വീട്ടമ്മയുടെ വ്യാജ പീഡന പരാതിയില്‍ യുവാവ് ജയിലില്‍ കിടന്നത് 45 ദിവസം. ഇടുക്കി കഞ്ഞിക്കുഴി മൈലപ്പുഴ സ്വദേശി പ്രജോഷാണ് ചെയ്യാത്ത കുറ്റത്തിന് ജയില്‍വാസം അനുഭവിച്ചെന്ന പരാതിയുമായി രംഗത്തുവന്നത്.കഞ്ഞിക്കുഴി പോലീസിന്റെ നടപടിയിലും പരാതിയുടെ സത്യാവസ്ഥയിലും സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യുവാവും നൂറിലധികം നാട്ടുകാരും സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങി.

പീഡനപരാതി ഉന്നയിച്ച യുവതിയുടെ ഭര്‍ത്താവുമായുള്ള തര്‍ക്കമാണ് തനിക്കെതിരായ പരാതിക്കു കാരണമെന്ന് പ്രജോഷ് പറയുന്നു. 45 ദിവസമാണ് പ്രജോഷ് ജയില്‍വാസം അനുഭവിച്ചത്. പുറത്തിറങ്ങി നാട്ടുകാരോട് ആവലാതി പറഞ്ഞതോടെ നിരവധി പേര്‍ ഒപ്പം ചേര്‍ന്നു. 117 ആളുകള്‍ പേരും ഒപ്പുമിട്ട പരാതി ഡിജിപിക്കും ഇടുക്കി എസ്പിക്കും നല്‍കി. ഏപ്രില്‍ 18നാണ് കഞ്ഞിക്കുഴി സ്വദേശിയായ വീട്ടമ്മയുടെ പരാതിയില്‍ പ്രജോഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ അതിക്രമിച്ചെത്തി പീഡിപ്പിച്ചെന്ന പരാതിയിലായിരുന്നു പോലീസ് നടപടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ ഈ പരാതി വ്യാജമാണെന്നും സംഭവം നടന്നെന്ന് പറയുന്ന മാര്‍ച്ച്‌ 24ന് മറ്റൊരിടത്ത് കോണ്‍ക്രീറ്റ് ജോലിയിലായിരുന്നെന്നുമാണ് പ്രജോഷിന്റെ വിശദീകരണം. അതിനെക്കുറിച്ച്‌ പോലീസ് ഒരു അന്വേഷണവും നടത്തിയില്ലെന്ന് ആരോപിച്ച യുവാവ് നുണപരിശോധനയ്‌ക്ക് വരെ തയാറാണെന്നും പറഞ്ഞു. കഞ്ഞിക്കുഴി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തിയത് ഇടുക്കി വനിതാ പൊലീസ് സ്റ്റേഷനായിരുന്നു.

നടപടിയില്‍ ക്രമക്കേടുണ്ടായിട്ടില്ലെന്നും രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നുമാണ് പോലീസ് വിശദീകരണം. എന്നാല്‍ കാര്യമായ അന്വേഷണം നടത്താതെ പോലീസ് സ്വീകരിച്ച നടപടിയില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടൂകാര്‍ ആരോപിക്കുന്നത്. നടപടിക്ക് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുള്ളതായി സംശയമുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക