോ എന്നതാണ്. തീർച്ചയായും പുതുപ്പള്ളി മണ്ഡലത്തിൽ അവസാന രണ്ട് ദിവസം മാത്രം പ്രചരണത്തിൽ എത്തിയ ശശി തരൂരിന് 30% പിന്തുണ നേടാൻ ആയിട്ടുണ്ടെങ്കിൽ അത് വലിയ കാര്യമാണ്. പ്രതിപക്ഷ നേതാവായി സംസ്ഥാന രാഷ്ട്രീയത്തിൽ തിളങ്ങിനിൽക്കുന്ന വിഡി സതീശൻ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചരണവേളയിൽ ആദ്യാവസാനം മണ്ഡലത്തിൽ ഉണ്ടായിരുന്ന ആളാണ്. എന്നിട്ട് പോലും അദ്ദേഹത്തിന്റെ ജനപിന്തുണ പിണറായിയെക്കാൾ ഒരു ശതമാനം പിന്നിലാണ് എന്നതാണ് ശ്രദ്ധേയം.

തരൂരിനെ സംസ്ഥാന കോൺഗ്രസ് ഇവിടുത്തെ നേതൃമുഖമായി അംഗീകരിച്ചിട്ടില്ല ഇതുവരെ. അതുകൊണ്ടുതന്നെ പാർട്ടിക്കാർക്കപ്പുറം ശശി തരൂരിന് കിട്ടുന്നത് നിഷ്പക്ഷമായ പിന്തുണയാണ്. ഈ പിന്തുണ തങ്ങൾക്ക് ഉപകരിക്കുന്ന രീതിയിൽ പ്രചരണ ആയുധവും രാഷ്ട്രീയ ആയുധവും ആക്കി മാറ്റി എങ്കിൽ മാത്രമേ വിവിധ ജാതി മത സാമൂഹിക സമവാക്യങ്ങളെ അനുകൂലമാക്കി കോൺഗ്രസിന് സംസ്ഥാന ഭരണം തിരിച്ചുപിടിക്കാൻ കഴിയുകയുള്ളൂ

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക