ഭോപ്പാല്‍: നവജാതശിശുവിനെ വിറ്റ പണം കൊണ്ട് ഷോപ്പിങ് മാമാംങ്കം നടത്തി അമ്മ. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയായ 23കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രസവം കഴിഞ്ഞ് 15 ദിവസം മാത്രം പ്രായമായ കുഞ്ഞിനെയാണ് അമ്മ ഷൈനാ ബീയും പങ്കാളി അന്തര്‍ സിങ്ങും ചേര്‍ന്ന് 5.5 ലക്ഷം രൂപയ്ക്ക് വിറ്റത്. കുഞ്ഞുമായി ജീവിക്കാനാകില്ലെന്നും കുട്ടിയെ ആര്‍ക്കെങ്കിലും വിറ്റുകളയണമെന്നും പങ്കാളി നിര്‍ബന്ധിക്കുകയായിരുന്നുവെന്നാണ് യുവതി പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. കുഞ്ഞിനെ വിറ്റുകിട്ടിയ പണം കൊണ്ട് ഷോപ്പിങ് നടത്തുകയായിരുന്നുവെന്നാണ് വിവരം. യുവതിയും പങ്കാളിയും ചേര്‍ന്ന് ബൈക്കും വീട്ടുപകരണങ്ങളും വാങ്ങുന്നത് ശ്രദ്ധയില്‍പെട്ട സാമൂഹിക പ്രവര്‍ത്തകനാണ് പൊലീസില്‍ പരാതി നല്‍കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദിവസങ്ങള്‍ക്കു മുന്‍പ് മാത്രം പ്രസവം നടന്ന കുഞ്ഞ് ഷോപ്പിങ് നടത്തുമ്ബോള്‍ ഇവരുടെ കൂടെയുണ്ടായിരുന്നില്ല. ഇതോടൊപ്പം ബൈക്കും എല്‍.ഇ.ഡി ടി.വിയും വാഷിങ് മെഷീനും ഫ്രിഡ്ജുമടക്കമുള്ള വിലപിടിപ്പുള്ള വീട്ടുപകരണങ്ങളും വാങ്ങുന്നത് ശ്രദ്ധയില്‍പെട്ടതോടെ സംശയം തോന്നി. ഇക്കാര്യം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ മറ്റൊരാള്‍ക്ക് വിറ്റത് വ്യക്തമായതെന്ന് ഇന്‍ഡോറിലെ ഹീര നഗര്‍ പൊലീസ് എസ്.ഐ സതീഷ് പട്ടേല്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തില്‍ ഷൈനയുടെ പങ്കാളി അന്തര്‍ സിങ്ങിനെയും കുട്ടിയെ വില്‍ക്കാന്‍ ഇടനിലയ്ക്കാരായി പ്രവര്‍ത്തിച്ച പൂജ വര്‍മ, നീലം വര്‍മ, നേഹ സൂര്യവംശി എന്നിങ്ങനെ മൂന്നു സ്ത്രീകളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മധ്യപ്രദേശിലെ മാല്‍വയിലെ ദേവാസ് സ്വദേശിയായ ലീനാ സിങ് എന്ന യുവതിയാണ് കുഞ്ഞിനെ അഞ്ചു ലക്ഷം രൂപ നല്‍കി വാങ്ങിയത്. യുവതിയും പൊലീസ് പിടിയിലായിട്ടുണ്ട്. തന്റെ രണ്ടു മക്കള്‍ പ്രസവത്തിനു തൊട്ടുപിന്നാലെ മരിച്ചിരുന്നെന്നും ഇതിനാല്‍ കുഞ്ഞിനെ ദത്തെടുക്കാന്‍ ആലോചിക്കുകയായിരുന്നുവെന്നുമാണ് ലീനാ സിങ് പൊലീസിനോട് പറഞ്ഞത്. ദത്തെടുക്കാനുള്ള നടപടിക്രമങ്ങള്‍ സങ്കീര്‍ണമായതിനാലാണ് കുഞ്ഞിനെ നേരിട്ട് വാങ്ങാന്‍ തീരുമാനിച്ചതെന്നും യുവതി വെളിപ്പെടുത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക