കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍ തിരിച്ചടി നേരിടുമ്ബോള്‍ വിജയാഘോഷം കെ.വി.തോമസിലേക്ക് കൂടി ഉന്നം വയ്ക്കുകയാണ് യുഡിഎഫ് ക്യാമ്ബ്. ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ കോണ്‍ഗ്രസ് ക്യാമ്ബ് വിട്ട് ചെറിയ തോതില്‍ ആശങ്കയുണ്ടാക്കിയ തോമസിനോടുള്ള പ്രതിഷേധം ആഹ്ലാദ പ്രകടനത്തിലൂടെ പ്രകടിപ്പിക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ കെ.വി.തോമസിനെതിരെ പ്രതിഷേധ മുദ്രാവാക്യവുമായി നേരത്തെ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.

ഉമ ലീഡ് ഉയര്‍ത്തിയതോടെ തിരുത മീനുമായി പ്രവര്‍ത്തകര്‍ നിരത്തിലെത്തി. തിരുത മീനുകള്‍ നിരത്തിവച്ച്‌ ‘തിരുത തോമസ് വേണോ, ഫ്രീയായി തരാം’ എന്ന് അണികള്‍. മറ്റ് ചില പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ പടക്കം പൊട്ടിച്ച്‌ ആഘോഷമാക്കി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീടിന് മുന്നില്‍ പ്രകടനം നടത്തി. സാമൂഹിക മാധ്യമങ്ങളിലും കെ.വി.തോമസിനെതിരായ വികാരമാണ് പ്രവര്‍ത്തകര്‍ പങ്കുവയ്ക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
Courtsey : Asianet You Tube Channel

‘നിന്നെ പിന്നെ കണ്ടോളാം’

ആദ്യറൗണ്ടില്‍ തന്നെ പ്രതീക്ഷിച്ചതിലും ഏറെ ലീഡ് ഉമാ തോമസ് പിടിച്ചതോടെ ആവേശഭരിതരായ കോണ്‍ഗ്രസ് പ്രവ‍ര്‍ത്തകര്‍ വോട്ടെണ്ണല്‍ കേന്ദ്രമായ എറണാകുളം മഹാരാജാസ് കോളേജിന് മുന്നില്‍ മുദ്രാവാക്യം വിളിയുമായി ഇറങ്ങിയിരുന്നു. പി.ടി.തോമസിനെ വാഴ്ത്തിയും ഉമാ തോമസിനെ അഭിനന്ദിച്ചുമുള്ള മുദ്രാവാക്യം വിളി പിന്നെ കെ.വി.തോമസിന് എതിരായി. ‘പ്രൊഫസര്‍ കെ.വി.തോമസ്, നിന്നെ പിന്നെ കണ്ടോളാം’ എന്നായിരുന്നു മുദ്രാവാക്യം.

കോണ്‍ഗ്രസ് വിലക്ക് ലംഘിച്ച്‌ കെ.വി.തോമസ് കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന് പിന്നാലെ അദ്ദേഹത്തിന്റെ ജന്മനാടായ കുമ്ബളങ്ങിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശവമഞ്ച യാത്ര നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് തോമസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് പ്രഖ്യാപിച്ചത്. തുടര്‍ന്ന് കെ.വി.തോമസിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നുവെങ്കിലും ഉപതെരഞ്ഞെടുപ്പ് കഴിയും വരെ കാത്തിരിക്കുകയായിരുന്നു പ്രവര്‍ത്തകര്‍ എന്നാണ് ഇപ്പോഴത്തെ ആഹ്ലാദ പ്രകടനങ്ങള്‍ തെളിയിക്കുന്നത്.

‘കെ-റെയില്‍ തിരിച്ചടിയായോ എന്ന് പരിശോധിക്കണം’

അതേസമയം തൃക്കാക്കരയില്‍ കെ-റെയില്‍ തിരിച്ചടിയായോ എന്ന് പരിശോധിക്കണം എന്നതായിരുന്നു കെ.വി.തോമസിന്റെ പ്രതികരണം. ഉമാ തോമസ് ലീഡ് ഉയര്‍ത്തി തുടങ്ങിയതോടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലും കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലും കെ-റെയിലിന് അനുകൂല നിലപാട് സ്വീകരിച്ചയായാളായിരുന്നു കെ.വി.തോമസ്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക