തിരുവനന്തപുരം : നഗരസഭാ കൗൺസിലർക്ക് നേരെ വധഭീഷണി മുഴക്കിയെന്ന പരാതിയുണ്ടായിട്ടും കേസെടുക്കാത്ത പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് സിറ്റിപോലീസ് കമ്മീഷണർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവ് നൽകിയത്. എലത്തൂർ കൗൺസിലർ മനോഹരൻ മാങ്ങാറിയിൽ സമർപ്പിച്ച പരാതിയിലാണ് നടപടി.

എലത്തൂർ പോലിസിനെതിരെയാണ് മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇരുനൂറ് വർഷത്തിലധികമായി ഉപയോഗിച്ചു കൊണ്ടിരുന്ന വഴി രണ്ടാഴ്ച മുമ്പ് പ്രദേശ വാസി കയർ കെട്ടി തടസ്സപ്പെടുത്തിയത് ചോദ്യം ചെയ്തപ്പോൾ നഗരസഭാ കൗൺസിലറെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയിട്ടും പോലീസ് കേസെടുത്തില്ലെന്നാണ് പരാതി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മനോഹരന്‍റെ അയൽവാസി സി പി ഹരിദാസനാണ് കൗൺസിലറെ ആക്രമിച്ചതും വധഭീഷണി മുഴക്കിയതും. ഇതിനെതിരെ താൻ എലത്തൂർ പോലീസിൽ പരാതി നൽകിയെങ്കിലും ഒരു നടപടിയുമെടുത്തില്ലെന്ന് കമ്മീഷനിൽ സമർപ്പിച്ച പരാതിയിൽ പറയുന്നു. 1975 ലാണ് പരാതിക്കാരന്റെ അച്ഛന്റെ പേരിൽ കുടികിടപ്പവകാശം ലഭിച്ചത്. 1985 ൽ വായ്പയെടുത്ത് വീട് നിർമ്മിച്ചു. എതിർ കക്ഷി 10 വർഷം മുമ്പാണ് ഇവിടെയത്തിയത്. ജൂൺ 13 ലാണ് കൌൺസിലറെ എതിർ കക്ഷി ആക്രമിച്ചത്.

തനിക്കും കുടുംബത്തിനും ഇപ്പോഴും ഭീഷണി നിലനിൽക്കുകയാണ്. പട്ടികജാതിക്കാരനായ താൻ പോലീസിൽ പരാതി നൽകിയിട്ടും എഫ് ഐ ആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പരാതിയിൽ പറയുന്നു. പരാതിയില്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ വിശദമായ അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. കേസ് ജൂൺ 29 ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക