കഴിഞ്ഞ ദിവസങ്ങളിലെ വലിയ ചര്‍ച്ചയായിരുന്നു ഡൊസ്റ്റര്‍ലിമാബ് എന്നതിനെക്കുറിച്ച്‌. ബ്രിട്ടിഷ് കമ്ബനി ഗ്ലാക്സോ സ്മിത്ത്ക്ലെയിന്റെ ഈ മരുന്ന് ഒരു അദ്ഭുതമാകുമെന്നു കരുതുകയാണു ലോകം. പ്രത്യേകതരം മലാശയ കാന്‍സര്‍ ബാധിതരായ ആളുകളില്‍ രോഗത്തെ പൂര്‍ണമായും ഇല്ലാതാക്കാന്‍ ഡൊസ്റ്റര്‍ലിമാബിനു കഴിയുമെന്ന് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ന്യുയോര്‍ക്കിലെ മെമ്മോറിയല്‍ സ്ലൊവാന്‍ കെറ്ററിങ് കാന്‍സര്‍ സെന്ററിലെ ഗവേഷകരുടെ കണ്ടെത്തല്‍.

∙ എന്തുകൊണ്ട് ഡൊസ്റ്റര്‍ലിമാബ്?

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോവിഡ് കാലത്തു വാക്സീന്റെയും മരുന്നുകളുടെയും പലതരം ക്ലിനിക്കല്‍ ട്രയല്‍ വിവരങ്ങള്‍ നാം കേട്ടിരുന്നു. എന്നാല്‍, അവയില്‍ നിന്നെല്ലാം വ്യത്യസ്തമായി ഡൊസ്റ്റര്‍ലിമാബ് ട്രയലില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും രോഗമുക്തിയുണ്ടായി എന്ന അദ്ഭുതഫലമാണ് ഇതിനെ പ്രത്യേകതയുള്ളതാക്കുന്നത്. രണ്ടാംഘട്ട ട്രയലില്‍ ആകെ 12 രോഗികളെ ഉണ്ടായിരുന്നുള്ളൂവെങ്കിലും ഇവര്‍ക്കെല്ലാം പൂര്‍ണമായും രോഗമുക്തി ലഭിച്ചുവെന്നതാണ് ഈ മരുന്നിനെ അദ്ഭുതവും പ്രതീക്ഷയുമായി കാണാന്‍ ലോകത്തെ പ്രേരിപ്പിക്കുന്നത്. ശസ്ത്രക്രിയയോ കീമോതെറപ്പിയോ ഇല്ലാതെ രോഗമുക്തി നേടാനായി എന്നതായിരുന്നു ഈ ഗവേഷണത്തിലെ പ്രധാന സവിശേഷത.

∙ മലാശയ കാന്‍സര്‍ എന്ന അപകടം

ജീവിതശൈലിയിലെ മാറ്റം, ഭക്ഷണരീതി ഇവ സൃഷ്ടിക്കുന്ന അപകടകരമായ കാന്‍സറുകളിലൊന്നാണു കോളോറെക്ടല്‍ കാന്‍സര്‍ അഥവാ മലാശയ കാന്‍സര്‍. അധിക അളവില്‍ കൊഴുപ്പ് അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍, സംസ്കരിച്ച മാംസവിഭവങ്ങള്‍, വ്യായാമക്കുറവ്, അമിതവണ്ണം, പുകവലി, മദ്യപാനം എന്നിവയെല്ലാം ഇതിലേക്കു നയിക്കാം. സ്ത്രീകളേക്കാള്‍ പുരുഷന്മാര്‍ക്കാണ് രോഗസാധ്യത. മലബന്ധം, മലത്തിനൊപ്പം രക്തം പോവുക, കറുപ്പുനിറത്തോടെ പോവുക, വിശപ്പില്ലായ്മ, ശരീരഭാരം നഷ്ടമാകുക, മനംപുരട്ടല്‍, ഛര്‍ദി, ക്ഷീണം, തലച്ചുറ്റല്‍ തുടങ്ങിയവയെല്ലാം ലക്ഷണമാകാം. എന്നാല്‍, ഇവ ഉള്ളതുകൊണ്ടു കാന്‍സറാണെന്ന പേടിയും വേണ്ട. കരുതല്‍ എന്ന നിലയില്‍ ഡോക്ടറെ കാണുകയാണ് വേണ്ടത്. പ്രത്യേകിച്ചും മധ്യവയസ്സു പിന്നിടുമ്ബോള്‍ ഇത്തരം ലക്ഷണങ്ങളുണ്ടെങ്കില്‍ കൃത്യമായ ഇടവേളകളില്‍ വൈദ്യസഹായം തേടുകയും കാന്‍സര്‍ പരിശോധന നടത്തുകയും വേണം.

കേരളത്തില്‍ വലിയൊരു ശതമാനം ആളുകള്‍ പിന്തുടരുന്ന ആഹാരരീതി ഒരുപരിധി വരെ അപകടം വര്‍ധിപ്പിക്കും. ഇറച്ചി, ജനിതകമാറ്റം വരുത്തിയ കോഴിയിറച്ചി, ശീതളപാനീയങ്ങള്‍, പൊറോട്ടയടക്കം മൈദ കലര്‍ന്ന ആഹാരവസ്തുക്കള്‍ എന്നിവയുടെ അമിത ഉപഭോഗം റെക്ടല്‍ കാന്‍സറിന് മുഖ്യകാരണമെന്ന കണ്ടെത്തലുണ്ട്. ഇവ ദഹിക്കുമ്ബോള്‍ ഉണ്ടാവുന്ന ഡിഓക്സി കോളിക് ആസിഡാണ് വില്ലനാകുന്നത്.

∙ പരീക്ഷണം

കാന്‍സറിനു പല ഘട്ടങ്ങളുണ്ട്. കാന്‍സര്‍ വന്നു തുടങ്ങുന്നത് ഒരു ചെറിയ സ്ഥലത്തു മാത്രമായിരിക്കും. ഇത് സ്റ്റേജ് വണ്‍ കാന്‍സര്‍. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ കാന്‍സര്‍ വളരും. അപ്പോഴും വ്യാപിക്കില്ല. സ്റ്റേജ് 3 കാന്‍സറിലാണ് കാന്‍സര്‍ വളരുകയും മറ്റു കലകളിലേക്കും ലിംഫ്നോഡുകളിലേക്കും വ്യാപിക്കുന്നത്. മറ്റ് അവയവങ്ങളിലേക്കും മറ്റുഭാഗങ്ങളിലേക്കു വ്യാപിക്കുന്നത് സ്റ്റേജ് 4. മെമ്മോറിയല്‍ സ്ലൊവാന്‍ കെറ്ററിങ് കാന്‍സര്‍ (എംഎസ്കെസിസി) സെന്റര്‍ നടത്തിയ പരീക്ഷണം സ്റ്റേജ് 2, സ്റ്റേജ് 3 ഘട്ടങ്ങളിലുള്ള രോഗികളായിരുന്നുന്നുവെന്ന് പരീക്ഷണത്തിന്റെ സമ്ബൂര്‍ണ വിവരങ്ങള്‍ പ്രസിദ്ധീകരിച്ച ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനിലുണ്ട്.

∙ എംഎംആര്‍ കാന്‍സര്‍

മിസ്മാച്ച്‌ റിപ്പയറിങ് കാന്‍സര്‍ ബാധിച്ച രോഗികളായിരുന്നു ട്രയലില്‍ പങ്കെടുത്തവരെല്ലാം. ഡിഎന്‍എ തകരാറുകള്‍ പരിഹരിക്കുന്ന സംവിധാനം ശരിയായി പ്രവൃത്തിക്കാതെ വന്നാല്‍ ഈ തകരാറുകള്‍ അടിഞ്ഞുകൂടി കാന്‍സറുകള്‍ക്കു കാരണമാകാം. ഇതിനെയാണു മിസ്മാച്ച്‌ റിപ്പയറിങ് വഴിയുള്ള കാന്‍സര്‍ എന്നു പറയുക. ഡിഎന്‍എ ബേസുകള്‍ പരസ്പരം ചേരാതെ വരികയും അവയുടെ തകരാര്‍ പരിഹരിക്കാന്‍ നടക്കുന്ന ശ്രമം പാളിപോവുകയും ചെയ്യുന്ന അവസ്ഥ. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഡിഎന്‍എയിലെ അപര്യാപ്തത പരിഹരിക്കാന്‍ പോന്ന ജീനുകളുടെ അഭാവം. മിസ്മാച്ച്‌ റിപ്പയറിങ് കാന്‍സറുകളുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ഒന്നാണ് മലയാശയ കാന്‍സര്‍.

∙ ഇമ്യൂണോതെറപ്പി

മിസ്മാച്ച്‌ റിപ്പയറിങ് പ്രശ്നം വഴിയുള്ള കാന്‍സറുകളില്‍ പൊതുവേ, ഇമ്യൂണോതെറപ്പിയാണ് ശുപാര്‍ശ ചെയ്യുന്നത്. കാന്‍സറിനെതിരെ നമ്മുടെ ശരീരത്തിലെ പ്രതിരോധ വ്യവസ്ഥയെ കൂടുതല്‍ സജീവമാക്കുന്നതാണ് ഈ ചികിത്സാരീതി. ശരീരത്തിലെ പ്രതിരോധ വ്യവസ്ഥയില്‍ നിര്‍ണായക ചുമതലകള്‍ വഹിക്കുന്ന പിഡി1 പ്രോട്ടീന്റെ സാധ്യതകളാണ് ഇതുപയോഗപ്പെടുത്തുന്നത്. മിസ്മാച്ച്‌ റിപ്പയറിങ് കാന്‍സര്‍ ശക്തിപ്പെടുന്ന ഘട്ടത്തില്‍ നമ്മുടെ സജീവ പ്രതിരോധ സംവിധാനം തീര്‍ത്തും മയക്കത്തിലായിരിക്കും. വിശേഷിച്ചും പ്രതിരോധവ്യൂഹത്തിലെ ടി സെല്ലുകള്‍. പിഡി1 ബ്ലോക്കേഡ് വഴി ടി സെല്ലുകളെ ഉണര്‍ത്തുകയും കാന്‍സര്‍ ബാധിത പ്രദേശത്തെ അക്രമിക്കുകയും ചെയ്യുകയാണ് ഈ ചികിത്സയിലൂടെ ചെയ്യുന്നത്. അതായത്, ശരീരം ഒരു കാറാണെന്നു സങ്കല്‍പ്പിച്ചാല്‍ ബ്രേക്ക് ഉള്‍പ്പെടെ സംവിധാനമാണ് പ്രതിരോധവ്യൂഹം. അപകടം മുന്നില്‍ വരുന്ന സമയത്തു ബ്രേക്ക് കൃത്യമായി പ്രയോഗിച്ചിരിക്കണമെന്നു പറയുന്നതു പോലെയാണ് കാര്യങ്ങള്‍. പിഡി1 ബ്ലോക്കേഡ് വഴി ടി സെല്ലുകള്‍ എന്ന ബ്രേക്കിങ് സംവിധാനത്തെ സജീവമാക്കും.

∙ പുതിയതല്ല

പിഡി1 ബ്ലോക്കേഡ് ചികിത്സ പുതിയ കാര്യമല്ല. ശസ്ത്രക്രിയയ്ക്കു ശേഷം ഈ രീതി വഴി കാന്‍സറിനെ കൂടുതല്‍ ഫലപ്രദമായി നേരിടുന്ന ചികിത്സ നേരത്തേ തന്നെയുണ്ട്. കാന്‍സര്‍ കോശം രക്തത്തിലൂടെ പടര്‍ന്നു മറ്റവയങ്ങളിലെത്തി രണ്ടാമതൊരു കാന്‍സറിനു കൂടി (മെറ്റസ്റ്റാസിസ്) കാരണമാകുന്ന സാഹചര്യങ്ങളിലും ഈ രീതി പ്രയോഗിക്കാറുണ്ട്. എന്നാല്‍, ശസ്ത്രക്രിയ ഒഴിവാക്കി പിഡി1 ബ്ലോക്കേഡ് ഉപയോഗിച്ചുള്ള ചികിത്സ കൊണ്ടു തന്നെ കാന്‍സറിനെ അകറ്റാമെന്ന കണ്ടെത്തലാണ് എംഎസ്കെസിസിയിലെ ഗവേഷകര്‍ ചെയ്തത്. ഒപ്പം, എല്ലാത്തരം മിസ്മാച്ച്‌ റിപ്പയറിങ് കാന്‍സറുകളുടെ കാര്യത്തിലും ഈ തെറപ്പി ഗുണം ചെയ്യുമെന്നും പഠനം സൂചിപ്പിക്കുന്നു. വളരെ പെട്ടന്നു രോഗമുക്തി, മറ്റു തെറപ്പികളെ അപേക്ഷിച്ചു വിപരീതഫലം കുറവു എന്നിവയാണ് നേട്ടം.

∙ മരുന്ന്, ചികിത്സ, നിരീക്ഷണം

രോഗകാരിക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ കൃത്രിമമായി സൃഷ്ടിച്ചെടുത്ത (മോണോക്ലോണല്‍) ആന്റിബോഡിയാണ് ഡൊസ്റ്റര്‍ലിമാബ്. 3 ആഴ്ചയിലൊരിക്കല്‍, 6 മാസത്തേക്കാണ് മരുന്നു നല്‍കേണ്ടത്. വളരെ പെട്ടെന്നു തന്നെ ചികിത്സാഫലം കിട്ടിത്തുടങ്ങുമെന്നതാണ് ഗവേഷകരുടെ അവകാശവാദം. ഇതുപ്രകാരം, ചികിത്സ തുടങ്ങി 9 ആഴ്ച കൊണ്ടുതന്നെ 81% ലക്ഷണങ്ങളിലും മാറ്റം പ്രകടമാകാം. കോഴ്സ് പൂര്‍ത്തിയാക്കി 6 മുതല്‍ 25 മാസം വരെ ഇവരെ നിരീക്ഷണ വിധേയമാക്കിയ ശേഷമാണ് ഇവര്‍ക്കു കാന്‍സര്‍ പൂര്‍ണമായും മാറിയെന്ന് ഉറപ്പാക്കിയത്. കാന്‍സര്‍ ബാധ വീണ്ടും ഉണ്ടാകാനോ വളരാനോ ഉള്ള സാധ്യത ഫോളോ അപ്പ് ചികിത്സയില്‍ കണ്ടെത്തിയിട്ടില്ല-എംഎസ്കെസിസി ചൂണ്ടിക്കാട്ടുന്നു.

കീമോയും റേഡിയേഷനും ഒഴിവാക്കാം

കാന്‍സര്‍ ചികിത്സയില്‍ വ്യാപകവും ഏറ്റവും ആശങ്ക നല്‍കുന്നതുമായ രണ്ടു ചികിത്സാരീതികളാണ് റേഡിയേഷന്‍ തെറപ്പിയും കീമോ തെറപ്പിയും. കാര്യമായ റേഡിയേഷന്‍ നല്‍കുക വഴി കാന്‍സര്‍ കോശങ്ങളെ ഇല്ലാതാക്കുകയും ചുരുക്കുകയും ചെയ്യുന്നതാണ് റേഡിയേഷന്‍ ചികിത്സ. പെട്ടെന്നു പൂര്‍ണമായും കാന്‍സര്‍ കോശങ്ങളെ ഇല്ലാതാക്കാന്‍ ഇതുവഴി കഴിയില്ല. അതുകൊണ്ടു തന്നെ ആഴ്ചകളോളം എടുത്താകും ചികിത്സ. കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാനുള്ള ശ്രമത്തിനിടെ അടുത്തുള്ള ആരോഗ്യകരമായ കോശങ്ങളെ കൂടി നശിപ്പിക്കുമെന്നതിനാല്‍ അതിന്റേതായ പാര്‍ശ്വഫലങ്ങളുണ്ടാകും. എന്നാല്‍, കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ തക്ക മരുന്നുകളെ പ്രയോജനപ്പെടുത്തിയുള്ളതാണ് കീമോ ചികിത്സ. കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച പൂര്‍ണമായും ഇല്ലാതാക്കാം, വളര്‍ച്ച തടയാം. ഇതിനും കടുത്ത പാര്‍ശ്വഫലങ്ങളുണ്ടാകാം.

∙ കാന്‍സര്‍ കവരാത്ത ജീവിതം

കാന്‍സര്‍ ബാധയും തുടരെയുള്ള ചികിത്സയും രോഗബാധിതരുടെ മാത്രമല്ല, ചുറ്റുമുള്ളവരുടെ കൂടി ജീവിതം തീര്‍ത്തും ദുഷ്കരമാക്കുകയാണ് പതിവ്. എന്നാല്‍, പുതിയ ഗവേഷണം മുന്നോട്ടുവയ്ക്കുന്ന ഏറ്റവും വലിയ ആശ്വാസം വിപരീതഫലം കുറവായിരിക്കുമെന്നതാണ്. കീമോയും റേഡിയേഷനും ഒഴിവാകുന്നതോടെ, കാന്‍സര്‍ ബാധിത ജീവിതത്തിന്റെ പൊതുവിലുള്ള സ്ഥിതിയും കൂടുതല്‍ മെച്ചപ്പെടും. പ്രത്യുല്‍പാദനം, ലൈംഗികാരോഗ്യം തുടങ്ങിയവയി‍ല്‍ പോലും ഇതു പ്രതിഫലിക്കുമെന്നാണ് കരുതപ്പെടുന്നത്.

വില ഇങ്ങനെ

എംഎസ്കെസിസി നടത്തിയ ഗവേഷണത്തിലെ വിശദാംശങ്ങള്‍ അനുസരിച്ചു സാധാരണക്കാര്‍ക്ക് താങ്ങാവുന്നതല്ല ഈ ചികിത്സയുടെ ചെലവ്. ആറു മാസത്തേക്കുള്ള ഒന്‍പതു ഡോസ് കോഴ്സിന് ആകെ 77 ലക്ഷത്തോളം രൂപയാണ് ചെലവായി കണക്കാക്കപ്പെടുന്നത്. അനുബന്ധ പരിശോധനകള്‍ക്കും നല്ല ചെലവുണ്ട്. ഇമ്യൂണോതെറപ്പിക്ക് ആവശ്യമായ കൃത്യമായ മരുന്നുകള്‍ പലതും വ്യാപകമായിട്ടില്ലെന്നതും വെല്ലുവിളിയാണ്.

എതിര്‍ അഭിപ്രായവും

ഇമ്യൂണോതെറപ്പി വഴി മാത്രമുള്ള ചികിത്സാപരിഹാരത്തോടു യോജിപ്പില്ലാത്തവരും ഏറെയാണ്. ആകെ കാന്‍സര്‍ രോഗികളില്‍ 10% പേര്‍ക്കെങ്കിലും ശസ്ത്രക്രിയ ആവശ്യമില്ലെന്നും കീമോ തെറപ്പിയും റേഡിയേഷനും വഴി പരിഹാരം കാണാന്‍ കഴിയുമെന്നുമാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിനോടൊപ്പം തന്നെ വിശദമായ പഠനവും കൂടുതല്‍ പേരിലുള്ള ട്രയലും ആവശ്യമാണെന്നു വാദിക്കുന്നവരുമുണ്ട്. കോശങ്ങളെ മൈക്രോസ്കോപിക് പഠനത്തിനു (ഹിസ്റ്റോളജി) വിധേയമാക്കാതെ രോഗമുക്തി നി‍ര്‍ണയിച്ചതിനെ പോരായ്മയായി ചൂണ്ടിക്കാട്ടുന്നു. തുടര്‍പരിശോധനകളും ദീര്‍ഘകാല നിരീക്ഷണവും ആവശ്യമാണെന്നും ഇവര്‍ വ്യക്തമാക്കുന്നു. കൂടുതല്‍ പേരെ പങ്കെടുപ്പിച്ചുള്ള ട്രയലും ആവശ്യമാണെന്ന വാദം ശക്തമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക