മറയൂർ: ഒന്നരക്കോടി രൂപ വിലവരുന്ന ചന്ദനമരം സ്വകാര്യ പുരയിടത്തിൽ നിന്നു വനംവകുപ്പ് മുറിച്ചുമാറ്റി. 150ൽ അധികം വർഷം പഴക്കമുള്ള ചന്ദനമരം കാന്തല്ലൂർ റേഞ്ചിലെ കുണ്ടക്കാട് പേരൂർ വീട്ടിൽ സോമന്റെ വീടിനു സമീപത്തുനിന്നാണു മുറിച്ചുമാറ്റിയത്. സോമന്റെ വീടിനു സമീപത്തുള്ള പുരയിടത്തിൽ 20 ചന്ദനമരങ്ങൾ ഉണ്ടായിരുന്നു . ഇതിൽ ഭൂരിഭാഗവും മോഷ്ടാക്കൾ വെട്ടിക്കടത്തി.

സോമനെയും കുടുംബാംഗങ്ങളെയും കെട്ടിയിട്ടും ഇവിടെനിന്നു ചന്ദനം മോഷ്ടിച്ചു കടത്തിയ സംഭവമുണ്ടായി. തുടർന്നു സോമൻ പലതവണയായി വനംവകുപ്പിലും ബന്ധപ്പെട്ട അധികൃതർക്കും, ചന്ദനമരം മുറിച്ചുമാറ്റണമെന്ന അപേക്ഷ നൽകി. അപേക്ഷ പരിഗണിച്ച സബ് കലക്ടർ മരം മുറിച്ചുമാറ്റാൻ നിർദേശിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വേരുവരെ മാന്തിയെടുക്കും

കോടികൾ വിലമതിക്കുന്ന ചന്ദനമരം സ്വന്തം ഭൂമിയിൽ ഉണ്ടായിരുന്നെങ്കിലും 1976ൽ ലഭിച്ച ലാൻഡ് അസസ്മെന്റ് പട്ടയത്തിൽ ചന്ദനമരം സർക്കാർ വകയാണെന്ന് എഴുതിച്ചേർത്തിരിക്കുന്നതിനാൽ മരത്തിന്റെ വിലയിൽ ഒരു രൂപ പോലും ഉടമസ്ഥനു ലഭിക്കില്ല. ചന്ദനമരത്തിന്റെ തൊലി മുതൽ വേരു വരെ ചെത്തി കഷണങ്ങൾ ആക്കുന്നത് 16 തരത്തിലാണ്. ഇത്തരത്തിൽ വേർതിരിച്ചെടുക്കുന്ന ചന്ദനത്തിന് 1000 മുതൽ 25,000 രൂപ വരെയാണ് കിലോഗ്രാമിനു വില ലഭിക്കുന്നത്. ഒരു ചന്ദനമരം മുറിച്ചുമാറ്റുമ്പോൾ വേരിന്റെ ഏറ്റവും അടിഭാഗം വരെ മാന്തിയെടുത്ത് ഒരു കഷണം പോലും കളയാതെയാണു ശേഖരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക