പ്രശസ്ത ഗായകന്‍ കെ കെയുടെ ആകസ്മികനിര്യാണം ഉണ്ടാക്കിയ ഞെട്ടല്‍ ഇതുവരെ മാറിയിട്ടില്ല. ആരാധകര്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും വല്ലാത്ത ഞെട്ടലാണ് അതുണ്ടാക്കിയത്. കൊല്‍ക്കത്ത നഗരത്തിലെ നന്ദന്‍ തിയറ്റര്‍ ആയിരുന്നു വേദി. 100 ഗായകരും 100 ഗിറ്റാര്‍ കലാകാരന്മാരും.. വിവിധ ഭാഷകളിലായി എഴുന്നൂറോളം പാട്ടുകള്‍ പാടിയ ഗായകന്‍ 53-ാം വയസ്സില്‍ വിടവാങ്ങി. പെട്ടെന്നുണ്ടായ മരണത്തിന് പിന്നാലെ കേട്ട വിവാദങ്ങള്‍ തല്‍ക്കാലം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടോടെ കെട്ടടങ്ങി. പക്ഷേ ഞെട്ടല്‍ മാറിയില്ല. ഒരു പക്ഷേ കൂടുകയും ചെയ്തു.

ഹൃദയാഘാതമാണ് മരണകാരണമെന്ന് പറയുന്ന ഡോക്ടര്‍മാര്‍ മുമ്ബ് തന്നെ അദ്ദേഹത്തിന് വയ്യായ്കകള്‍ ഉണ്ടായിരുന്നുവെന്നും പറഞ്ഞു. തീര്‍ന്നില്ല. അസ്വസ്ഥതകള്‍ക്ക് വയറെരിച്ചില്‍ ആണെന്ന് കരുതി അതിനുള്ള മരുന്നുകള്‍ കഴിച്ചിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു. പെട്ടെന്നുള്ള ഹൃദയാഘാതം മൂലം അടുത്ത കാലത്ത് വിടപറഞ്ഞ പ്രശസ്തരുടെ നിര ചെറുതല്ല. ഭക്ഷണക്രമം, ചിട്ട, വ്യായാമം ഇത്യാദികളെല്ലാം വളരെ ശ്രദ്ധിക്കുകയും വ്യവസ്ഥ പാലിക്കുകയും ചെയ്യുന്ന താരങ്ങള്‍ക്ക് ഇതെന്താണ് സംഭവിക്കുന്നത് എന്നാണ് എല്ലാവരുടേയും മനസ്സില്‍ ഉയര്‍ന്ന ചോദ്യം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കന്നടസിനിമയിലെ സൂപ്പര്‍താരം. ഇതിഹാസതാരം രാജ്കുമാറിന്റെ മകന്‍ പുനീത് മരിച്ചത് ഇക്കഴിഞ്ഞ ഒക്ടോബറിലാണ്. നാല്‍പത്തിയാറാം വയസ്സില്‍. ജിമ്മില്‍ പരിശീലനത്തിനിടെയാണ് പുനീതിന് അസ്വാസ്ഥ്യം അനുഭവപ്പെടുന്നത്. ആശുപത്രിയിലെത്തിക്കുമ്ബോഴേക്കും സ്ഥിതി ഗുരുതരമായി. പിന്നാലെ അദ്ദേഹം മരിച്ചു. കൃത്യമായി വ്യായാമം ചെയ്തിരുന്ന താരത്തിന്റെ അന്ത്യം എല്ലാവരേയും ഞെട്ടിച്ചു.

ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ ആരാധകവൃന്ദം ഉണ്ടായിരുന്ന താരമായിരുന്നു സിദ്ദാര്‍ത്ഥ് ശുക്ല. കഴിഞ്ഞ സെപ്തംബറിലാണ് ശുക്ല പൊടുന്നനെ മരിക്കുന്നത്. നാല്‍പതു വയസ്സേ ആയിട്ടുണ്ടായിരുന്നുള്ളൂ അദ്ദേഹത്തിന്. ബിഗ്‌ബോസ് 13-ലെയും ഖത്രോം കി ഖിലാഡി 7-ലെയും വിജയം, അഭിനയിച്ച പരമ്ബരകളേക്കാള്‍ ആരാധകരെ സിദ്ദാര്‍ത്ഥിന് നേടിക്കൊടുത്തിരുന്നു. ആഗോളമോഡല്‍ മത്സരത്തിലും വിജയിച്ച സിദ്ദാര്‍ത്ഥ് അറിയപ്പെടുന്ന ഫിറ്റ്‌നസ് ഫ്രീക്ക് ആയിരുന്നു. രാത്രി കിടക്കാന്‍ നേരത്ത് വല്ലായ്മ തോന്നി മരുന്നും കഴിച്ച്‌ കിടന്ന സിദ്ധാര്‍ത്ഥ് പിറ്റേന്ന് എഴുന്നേറ്റില്ല. ഹൃദയത്തിനേറ്റ കനത്ത ആഘാതമാണ് ആ ജീവന്‍ കൊണ്ടുപോയത്.

കന്നട സിനിമയില്‍ സ്വന്തം ഇരിപ്പിടമുണ്ടാക്കിയ യുവനേതാവ് ചിരഞ്ജീവി സര്‍ജയും പെട്ടെന്നൊരുനാള്‍ ലോകം വിട്ടുപോയി. 2020 ജൂണിലായിരുന്നു അന്ത്യം. ഹൃദയാഘാതം തന്നെ കാരണം. ഷോ ബിസിനസില്‍ ജോലി ചെയ്തിരുന്നതു കൊണ്ട് തന്നെ വ്യായാമത്തിലും ഭക്ഷണക്രമത്തിലും ശ്രദ്ധിച്ചിരുന്നവരാണ് ഈ ചെറുപ്പക്കാരെല്ലാം. എന്നിട്ടും ഇവര്‍ ഹൃദയാഘാതത്തിന് മുന്നില്‍ വീണുപോയത് എല്ലാവരേയും ഞെട്ടിച്ചു.

കൊവിഡുമായി ബന്ധപ്പെട്ട ചില പഠനങ്ങള്‍ ഈ സാഹചര്യത്തില്‍ പ്രസക്തമാണ്. ഹൃദ്രോഗസാധ്യത കൊവിഡ് കാലത്ത് എഴുപത് ശതമാനത്തിലധികം കൂടിയെന്നാണ് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പുറത്തുവന്ന ഒരു പഠനം വിലയിരുത്തിയത്. പക്ഷാഘാതസാധ്യതകളും കൂടിയത്രേ. ഇന്ത്യയില്‍ നിശബ്ദമായി പടരുന്ന പകര്‍ച്ചവ്യാധിയെന്നാണ് ഹൃദ്രോഗത്തെ കുറിച്ചുള്ള ഇന്ത്യന്‍ ഹാര്‍ട്ട് അസോസിയേഷന്റെയ മുന്നറിയിപ്പ്.

ഇന്ത്യന്‍പുരുഷന്‍മാരിലെ ഹൃദയാഘാതങ്ങളില്‍ അമ്ബതു ശതമാനവും 50 വയസ്സില്‍ താഴെ പ്രായമുള്ളവരില്‍ ആണെന്നും അസോസിയേഷന്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. സ്ത്രീകള്‍ക്ക് ഇടയിലെ ഹൃദ്രോഗബാധയും കൂടിയിട്ടുണ്ട്. ലോകത്തെ കണക്ക് നോക്കിയാല്‍ ഏറ്റവുമധികം ആളുകളുടെ മരണത്തിന് ഇടയാക്കുന്നത് ഹൃദ്രോഗങ്ങളാണ്,. രണ്ടാംസ്ഥാനത്തുള്ള ക്യാന്‍സര്‍ കാരണം മരിക്കുന്നതിനേക്കാള്‍ ഇരട്ടി പേരാണ് ഹൃദയരോഗങ്ങളാല്‍ മരിക്കുന്നത്.

ഹൃദ്രോഗബാധ കൂടുന്നതിന് എല്ലാ വിദഗ്ധരും ചൂണ്ടിക്കാട്ടുന്ന ഒരു പ്രധാനകാരണം ടെന്‍ഷന്‍ ആണ്. പിന്നെ പ്രമേഹവും. ചെയ്യുന്ന ജോലിയിലെ സമ്മര്‍ദം, ഒന്നാമത് എത്താനുള്ള സമ്മര്‍ദം, കൂടുതല്‍ നേടാനുള്ള സമ്മര്‍ദം, പിന്നിലായി പോവുമോ എന്ന ആശങ്ക, മത്സരത്തില്‍ വേറെ ആരൊക്കെ വരുമെന്ന ആശങ്ക. ചുരുക്കിപ്പറഞ്ഞാല്‍ ഒരു വിധം എല്ലാത്തിനും ആശങ്ക അഥവാ ടെന്‍ഷന്‍. ഇതു തന്നെയാണ് ശരീരത്തിനും മനസ്സിനും മേല്‍ സമ്മര്‍ദമേറ്റുന്നതും അസുഖങ്ങളുണ്ടാക്കുന്നതും.

മരുന്നിനുമപ്പുറം ഫലവത്താവുന്നത് ജീവിതശൈലിയും ജീവിതത്തെ കുറിച്ചുള്ള വീക്ഷണവും മാറുന്നതാകും. കാരണം നമുക്ക് പുറത്തുള്ള കാരണങ്ങളും (ഉദാ: വിലക്കയറ്റം) നമ്മുടെ ജീവിതത്തെ ബാധിക്കുമ്ബേവള്‍ അത് അറിഞ്ഞോ അറിയാതെയോ നമ്മുടെ മനസ്സിന്റെ സ്വസ്ഥതയേയും ബാധിക്കും. ആശങ്കയുണ്ടാക്കും. അത് ശരീരത്തില്‍ തുറന്നുവിടുന്ന രാസവസ്തുക്കള്‍ നന്നല്ല. അത് നമുക്ക് അസുഖങ്ങളുണ്ടാക്കും.

ശ്രദ്ധയില്‍ വെക്കേണ്ട ഒന്നുണ്ട്. ഇന്ത്യയുടെ സ്വന്തം യോഗ. ശാന്തിയും സമാധാനവും കൊണ്ടുവരാന്‍ പരിശീലിക്കാവുന്ന ഒന്ന്. ബ്രീത്തിങ് ടെക്‌നിക്കും വിവിധ പോസുകളും എല്ലാമായി സമ്ബൂര്‍ണ പാക്കേജ് ആണ് യോഗ. സമ്മര്‍ദ്ദമകറ്റാനും ദുര്‍മേദസ്സ് മാറ്റാനും ഗുണപ്പെടും.

പിന്നെ അവനനവന്റെര്‍ ശരീരത്തെ കുറിച്ച്‌ അമിത ആത്മവിശ്വാസം പുലര്‍ത്താതിരിക്കുക. കാഴ്ചക്കുള്ള ആരോഗ്യം ഉള്ളിലുമുണ്ടെന്ന് ഉറപ്പാക്കുക. നല്ല ഭക്ഷണം മിതമായി കഴിച്ച്‌, മദ്യവും പുകവലിയും ഒഴിവാക്കി, വ്യായാമം ആവശ്യത്തിന് ചെയ്ത്, മത്സരബുദ്ധി കുറച്ച്‌, സ്വയം രോഗം നിര്‍ണയിക്കാനോ മരുന്ന് വാങ്ങാനോ നില്‍ക്കാതെ ജീവിക്കുക.

അമിതാഹാരവും അമിതവ്യായാമവും അമിതാലോചനയും ഒഴിവാക്കുക. ഒന്നാമത് എത്തുക അത് എന്തിലാണെങ്കിലും, എന്നതല്ല ഏറ്റവും പ്രധാനം എന്നോര്‍ക്കുക. സ്വന്തം പേരുപോലും വേറെയാളുകള്‍ക്ക് വേണ്ടിയാണെന്ന് ഓര്‍ക്കുക. വിനയത്തോടെ ജീവിതത്തെ സ്‌നേഹിക്കുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക