ആലപ്പുഴ : ആലപ്പുഴ കലവൂരിന് സമീപം വളവനാട് ദേശീയപാതയില്‍ സ്പിരിറ്റ് ലോറി മറിഞ്ഞു. രാവിലെ 11മണിയോടെ ഉത്തര്‍പ്രദേശില്‍ നിന്ന് മാന്നാര്‍ ഷുഗര്‍ ഫാക്ടറിയിലേക്ക് സ്പിരിറ്റുമായി പോയ ടാങ്കര്‍ ലോറിയാണ് അപകടത്തില്‍ പെട്ടത്. അപകടസമയത്ത് ലോറി ഡ്രൈവറും ഒരു എക്സൈസ് ഉദ്യോഗസ്ഥനുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇരുവരെയും ചെറിയ പരിക്കുകളോടെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തെ തുടര്‍ന്ന് ലോറിയില്‍ നിന്ന് സ്പിരിറ്റ് ചോര്‍ച്ചയുണ്ടായിട്ടുണ്ട്. 30,000 ലിറ്റര്‍ സ്പിരിറ്റാണ് ഉണ്ടായിരുന്നത് എന്നാണ് എക്സൈസ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭ്യമായ വിവരം. ടാങ്കറിലെ പ്രഷര്‍ നിയന്ത്രിക്കാന്‍ അഗ്നിശമന സേനയുടെ 2 യൂണിറ്റ് എത്തി വെള്ളം ഒഴിച്ച്‌ തണുപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.അഗ്നിശമന സേന, പോലീസ്, എക്സൈസ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംയുക്തമായാണ് സ്ഥലത്തെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. അപകടം സംഭവിച്ചതറിഞ്ഞ് എംഎല്‍എ പി പി ചിത്തരഞ്ജന്‍ അപകടസ്ഥലം സന്ദര്‍ശിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തി. അപകടം നടന്നതറിഞ്ഞ് ജനങ്ങള്‍ കാണാനെത്തുന്ന സാഹചര്യം ഉണ്ടാവാന്‍ ഇടയുണ്ടെന്നും ഇത് പൂര്‍ണ്ണമായും ഒഴിവാക്കുവാന്‍ ആവശ്യമായ മുഴുവന്‍ നടപടികളും സ്വീകരിക്കണമെന്നും എംഎല്‍എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക