ഇന്ത്യന്‍ കാര്‍ ഓഫ് ദ ഇയർ (ICOTY) പുരസ്ക്കാരം കരസ്ഥമാക്കി കിയ കാരെന്‍സ്. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളില്‍ നിന്നുമുള്ള മള്‍ട്ടി പര്‍പ്പസ് വാഹനമായ കാരെന്‍സ് 2022 ഫെബ്രുവരിയിലാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. തുടര്‍ന്ന് മികച്ച പ്രതികരണം നേടി മുന്നേറുന്ന എംപിവി ഇന്ന് രാജ്യത്തെ ജനപ്രിയ മോഡലുകളില്‍ ഒന്നാണ്. 8.99 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലാണ് കാരെന്‍സ് വില്‍പ്പനയ്ക്ക് എത്തിയത് എന്നതും ഹൈലൈറ്റാണ്. 18 ഓട്ടോമൊബൈല്‍ ജേണലിസ്റ്റുകള്‍ അടങ്ങുന്ന ഒരു പാനലാണ് ഇന്ത്യന്‍ കാര്‍ ഓഫ് ദ ഇയർ വിജയിയെ തെരഞ്ഞെടുത്തിരിക്കുന്നത്.

സ്‌കോഡ സ്ലാവിയ, മഹീന്ദ്ര സ്‌കോര്‍പിയോ N, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര തുടങ്ങിയ എതിരാളികളെ മലര്‍ത്തിയടിച്ചാണ് കിയ കരെന്‍സിനെ 2023 ഇന്ത്യന്‍ കാര്‍ ഓഫ് ദ ഇയറായി തെരഞ്ഞെടുത്തിരിക്കുന്നത്. പോയ വര്‍ഷം ഈ പുരസ്ക്കാരത്തിന് അര്‍ഹമായിരുന്നത് മഹീന്ദ്ര XUV700 എസ്‌യുവിയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജനപ്രിയ മിഡ്-സൈസ് എസ്‌യുവി സെല്‍റ്റോസിന്റെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് കിയ കാരെന്‍സിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. കിടിലന്‍ സ്റ്റൈലിംഗും അതിനൊത്ത ഫീച്ചറുകളും നിറഞ്ഞ പ്രായോഗിക വാഹനമായാണ് കാരെന്‍സിനെ വിശേഷിപ്പിക്കുന്നത്. സൗകര്യപ്രദവും വിശാലവും പ്രീമിയം ഫീച്ചറുകളും നല്‍കുന്ന എംപിവിക്കായി തിരയുന്ന ഉപഭോക്താക്കളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കിയ കാരെന്‍സ് പുറത്തിറക്കുന്നത് തന്നെ. ആകര്‍ഷകമായ വില കൂടി സമ്മാനിച്ചതോടെ മോഡല്‍ വന്‍ ഹിറ്റാവുകയായിരുന്നു.

അന്ന് വിപണിയില്‍ ലഭ്യമായിരുന്ന ടൊയോട്ട ഇന്നോവ ക്രിസ്റ്റ തനിക്കായി ഒരു ഇടം സൃഷ്ടിച്ചിരുന്നുവെങ്കിലും വിലയുടെ കാര്യത്തില്‍ കൊടിമുടിയെത്തിയിരുന്നതിനാല്‍ സാധാരണക്കാര്‍ക്ക് അത്ര വേഗം താങ്ങാനാവുമായിരുന്നില്ല. മറുവശത്ത് എര്‍ട്ടിഗ, XL6 പോലുള്ള എംപിവികളുമായിരുന്നു വിപണിയില്‍ ലഭ്യമായിരുന്നത്. എന്നാല്‍ അവ മറ്റ് നിര്‍മാതാക്കളെപ്പോലെ അത്ര ഫീച്ചര്‍ റിച്ച്‌ ഒന്നുമല്ലായിരുന്നു. ഈ ഗ്യാപ്പ് നികത്തിക്കൊണ്ടാണ് കാരെന്‍സ് കടന്നുവന്നത്.

ചുരുങ്ങിയ സമയത്തിനുള്ളില്‍ ജനങ്ങള്‍ക്കിടയില്‍ സ്റ്റാറാവാന്‍ കിയയുടെ വജ്രായുധത്തിനായി. ഇപ്പോള്‍ 10.20 ലക്ഷം രൂപ മുതല്‍ 18.45 ലക്ഷം രൂപ വരെയുള്ള എക്‌സ്ഷോറൂം വിലയിലാണ് കാര്‍ വിപണിയില്‍ അണിനിരക്കുന്നത്. നിലവില്‍ ഈ വിലയില്‍ വാങ്ങാനാവുന്ന ഏറ്റവും മികച്ച മള്‍ട്ടി പര്‍പ്പസ് വാഹനങ്ങളില്‍ ഒന്നാണിതെന്ന് നിസംശയം പറയാം.

ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററി, ക്യാപ്റ്റന്‍ സീറ്റുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റൂഫ് മൗണ്ടഡ് എസി വെന്റുകള്‍, ഇലക്‌ട്രിക് സണ്‍റൂഫ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, മള്‍ട്ടി-ഡ്രൈവ് മോഡുകള്‍, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ പ്രീമിയം ഫീച്ചറുകളാണ് കിയ വാഗ്ദാനം ചെയ്യുന്നത്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് കിയ കാരെന്‍സ് വാഗ്ദാനം ചെയ്യുന്നത് എന്ന കാര്യവും വിജയത്തിന് മോമ്ബൊടിയേകിയിട്ടുണ്ട്.

115 bhp പവറില്‍ പരമാവധി 144 Nm torque സൃഷ്ടിക്കുന്ന 1.5 ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് കാരെന്‍സിലെ ആദ്യ ഓപ്ഷന്‍. ഈ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ ലഭ്യമാണ്. അതേസമയം രണ്ടാമത്തെ 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ 115 bhp കരുത്തില്‍ 250 Nm torque വരെ ഉത്പാദിപ്പിക്കാനും ശേഷിയുള്ളതാണ്. ഈ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്നിവയില്‍ തെരഞ്ഞെടുക്കാനാവും.

സെല്‍റ്റോസ് മിഡ്-സൈസ് എസ്‌യുവിയെ പോലെ 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുമായാണ് കിയ കാരെന്‍സും വരുന്നത്. ഈ എഞ്ചിന്‍ 140 bhp പവറില്‍ പരമാവധി 242 Nm torque വരെ വികസിപ്പിക്കാന്‍ പ്രാപ്‌തമാണ്. 6 സ്പീഡ് മാനുവല്‍ 7 സ്പീഡ് ഡിസിടി ഗിയര്‍ബോക്‌സ് ഓപ്ഷനിലാണ് ഈ എഞ്ചിന്‍ കിയ വാഗ്ദാനം ചെയ്യുന്നത്. കാരെന്‍സ് എംപിവി മൊത്തത്തില്‍ 19 വേരിയന്റുകളില്‍ ലഭ്യമാണ്. സെല്‍റ്റോസിനെ പോലെ ഇത് പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ട ഉല്‍പ്പന്നമാണ്.

കിയ ഈ വര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയില്‍ കമ്ബനി സജീവ സാന്നിധ്യമായിരുന്നു. കൊറിയന്‍ ബ്രാന്‍ഡിന് ഈ വര്‍ഷം പ്രധാനമായും രണ്ട് അവതരണങ്ങളായിരുന്നു ഉണ്ടായിരുന്നത്. ചില കാരണങ്ങളാല്‍ KA4 എന്ന് വിളിക്കുന്ന നാലാം തലമുറ കിയ കാര്‍ണിവല്‍ പ്രീമിയം എംപിവിയും കിയ പ്രദര്‍ശിപ്പിച്ചിട്ടുണ്ടായിരുന്നു. 2023 ഇന്ത്യന്‍ കാര്‍ ഓഫ് ദ ഇയര്‍ പുരസ്ക്കാര നേട്ടങ്ങളിലെ മറ്റ് പ്രധാന പ്രഖ്യാപനങ്ങളിലേക്ക് നോക്കിയാല്‍ ICOTY 2023 പ്രീമിയം കാര്‍ അവാര്‍ഡ് മെര്‍സിഡീസ് EQS 580 കരസ്ഥമാക്കി. അതേസമയം ഗ്രീന്‍ കാര്‍ അവാര്‍ഡ് Kia EV6 ഇവിയും സ്വന്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക