അടുത്ത ഞായറാഴ്ച കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തില്ല. ഡീസൽ പ്രതിസന്ധി രൂക്ഷമായതോടെയാണ് മാനേജ്മെന്റ് പുതിയ തീരുമാനമെടുത്തത്. ഇന്നും നാളെയുമായി സർവീസുകൾ വെട്ടിക്കുറയ്ക്കാനും നിർദേശിച്ചിട്ടുണ്ട്. ഇന്ന് 50 ശതമാനവും നാളെ 25 ശതമാനവും സർവീസുകൾ മാത്രമേ ഉണ്ടാകൂ.

നിലവിലെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളുടെ ഭാഗമായി ഡീസൽ ലഭ്യത കുറഞ്ഞെന്നും മോശം കാലാവസ്ഥയിൽ വരുമാനമില്ലാതെ സർവീസുകൾ നടത്തുന്ന സാഹചര്യം ഒഴിവാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. ഉത്തരവനുസരിച്ച്, ഫാസ്റ്റ് പാസഞ്ചർ മുതൽ വരുമാനം നൽകുന്ന സൂപ്പർ ക്ലാസ് സർവീസുകൾ വെള്ളി, ശനി ഉച്ചകഴിഞ്ഞ് പരമാവധി പ്രവർത്തിപ്പിക്കണം, എല്ലാ ദീർഘദൂര സർവീസുകളും ഞായറാഴ്ച ഉച്ചതിരിഞ്ഞ് പ്രവർത്തിപ്പിക്കണം, തിരക്കേറിയ സമയങ്ങളിൽ തിങ്കളാഴ്ചകളിൽ മിക്കവാറും പ്രവർത്തിക്കണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ പരമാവധി ഓർഡിനറി സർവീസുകൾ തിങ്കളാഴ്‌ച ലഭ്യമാകുന്ന ഡീസൽ ഉപയോഗിച്ച്‌ ക്രമീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു. സർവീസുകൾ നടത്തണമെന്ന് പറയുമ്പോഴും ഡീസൽ പ്രതിസന്ധിയെ തുടർന്ന് മിക്ക ജില്ലകളിലും ഇന്നലെ മുതൽ സർവീസ് നടത്താൻ കഴിഞ്ഞിട്ടില്ല. വയനാട് കൽപ്പറ്റ, സുൽത്താൻബത്തേരി, മാനന്തവാടി ഡിപ്പോകളിൽ സർവീസുകൾ നിർത്തിവച്ചു. ജില്ലയിലെ മിക്ക ലോക്കൽ സർവീസുകളും ഓടിയില്ല. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഗ്രാമങ്ങളിലേക്കുള്ള ഓരോ ട്രിപ്പും നടത്തി. മാനന്തവാടി ഡിപ്പോയിൽ നിന്ന് ദീർഘദൂര സർവീസുകൾ ഓടിയെങ്കിലും കോഴിക്കോട് സർവീസുകൾ നടത്താനായില്ല. മറ്റു ജില്ലകളിലും സമാന സ്ഥിതിയാണ്.

കെഎസ്ആർടിസി ജീവനക്കാർക്ക് ജൂൺ മുതലുള്ള ശമ്പളം നൽകണം. ഇപ്പോൾ ഇന്ധനത്തുക ശമ്പളം കൊടുക്കാൻ ഉപയോഗിക്കുന്നു. അതിനാൽ ഇന്ധനക്ഷാമം തുടരുമെന്ന് ജീവനക്കാർ പറയുന്നു. അതേസമയം, ഡീസൽ പ്രതിസന്ധിക്ക് കാരണം പണമില്ലാത്തതുകൊണ്ടല്ലെന്നും ഐഒസിയിലെ തൊഴിലാളി സംഘടനകളുടെ സമരമാണ് കാരണമെന്നും കെഎസ്ആർടിസി അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക